അഖിലേന്ത്യാ ടൂറിസ്റ്റ് പെര്‍മിറ്റ്: കെഎസ്ആര്‍ടിസിയുടെ വാദങ്ങള്‍ തള്ളി കേന്ദ്ര സര്‍ക്കാര്‍; റോബിന്‍ ഉടമയ്ക്ക് ആശ്വാസം

അഖിലേന്ത്യാ ടൂറിസ്റ്റ് പെര്‍മിറ്റ്: കെഎസ്ആര്‍ടിസിയുടെ വാദങ്ങള്‍ തള്ളി കേന്ദ്ര സര്‍ക്കാര്‍; റോബിന്‍ ഉടമയ്ക്ക്  ആശ്വാസം

കൊച്ചി: അഖിലേന്ത്യാ ടൂറിസ്റ്റ് പെര്‍മിറ്റ് വിഷയത്തില്‍ കെഎസ്ആര്‍ടിസിയുടെ വാദങ്ങള്‍ക്കെതിരെ ഹൈക്കോടതിയില്‍ കേന്ദ്ര സര്‍ക്കാര്‍. അഖിലേന്ത്യാ ടൂറിസ്റ്റ് പെര്‍മിറ്റിലെ പുതിയ ചട്ടപ്രകാരം ദേശസല്‍കൃത റൂട്ടുകളില്‍ യാത്രക്കാരെ കയറ്റാനും ഇറക്കാനും ടൂറിസ്റ്റ് ബസുകള്‍ക്ക് കഴിയുമെന്ന് കേന്ദ്രം സമര്‍പ്പിച്ച സത്യവാങ്മൂലം വ്യക്തമാക്കുന്നു.

ഇത്തരം നടപടി മോട്ടോര്‍ വാഹന നിയമത്തിലെ വ്യവസ്ഥകള്‍ക്ക് വിരുദ്ധമാണെന്നുള്ള കെഎസ്ആര്‍ടിസിയുടെ വാദം കേന്ദ്ര സര്‍ക്കാര്‍ നിഷേധിച്ചു. ടൂറിസ്റ്റ് പെര്‍മിറ്റുള്ള വാഹനങ്ങള്‍ക്ക് ദേശസാല്‍കൃത റൂട്ടുകളിലടക്കം സര്‍വീസ് നടത്താവുന്നതാണ്.

വിനോദ സഞ്ചാരികളെ ഒറ്റയ്ക്കും കൂട്ടമായും കൊണ്ടു പോകാന്‍ ഓള്‍ ഇന്ത്യ ടൂറിസ്റ്റ് പെര്‍മിറ്റ് വാഹനങ്ങള്‍ക്ക് സാധിക്കുമെന്നും കേന്ദ്ര സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു. അഖിലേന്ത്യാ ടൂറിസ്റ്റ് പെര്‍മിറ്റ് ബസുകള്‍ കോണ്‍ട്രാക്ട് കാര്യോജായി മാത്രം സര്‍വീസ് നടത്താനാണ് 2023 ചട്ടപ്രകാരം അനുമതിയുള്ളത്.

മോട്ടോര്‍ വാഹന നിയമ പ്രകാരം വിനോദ സഞ്ചാരം പ്രോത്സാഹിപ്പിക്കാന്‍ ടൂറിസ്റ്റ് വാഹനങ്ങള്‍ക്ക് ഓള്‍ ഇന്ത്യ പെര്‍മിറ്റ് നല്‍കാന്‍ കേന്ദ്ര സര്‍ക്കാരിന് അധികാരമുണ്ടെന്നും ഇതിനെ തുടര്‍ന്നാണ് ഓള്‍ ഇന്ത്യ ടൂറിസ്റ്റ് വെഹിക്കിള്‍സ് (പെര്‍മിറ്റ്) റൂള്‍സ് രൂപികരിച്ചതെന്നും കെഎസ്ആര്‍ടിസി നല്‍കിയ ഹര്‍ജിയില്‍ കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയം അണ്ടര്‍ സെക്രട്ടറി സുശീല്‍ കുമാറ ജീവ സമര്‍പ്പിച്ച് എതിര്‍ സത്യവാങ്മൂലത്തില്‍ വ്യക്തമാക്കുന്നു.

ഓള്‍ ഇന്ത്യ ടൂറിസ്റ്റ് വെഹിക്കിള്‍സ് (പെര്‍മിറ്റ്) മോട്ടോര്‍ വാഹന നിയമത്തിലെ രണ്ടു വകുപ്പുകള്‍ക്ക് വിരുദ്ധമാണെന്ന കെഎസ്ആര്‍ടിസിയുടെ വാദം നിലനില്‍ക്കില്ല. ഹര്‍ജിലെ ഒരു വാദവും നിലനില്‍ക്കുന്നതല്ലെന്നും കേന്ദ്ര സര്‍ക്കാര്‍ ഹൈക്കോടതിയില്‍ സമര്‍പ്പിച്ച എതിര്‍സത്യവാങ്മൂലത്തില്‍ പറയുന്നു.

പത്തനംതിട്ട-കോയമ്പത്തൂര്‍ റൂട്ടില്‍ സര്‍വീസ് നടത്തുന്ന റോബിന്‍ ബസ് അടക്കം നല്‍കിയ ഹര്‍ജിയില്‍ കൂടിയാണ് കേന്ദ്രം നിലപാട് അറിയിച്ചത്. ഇതോടെ റോബിന്‍ ഉടമ ഗിരീഷ് പറഞ്ഞ വാദങ്ങള്‍ ശരിയാണെന്നാണ് കേന്ദ്രവും ഹൈക്കോടതിയില്‍ നിലപാട് എടുത്തത്. കേന്ദ്രം നിലപാട് വ്യക്തമാക്കിയ പശ്ചാത്തലത്തില്‍ ജസ്റ്റിസ് ദിനേഷ് കുമാര്‍ സിങിന്റെ ബെഞ്ച് ജനുവരി പത്തിന് വീണ്ടും കേസ് പരിഗണിക്കും.

കെഎസ്ആര്‍ടിസിയെപ്പോലുള്ള സ്റ്റേജ് കാര്യേജ് ഓപ്പറേറ്റര്‍മാരെ ദോഷകരമായി ബാധിക്കുമെന്നതിനാല്‍ ഓള്‍ ഇന്ത്യ ടൂറിസ്റ്റ് വാഹനങ്ങള്‍ക്ക് സ്റ്റേജ് ക്യാരേജുകളായി പ്രവര്‍ത്തിക്കാന്‍ അനുമതി നല്‍കരുതെന്ന് ജസ്റ്റിസ് ദിനേശ് കുമാര്‍ സിങ് നേരത്തെ ഉത്തരവിട്ടിരുന്നു.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.