'ബിജെപി-ആര്‍എസ്എസ് പരിപാടി': അയോധ്യയിലെ രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങില്‍ പങ്കെടുക്കേണ്ടതില്ലെന്ന് കോണ്‍ഗ്രസ് തീരുമാനം

'ബിജെപി-ആര്‍എസ്എസ് പരിപാടി':  അയോധ്യയിലെ രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങില്‍ പങ്കെടുക്കേണ്ടതില്ലെന്ന് കോണ്‍ഗ്രസ് തീരുമാനം

ന്യൂഡല്‍ഹി: അയോധ്യയിലെ രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങില്‍ പങ്കെടുക്കേണ്ടതില്ലെന്ന് കോണ്‍ഗ്രസ് തീരുമാനം. അയോധ്യയില്‍ നടക്കാന്‍ പോകുന്നത് ബിജെപി- ആര്‍എസ്എസ് പരിപാടിയാണെന്നും കോണ്‍ഗ്രസ് നേതാക്കള്‍ പറഞ്ഞു. ജനുവരി 22 നാണ് രാമക്ഷേത്ര പ്രതിഷ്ഠ.

ക്ഷണം ലഭിച്ച കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ, സോണിയ ഗാന്ധി, ലോക്‌സഭയിലെ കോണ്‍ഗ്രസ് കക്ഷി നേതാവ് അധിര്‍ രഞ്ജന്‍ ചൗധരി എന്നിവര്‍ ക്ഷണം നിരസിച്ചു. അയോധ്യയെ രാഷ്ട്രീയ പദ്ധതിയാക്കി മാറ്റിയെന്നാണ് കോണ്‍ഗ്രസിന്റെ ആരോപണം.

മുമ്പ് ക്ഷണം കിട്ടിയപ്പോള്‍ തന്നെ ആലോചിച്ച് നിലപാട് വ്യക്തമാക്കുമെന്ന് കോണ്‍ഗ്രസ് പറഞ്ഞിരുന്നു. കോണ്‍ഗ്രസ് നിലപാട് പ്രഖ്യാപിക്കാന്‍ വൈകുന്നതില്‍ ഇന്ത്യ മുന്നണിയിലെ കക്ഷികള്‍ക്ക് അതൃപ്തിയുണ്ടായിരുന്നു. കേരളത്തില്‍ മുസ്ലീം ലീഗ്, സമസ്ത തുടങ്ങിയവര്‍ ബിജെപിയുടെ കെണിയില്‍ വീഴരുതെന്ന മുന്നറിയിപ്പും കോണ്‍ഗ്രസിന് നല്‍കിയിരുന്നു.

കോണ്‍ഗ്രസിന്റെ മൂന്ന് നേതാക്കള്‍ക്കായിരുന്നു വിശ്വ ഹിന്ദു പരിഷത്ത് ക്ഷണക്കത്ത് നല്‍കിയിരുന്നത്. സോണിയ ഗാന്ധിയോ അവര്‍ നിര്‍ദേശിക്കുന്ന ഒരു നേതാവോ പ്രതിഷ്ഠാ ചടങ്ങില്‍ പങ്കെടുക്കുമെന്നാണ് പുറത്തു വന്നിരുന്ന അഭ്യൂഹങ്ങള്‍. വ്യക്തിപരമായി സോണിയ പങ്കെടുത്തേക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

ആദരവോടുകൂടി പരിപാടിയില്‍ പങ്കെടുക്കാനുള്ള ക്ഷണം നിരസിക്കുന്നുവെന്നാണ് പാര്‍ട്ടി നിലപാട് വ്യക്തമാക്കി ജയറാം രമേശ് അറിയിച്ചത്. ക്ഷേത്രത്തിന്റെ നിര്‍മാണം പോലും പൂര്‍ത്തിയാക്കുന്നതിന് മുമ്പ് പ്രതിഷ്ഠാ ചടങ്ങ് നടത്തുന്നതും പ്രധാനമന്ത്രി നരേന്ദ്ര മോഡിയെ മുഖ്യ ആകര്‍ഷണമാക്കി മാറ്റുന്നതും ഇത് രാഷ്ട്രീയ പരിപാടിയാക്കി മാറ്റുന്നതിന് മുന്നോടിയാണെന്നും കോണ്‍ഗ്രസ് പ്രതികരിച്ചു.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.