കർഷക സമരം; രണ്ട് സുപ്രധാന ഹർജികൾ ഇന്ന് സുപ്രീം കോടതിയിൽ

കർഷക സമരം; രണ്ട് സുപ്രധാന ഹർജികൾ ഇന്ന് സുപ്രീം കോടതിയിൽ

ന്യൂഡൽഹി: കര്‍ഷക സമരവുമായി ബന്ധപ്പെട്ട രണ്ട് സുപ്രധാന ഹര്‍ജികള്‍ ഇന്ന് വീണ്ടും സുപ്രീംകോടതിയില്‍. റിപ്പബ്ലിക് ദിനത്തിലെ ട്രാക്ടർ മാർച്ച് തടയണമെന്നാവശ്യപ്പെട്ട് ഡൽഹി പൊലീസ് നൽകിയ ഹർജിയിൽ ചിഫ് ജസ്റ്റിസ് എസ് എ ബോബ്ഡെ അധ്യക്ഷനായ ബെഞ്ച് വാദം കേള്‍ക്കും. കര്‍ഷക സമരത്തില്‍ ഖലിസ്ഥാനികള്‍ നുഴഞ്ഞുകയറിയെന്ന ആരോപണത്തില്‍ കേന്ദ്രം സത്യവാങ്മൂലവും സമര്‍പ്പിച്ചേക്കും.

ചർച്ചയ്ക്കായി നിയോഗിച്ച നാലംഗ സമിതിയെ പിരിച്ചുവിടണമെന്നാവശ്യപ്പെട്ട് ഭാരതീയ കിസാന്‍ യൂണിയന്‍ ലോക്ശക്തി വിഭാഗം നല്‍കിയ ഹർജിയും ഇന്ന് കോടതി പരിഗണിച്ചേക്കും. സമിതിയില്‍ നിന്ന് കര്‍ഷക നോതാവ് ഭുപീന്ദര്‍ സിങ് മന്‍ കഴിഞ്ഞ ദിവസം പിന്‍മാറിയിരുന്നു. അംഗങ്ങളെല്ലാവരും വിവാദ നിയമങ്ങളെ പിന്തുണക്കുന്നവരായതിനാല്‍ സമിതിയുടെ പ്രവര്‍ത്തനം നിഷ്പക്ഷമായിരിക്കില്ലെന്നതാണ്  ഹർജിക്കാരുടെ വാദം. ട്രാക്ടര്‍ മാര്‍ച്ച് കോടതി തടഞ്ഞാല്‍ സ്വീകരിക്കേണ്ട തുടര്‍നടപടികള്‍ ചര്‍ച്ചചെയ്യാന്‍ കര്‍ഷക സംഘടനകള്‍ യോഗം ചേരും. സമരത്തിന്റെ ഭാഗമായി വനിതാ കർഷകരുടെ മാർച്ച് ഇന്ന് നടക്കും. 

വിദഗ്ദ്ധ സമിതിയിൽ നിലവിൽ അശോക് ഗുലാത്തി, പ്രമോദ് കുമാർ ജോഷി, അനിൽ ഗൻവാദ് എന്നിവരാണുള്ളത്. വിദഗ്ദ്ധസമിതി അംഗങ്ങളുടെ ആദ്യ യോഗം ഇന്ന് ഡൽഹിയിലെ ഐസിഎആർ സ്ഥിതി ചെയ്യുന്ന പുസ ക്യാമ്പസിൽ ചേരും. കർഷക പ്രതിനിധികളുമായുള്ള ചർച്ചകൾ 21 മുതൽ ആരംഭിക്കുമെന്ന് അനിൽ ഗൻവാദ് പറഞ്ഞു. ഇരു വിഭാഗങ്ങളുമായി സംസാരിച്ച് കർഷകരുടേയും കേന്ദ്രത്തിന്റെയും ആശങ്കകൾ കണ്ടെത്തി സുപ്രീംകോടതിയ്ക്ക് റിപ്പോർട്ട് സമർപ്പിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.