സനാ: യെമനിലെ ഹൂതി കേന്ദ്രങ്ങള്‍ക്ക് നേരെ അമേരിക്കയുടെയും ബ്രിട്ടന്റെയും സംയുക്ത വ്യോമാക്രമണം. ചെങ്കടലില്‍ ചരക്കു കപ്പലുകള്‍ക്ക് നേരെയുള്ള ഹൂതി ആക്രമണങ്ങള്‍ക്ക് മറുപടിയായാണ് തിരിച്ചടി. തലസ്ഥാന നഗരമായ സനാ, ചെങ്കടല്‍ തുറമുഖമായ ഹുദെദ, ഹൂതി ശക്തി കേന്ദ്രമായ സാദ, ധമര്‍ നഗരം തുടങ്ങി പത്തിടങ്ങളില്‍ ബോംബിട്ടു.
വ്യോമാക്രമണത്തിനു പുറമെ കപ്പലുകള്‍, അന്തര്‍വാഹിനി എന്നിവ ഉപയോഗിച്ചും ആക്രമണം കടുപ്പിച്ചു. ചരക്കു കപ്പലുകള്‍ സംരക്ഷിക്കാനുള്ള നടപടികള്‍ക്ക് ഇന്ത്യയും പിന്തുണയറിയിച്ചു. വിദേശകാര്യ മന്ത്രി എസ്. ജയശങ്കര്‍ അമേരിക്കന്‍ സ്റ്റേറ്റ് സെക്രട്ടറിയുമായി ആന്റണി ബ്ലിങ്കനുമായി ആശയ വിനിമയം നടത്തി.
തിരിച്ചടിക്കുമെന്ന് ഹൂതികള്‍ ഭീഷണി മുഴക്കി. അമേരിക്കയ്ക്ക് പിന്തുണ നല്‍കുന്ന രാജ്യങ്ങള്‍ക്കും തിരിച്ചടിയുണ്ടാകുമെന്നാണ് ഹൂതികളുടെ മുന്നറിയിപ്പ്. ഇതോടെ പശ്ചിമേഷ്യ കനത്ത യുദ്ധഭീതിയിലാണ്.
ഹൂതികള്‍ നടത്തിയ ആക്രമണത്തെ കഴിഞ്ഞ ദിവസം ചേര്‍ന്ന യു.എന്‍ രക്ഷാസമിതി അപലപിച്ച പശ്ചാത്തലത്തില്‍ സൈനിക നടപടിക്ക് നയതന്ത്ര പിന്തുണ ഉണ്ടെന്നാണ് അമേരിക്കയും ബ്രിട്ടനും വിലയിരുത്തുന്നത്.
ഇന്നലെ അര്‍ധരാത്രി ചേര്‍ന്ന ബ്രിട്ടീഷ് മന്ത്രിസഭാ യോഗത്തില്‍ ഹൂതികള്‍ക്കെതിരായ ആക്രമണ സാധ്യത സംബന്ധിച്ച് പ്രധാനമന്ത്രി റിഷി സുനക് വിശദീകരിച്ചതായി ബി.ബി.സി റിപ്പോര്‍ട്ട് ചെയ്തു. ഹൂതികളുടെ പ്രധാന സൈനിക കേന്ദ്രത്തിനു നേരെ ചുരുങ്ങിയ തോതിലുള്ള ആക്രമണമാണ് അമേരിക്കയും ബ്രിട്ടനും ലക്ഷ്യമിടുന്നതെന്ന് ബ്രിട്ടീഷ് ടൈംസ് റിപ്പോര്‍ട്ട് ചെയ്തിരുന്നു.
അതേസമയം ഗാസയിലും വെസ്റ്റ് ബാങ്കിലും തുടരുന്ന കുരുതി മേഖലാ യുദ്ധം അനിവാര്യമാക്കുമെന്ന് ഇറാന്‍ വിദേശകാര്യ മന്ത്രി പറഞ്ഞു. ഇസ്രയേല്‍ ഗസയില്‍ നടത്തുന്നത് വംശഹത്യയെന്നാരോപിച്ച് ദക്ഷിണാഫ്രിക്ക സമര്‍പ്പിച്ച ഹര്‍ജിയില്‍ ഹേഗിലെ അന്താരാഷ്ട്ര കോടതി മുമ്പാകെ ഇന്നും വാദം തുടരും. എന്നാല്‍ ആരോപണം അന്യായമാണെന്നും ഹമാസിനെ പിന്തുണക്കുന്നതാണെന്നും ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു ആരോപിച്ചു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.