വൈബ്രന്റ് ഗുജറാത്ത് ആഗോള ഉച്ചകോടി; യു.എ.ഇയും ഇന്ത്യയും നിരവധി ധാരണാപത്രങ്ങളില്‍ ഒപ്പുവച്ചു

വൈബ്രന്റ് ഗുജറാത്ത് ആഗോള ഉച്ചകോടി; യു.എ.ഇയും ഇന്ത്യയും നിരവധി ധാരണാപത്രങ്ങളില്‍ ഒപ്പുവച്ചു

ദുബായ്: പ്രധാനമന്ത്രി നരേന്ദ്ര മോഡിയും യു.എ.ഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാനും തമ്മില്‍ ഇന്ത്യയില്‍ നടന്ന ഉഭയകക്ഷി ചര്‍ച്ചയെതുടര്‍ന്ന് നിരവധി ധാരണാ പത്രങ്ങളില്‍ ഒപ്പുവച്ചു. ഇരു രാജ്യങ്ങള്‍ തമ്മിലുള്ള ബന്ധം കൂടുതല്‍ ശക്തിപ്പെടുത്താന്‍ ഇത് സഹായിക്കുമെന്നാണ് വിലയിരുത്തല്‍.

'വൈബ്രന്റ് ഗുജറാത്ത് ആഗോള ഉച്ചകോടി'യുടെ പത്താം എഡിഷനിലേക്ക് മുഖ്യാതിഥിയായി യു.എ.ഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാനെയാണ് ക്ഷണിച്ചത്. ഇന്ത്യയുടെ പ്രധാന കയറ്റുമതി പങ്കാളിയാണ് യുഎഇ. സാമ്പത്തിക, നിക്ഷേപ സഹകരണ രംഗത്ത് വന്‍ കുതിച്ചുചാട്ടം നടത്താന്‍ ലക്ഷ്യമിടുന്നതാണ് കരാറുകള്‍.

ആരോഗ്യ സംരക്ഷണം, ഫുഡ് പാര്‍ക്കുകളുടെ വികസനം, പുനരുപയോഗ ഊര്‍ജം എന്നീ മേഖലകളില്‍ ഇന്ത്യ യു.എ.ഇയുമായി കരാറിലെത്തി.

ചൊവ്വാഴ്ച ഗുജറാത്ത് ഉച്ചകോടിയില്‍ പങ്കെടുക്കാനായി അഹമ്മദാബാദ് സര്‍ദാര്‍ വല്ലഭായ് പട്ടേല്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ എത്തിയ യു.എ.ഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന് ഗംഭീര വരവേല്‍പ്പാണ് നല്‍കിയത്. സഹോദരന് ഇന്ത്യയിലേക്ക് സ്വാഗതം എന്ന് പറഞ്ഞാണ് മോഡി യു.എ.ഇ പ്രസിഡന്റിനെ വരവേറ്റത്. പ്രധാനമന്ത്രിക്കൊപ്പം റോഡ്ഷോയിലും ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്‍ പങ്കെടുത്തു.

വൈബ്രന്റ് ഗുജറാത്തിലെ ഷെയ്ഖ് സായിദ് അല്‍ നഹ്യാന്റെ പങ്കാളിത്തവും പുതിയ കരാറുകളില്‍ ഒപ്പിട്ടതും ഇന്ത്യ-യു.എ.ഇ സഹകരണത്തെ പുതിയ തലങ്ങളിലേക്ക് എത്തിക്കുമെന്നാണ് വിലയിരുത്തല്‍. നേരത്തെ പ്രധാനമന്ത്രി നരേന്ദ്ര മോഡിയും ഷെയ്ഖ് മുഹമ്മദും പങ്കെടുത്ത വെര്‍ച്വല്‍ ഉച്ചകോടിയില്‍ ഒപ്പുവെച്ച കരാര്‍ ഇരു രാഷ്ട്രങ്ങളും തമ്മിലെ വ്യാപാരബന്ധം കൂടുതല്‍ ദൃഢമാക്കിയിരുന്നു. 2022-2023 സാമ്പത്തിക വര്‍ഷത്തില്‍ യു.എ.ഇ-ഇന്ത്യ വ്യാപാരം സര്‍വകാല റെക്കോഡിലെത്തിയിരുന്നു

ചെക്ക് പ്രധാനമന്ത്രി പീറ്റര്‍ ഫിയാല, മൊസാംബിക്ക് പ്രസിഡന്റ് ഫിലിപ്പെ ജസിന്റോ ന്യൂസി, തിമോര്‍-ലെസ്റ്റെ പ്രസിഡന്റ് ജോസ് റാമോസ് ഹോര്‍ട്ട എന്നിവരും ഉച്ചകോടിയില്‍ പങ്കെടുത്തു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.