മൊഹാലി: അഫ്ഗാനിസ്ഥാനെതിരായ ആദ്യ ട്വന്റി 20യില്‍ ഇന്ത്യക്ക് ആറ് വിക്കറ്റിന്റെ ജയം. അഫ്ഗാന്‍ ഉയര്‍ത്തിയ 159 റണ്‍സ് വിജയലക്ഷ്യം ഇന്ത്യ നാല് വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി 15 പന്ത് ബാക്കിനില്‍ക്കെ ലക്ഷ്യംകണ്ടു. സ്‌കോര്‍: അഫ്ഗാനിസ്ഥാന്‍- 158/5 (20), ഇന്ത്യ- 159/4 (17.3).
ഒരു വിക്കറ്റും 40 പന്തില്‍ 60 റണ്‍സുമായി ബാറ്റിംഗിലും തിളങ്ങിയ ശിവം ദുബെയുടെ ഓള്‍റൗണ്ട് മികവാണ് ഇന്ത്യക്ക് ജയമൊരുക്കിയത്. 159 റണ്‍സ് വിജയലക്ഷ്യം തേടിയിറങ്ങിയ ഇന്ത്യക്ക് നായകന്‍ രോഹിത് ശര്‍മ്മയെ ഇന്നിംഗ്സിലെ രണ്ടാം പന്തില്‍ നഷ്ടമായി. ഗില്ലുമായുള്ള ആശയക്കുഴപ്പത്തെതുടര്‍ന്ന് റണ്ണൗട്ടില്‍ കുരുങ്ങുകയായിരുന്നു ഇന്ത്യന്‍ നായകന്‍.
ഓപ്പണര്‍ ശുഭ്മാന്‍ ഗില്‍ തുടര്‍ച്ചയായ ബൗണ്ടറികളുമായി മികച്ച തുടക്കം കുറിച്ചു. എന്നാല്‍ മുജീബ് ഉര്‍ റഹ്‌മാനെ കയറിയടിക്കാനുള്ള ശ്രമത്തിനിടെ പുറത്തായി. 12 പന്തില്‍ 23 റണ്‍സായിരുന്നു ഗില്ലിന്റെ സമ്പാദ്യം.
മൂന്നാം നമ്പറിലെത്തിയ തിലക് വര്‍മ 26 റണ്‍സും ജിതേഷ് ശര്‍മ 20 പന്തില്‍ 31 റണ്‍സും നേടി നിര്‍ണായക സംഭാവന നല്‍കി. റിങ്കു സിംഗ് 9 പന്തില്‍ നിന്ന് 16 റണ്‍സുമായി ദുബെയ്‌ക്കൊപ്പം പുറത്താകാതെ നിന്നു. 38 പന്തില്‍ അര്‍ധസെഞ്ചുറി തികച്ച ദുബെ തുടര്‍ച്ചയായ പന്തുകളില്‍ സിക്‌സും ഫോറും പറത്തിയാണ് ഇന്ത്യയ്ക്ക് അനായാസ ജയം സമ്മാനിച്ചത്.
നേരത്തെ, ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിറങ്ങിയ അഫ്ഗാന്‍ നിശ്ചിത ഓവറില്‍ 5 വിക്കറ്റ് നഷ്ടത്തില്‍ 158 റണ്‍സ് നേടി. 27 പന്തില്‍ നിന്നും 42 റണ്‍സെടുത്ത ഓള്‍റൗണ്ടര്‍ മുഹമ്മദ് നബിയാണ് അഫ്ഗാന് പൊരുതാനുള്ള സ്‌കോര്‍ സമ്മാനിച്ചത്. ആദ്യ പത്തോവറിനുള്ളില്‍ മൂന്നിന് 57 എന്ന നിലയില്‍ തകര്‍ന്ന അഫ്ഗാന്‍ അവസാന പത്തോവറില്‍ 101 റണ്‍സ് കൂട്ടിച്ചേര്‍ത്തു.
റഹ്‌മാനുള്ള ഗുര്‍ബാസ് (23), അഫ്ഗാന്‍ നായകന്‍ സദ്രാന്‍ (22 പന്തില്‍ 25) എന്നിവരും മികച്ച സംഭാവന നല്‍കി. ജനുവരി 14ന് ഇന്‍ഡോറിലാണ് മൂന്ന് മല്‍സരങ്ങളുടെ ടി20 പരമ്പരയിലെ രണ്ടാം മത്സരം.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.