'ഇന്ത്യയെ പോലെ വിശ്വസ്തനായ സുഹൃത്തിനെ ലഭിച്ചത് ഭാഗ്യം'; വോട്ടിങ് ദിനത്തില്‍ ഇന്ത്യയെ പ്രശംസിച്ച് ഷെയ്ഖ് ഹസീന

'ഇന്ത്യയെ പോലെ വിശ്വസ്തനായ സുഹൃത്തിനെ ലഭിച്ചത് ഭാഗ്യം'; വോട്ടിങ് ദിനത്തില്‍ ഇന്ത്യയെ പ്രശംസിച്ച് ഷെയ്ഖ് ഹസീന

ധാക്ക: സാംസ്‌കാരികവും ഭാഷപരവുമായി ഏറെ ബന്ധം പുലര്‍ത്തുന്ന രാജ്യങ്ങളാണ് ഇന്ത്യയും ബംഗ്ലാദേശും. രാജ്യം ജനവിധി തേടുന്ന ദിനത്തില്‍ ഇന്ത്യയെ പ്രശംസിച്ച് രംഗത്തെത്തിയിരിക്കുകയാണ് ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീന. ഇന്ത്യയെ പോലെയൊരു സുഹൃത്തിനെ ലഭിച്ചത് ബംഗ്ലാദേശിന്റെ ഭാഗ്യമാണെന്ന് പ്രധാനമന്ത്രി പറയുന്നു.

1971 ലെ വിമോചന യുദ്ധത്തില്‍ ഇന്ത്യ നല്‍കിയ പിന്തുണയെ കുറിച്ചും അവര്‍ എടുത്തു പറഞ്ഞു. 1975 ന് ശേഷം മുഴുവന്‍ കുടുംബത്തെ വരെ നഷ്ടപ്പെട്ട സമയത്ത് അഭയം നല്‍കിയ രാഷ്ട്രമാണ് ഇന്ത്യ. ആ വര്‍ഷത്തെ കൂട്ടക്കൊലയില്‍ ഷെയ്ഖ് ഹസീനയ്ക്ക് തന്റെ കുടുംബത്തെ നഷ്ടമായിരുന്നു. പിന്നീട് അഭയാര്‍ത്ഥിയായി വര്‍ഷങ്ങളോളം ഇന്ത്യയില്‍ ജീവിച്ചു. പിന്നാലെ ബംഗ്ലാദേശില്‍ തിരിച്ചെത്തി അവാമി പാര്‍ട്ടിയുടെ ഭരണമേറ്റെടുക്കുകയായിരുന്നു. രാജ്യത്തിന്റെ പുരോഗതിക്കായി ജനാധിപത്യത്തിന്റെ പ്രാധാന്യത്തെ കുറിച്ചും അവര്‍ പറഞ്ഞു. വോട്ട് രേഖപ്പെടുത്തിയതിന് പിന്നാലെ ജനങ്ങളെ അഭിസംബോധന ചെയ്യുകയായിരുന്നു അവര്‍.

നമ്മുടെ രാജ്യം സ്വതന്ത്രവും പരമാധികാരവുമാണ്. വളരെ വലിയ ജനസംഖ്യയുള്ള രാജ്യത്ത് ജനാധിപത്യം തുടരണമെന്നും ജനാധിപത്യമില്ലാതെ ഒരു വികസനവും നടത്താന്‍ കഴിയില്ലെന്ന് ഉറപ്പാണെന്നും ഷെയ്ഖ് ഹസീന പറഞ്ഞു. 2009 മുതല്‍ 2023 വരെയുള്ള ദീര്‍ഘകാല ജനാധിപത്യ സംവിധാനത്തിന് കീഴില്‍ രാജ്യമേറെ പുരോഗതി കൈവരിച്ചെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

ജനങ്ങള്‍ക്ക് ഇന്ന് ഭയപ്പാടില്ലാതെ പുറത്തിറങ്ങാം, വോട്ട് രേഖപ്പെടുത്താം. അതിനുള്ള അന്തരീക്ഷം ഇന്ന് രാജ്യത്ത് സംജാതമാണെന്നും ഷെയ്ഖ് ഹസീന വ്യക്തമാക്കി.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.