സിഡ്‌നിയില്‍ പാലസ്തീന്‍ പതാക പ്രദര്‍ശിപ്പിച്ച കുടുംബത്തിന് ബോംബ് ഭീഷണി; വീടിനു മുന്നില്‍ പാര്‍ക്ക് ചെയ്ത കാറില്‍ സ്‌ഫോടക വസ്തുക്കള്‍; അപലപിച്ച് രാഷ്ട്രീയ നേതൃത്വം

സിഡ്‌നിയില്‍ പാലസ്തീന്‍ പതാക പ്രദര്‍ശിപ്പിച്ച കുടുംബത്തിന് ബോംബ് ഭീഷണി; വീടിനു മുന്നില്‍ പാര്‍ക്ക് ചെയ്ത കാറില്‍ സ്‌ഫോടക വസ്തുക്കള്‍; അപലപിച്ച് രാഷ്ട്രീയ നേതൃത്വം

സിഡ്‌നി: ഗാസയിലെ ഇസ്രയേല്‍-ഹമാസ് സംഘര്‍ഷം വിവിധ രാജ്യങ്ങളിലെ ഭരണകൂടങ്ങള്‍ക്കും തലവേദനയാകുകയാണ്. രാജ്യങ്ങളുടെ ദേശീയ സുരക്ഷയെ പോലും ബാധിക്കുന്ന വിധമാണ് സംഘര്‍ഷ സാധ്യതകള്‍ ഉടലെടുക്കുന്നത്. ഓസ്‌ട്രേലിയന്‍ നഗരമായ സിഡ്നിയില്‍ ജനങ്ങളുടെ സുരക്ഷയ്ക്ക് ഗുരുതരമായ ഭീഷണി ഉയര്‍ത്തിയ സംഭവമാണ് അതില്‍ ഏറ്റവും പുതിയത്. പോലീസിന്റെ സമയോചിതമായ ഇടപെടലാണ് വലിയ ദുരന്തം ഒഴിവാക്കിയത്.

വീടിനു മുന്നില്‍ പാലസ്തീന്‍ പതാക സ്ഥാപിച്ച യുവാവിനു നേരെ കാര്‍ ബോംബ് ഭീഷണി. വീടിനു മുന്നില്‍ പാര്‍ക്ക് ചെയ്തിരുന്ന കാറില്‍ സ്‌ഫോടക വസ്തുക്കള്‍ കണ്ടെത്തി. വാഹനത്തിന്റെ ബോണറ്റില്‍ നിന്ന് ഇന്ധനം സംഭരിക്കുന്ന ജെറി ഫ്യുവല്‍ കാന്‍, പഴന്തുണികള്‍, സിഗരറ്റ് ലൈറ്റര്‍, വലിയ ബോള്‍ട്ടുകള്‍ എന്നിവ ഉപയോഗിച്ച് നിര്‍മ്മിച്ച സ്‌ഫോടകവസ്തുക്കളാണ് കണ്ടെത്തിയത്.

സിഡ്‌നിക്കു സമീപമുള്ള ബോട്ടണി എന്ന സ്ഥലത്താണ് സംഭവം. പാലസ്തീന്‍ അനുകൂലിയായ യുവാവ് വീടിനു മുന്നിലെ വഴിയില്‍ പലസ്തീന്‍ പതാകയും ഗാസ യുദ്ധത്തെക്കുറിച്ചുള്ള പ്രസ്താവനകളുള്ള ബോര്‍ഡും പ്രദര്‍ശിപ്പിച്ചിരുന്നു. ഇതിനു മുന്നില്‍ പാര്‍ക്ക് ചെയ്ത കാറില്‍ നിന്നാണ് സ്ഫോടകവസ്തുക്കള്‍ ബോംബ് സ്‌ക്വാഡ് പിടിച്ചെടുത്തത്. തുടര്‍ന്ന് ഇവ നിര്‍വീര്യമാക്കി. ബോംബ് സ്ഥാപിച്ച പ്രതികള്‍ക്കു വേണ്ടി പോലീസ് അന്വേഷണം ആരംഭിച്ചു.

വെള്ളിയാഴ്ച്ച ഉച്ചയോടെയാണ് സ്‌ഫോടക വസ്തുക്കള്‍ കണ്ടെത്തിയത്. രാത്രിയിലാണ് ഇവ സ്ഥാപിച്ചതെന്ന് കരുതുന്നു.

കാറിന്റെ ബോണറ്റില്‍ സംശയാസ്പദമായ ഒരു വസ്തു വെച്ചിട്ടുണ്ടെന്ന് അറിയിച്ചതിനെതുടര്‍ന്നാണ് പോലീസ് യുവാവിന്റെ വീട്ടിലെത്തിയത്. സ്‌ഫോടക വസ്തുക്കള്‍ക്കൊപ്പം ഒരു കുറിപ്പും കാറിനുള്ളില്‍ നിന്നും ലഭിച്ചു. 'മതി! പതാക താഴ്ത്തൂ! ഒരു അവസരം നല്‍കാം' എന്നായിരുന്നു കുറിപ്പില്‍ എഴുതിയിരുന്നത്. അതേസമയം, ബോംബ് ഭീഷണി ഉയര്‍ന്നതിനെ തുടര്‍ന്ന് നാട്ടുകാരും ആശങ്കയിലാണ്. തങ്ങള്‍ സുരക്ഷിതത്വം നഷ്ടപ്പെട്ടതായി പ്രദേശവാസിയായ സ്ത്രീ പറഞ്ഞു.

സംഭവത്തെതുടര്‍ന്ന് സാമൂഹിക ഐക്യം നിലനിര്‍ത്താനും യുദ്ധത്തെക്കുറിച്ച് ആരോഗ്യകരമായ സംവാദങ്ങള്‍ പ്രോല്‍സാഹിപ്പിക്കാനും പ്രധാന രാഷ്ട്രീയ പാര്‍ട്ടികള്‍ ആഹ്വാനം ചെയ്തു.

ഒക്ടോബര്‍ ഏഴിന് ഇസ്രയേലിനെതിരേ ഹമാസില്‍ നിന്നുണ്ടായ അപ്രതീക്ഷിത ആക്രമണത്തെ തുടര്‍ന്നുണ്ടായ യുദ്ധം അമേരിക്ക, ഓസ്‌ട്രേലിയ ഉള്‍പ്പെടെയുള്ള രാജ്യങ്ങളിലും വലിയ ആശങ്കയാണ് സൃഷ്ടിക്കുന്നത്. വലിയ ജൂത, മുസ്ലീം ജനസംഖ്യയുള്ള ഓസ്‌ട്രേലിയ, ഇസ്രായേല്‍-ഹമാസ് യുദ്ധത്തെത്തുടര്‍ന്ന് ഉയര്‍ന്ന പിരിമുറുക്കമാണ് അനുഭവിക്കുന്നത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.