സിഡ്നി: സിഡ്‌നിയിലെ സെന്റ് മേരീസ് കത്തീഡ്രലിൽ കർദ്ദിനാൾ ജോർജ് പെല്ലിന്റെ ഒന്നാം ചരമവാർഷിക ദിനാചരണത്തിനായി ആയിരങ്ങൾ ഒത്തുകൂടി. ജനുവരി 10 ന് നടന്ന ചടങ്ങിൽ കർദ്ദിനാൾ ജോർജ് പെല്ല് ഓസ്ട്രേലിയക്ക് വേണ്ടി ചെയ്ത മഹത്തായ പ്രവർത്തനങ്ങളെക്കുറിച്ച് ആർച്ച് ബിഷപ്പ് ആന്റണി ഫിഷർ ഒ.പി സംസാരിച്ചു. ലോകമെമ്പാടുമുള്ള ഒരു ഓസ്‌ട്രേലിയക്കാരനും സഭയ്‌ക്കായി ഇത്രയധികം ചെയ്‌തിട്ടില്ലെന്ന് ബിഷപ്പ് പറഞ്ഞു.
ടാസ്മാനിയ ആർച്ച് ബിഷപ്പ് ജൂലിയൻ പോർട്ടിയസ്, സിഡ്നി ബിഷപ്പ് ടെറൻസ് ബ്രാഡി, വികാരി ജനറൽ ഫാദർ ജെറാൾഡ് ഗ്ലീസൺ എന്നിവരും നിരവധി വൈദികരും അത്മായരും വിശ്വാസികളും കർദ്ദിനാളിന്റെ ബന്ധുക്കളും സുഹൃത്തുക്കളും സഹപ്രവർത്തകരും ചടങ്ങിൽ പങ്കെടുത്തു. കർദിനാളിന്റെ ശവകുടീരത്തിൽ ആർച്ച് ബിഷപ്പ് ഫിഷറിന്റെ നേതൃത്വത്തിൽ പ്രത്യേക പ്രാർത്ഥന നടന്നു.
കർദിനാളിന്റെ തീക്ഷ്ണത, ബോധ്യം, ദൃഢനിശ്ചയം, വീക്ഷണം എന്നീ ഗുണങ്ങളെക്കുറിച്ച് ഫ്രാൻസിസ് മാർപാപ്പ പറഞ്ഞ വാക്കുകൾ ബിഷപ്പ് ഫിഷർ പ്രസംഗത്തിനിടെ എടുത്ത് പറഞ്ഞു. മതേതരത്വത്തിലും ആപേക്ഷികതയിലും മുഴുകിയിരിക്കുന്ന ലോകത്ത് കർദിനാൾ പെല്ലിന്റെ സത്യത്തോടുള്ള അചഞ്ചലമായ പ്രതിബദ്ധതയെ ആർച്ച് ബിഷപ്പ് ഫിഷർ പ്രശംസിച്ചു. വിശ്വാസമേഖലയിലെ ഒരു ‘യൂണികോൺ’ എന്നാണ് കർദ്ദിനാളിനെ ബിഷപ്പ് വിശേഷിപ്പിച്ചത്.
സത്യം പ്രഖ്യാപിക്കാൻ ഭയമില്ലാത്ത കർദ്ദിനാൾ കത്തോലിക്കാ വിദ്യാഭ്യാസ - ആരോഗ്യ സ്ഥാപനങ്ങളുടെ വക്താവായിരുന്നു. ഏറ്റവും ദുർബലരും തദ്ദേശീയരും മുൻ തടവുകാരും ദരിദ്രരുമുൾപ്പെടെയുള്ളവരുടെ ജീവിതത്തിന്റെ സംരക്ഷകനായിരുന്നു. താൻ ചെയ്യാത്ത കുറ്റകൃത്യങ്ങൾക്ക് ജയിലിലായപ്പോൾ ചിലർ അദേഹത്തെ പൈശാചികവൽക്കരിക്കുന്നത് തുടർന്നു, ചിലർ പിന്നീട് അദേഹത്തിന്റെ ശവസംസ്‌കാരം തടസ്സപ്പെടുത്താൻ ശ്രമിച്ചുവെന്നും ആർച്ച് ബിഷപ്പ് അനുസ്മരിച്ചു.
2001-2014 കാലഘട്ടത്തിൽ സിഡ്‌നിയിലെ മുൻ ആർച്ച് ബിഷപ്പ് ആയിരുന്ന കർദ്ദിനാൾ പെല്ല് ഹിപ് സർജറി മൂലമുണ്ടായ സങ്കീർണതകളെ തുടർന്നാണ് മരണപ്പെട്ടത്. ജീവിതത്തിന്റെ നാനാതുറകളിൽ നിന്നുള്ള ആയിരക്കണക്കിന് ആളുകൾ കത്തീഡ്രലിൽ കർദ്ദിനാളിന്റെ സംസ്കാര ചടങ്ങിൽ പങ്കെടുത്തിരുന്നു.
2003 ഒക്ടോബറിൽ സിഡ്‌നി ആർച്ചുബിഷപ്പായിരിക്കെ ജോൺ പോൾ രണ്ടാമൻ മാർപാപ്പയാണ് അദേഹത്തെ കർദ്ദിനാളാക്കി ഉയർത്തിയത്. ശാരീരികമായും ബൗദ്ധികമായും സഭയുടെ ഉന്നതനായ വ്യക്തിത്വമായ കർദ്ദിനാൾ പെല്ലിനെ, 2014 ൽ വത്തിക്കാനിലെ സാമ്പത്തിക വിഭാഗത്തെ നയിക്കാൻ ഫ്രാൻസിസ് മാർപാപ്പ നിയമിച്ചു. അതിനു മുൻപ് മെൽബണിലെയും പിന്നീട് സിഡ്നിയിലെയും ആർച്ചുബിഷപ്പായി വർഷങ്ങളോളം സേവനമനുഷ്ഠിച്ചിരുന്നു.
വത്തിക്കാന്റെ സാമ്പത്തിക കാര്യങ്ങള്‍ക്കായുള്ള സെക്രട്ടേറിയറ്റിന്റെ മുന്‍ മേധാവിയായിരുന്ന കര്‍ദിനാള്‍ ജോര്‍ജ് പെല്‍ വ്യാജ ലൈംഗികാരോപണത്തിന്റെ പേരില്‍ 14 മാസത്തോളം ജയിലില്‍ കഴിഞ്ഞിരുന്നു. തുടര്‍ന്ന് നിരപരാധിയാണെന്ന് തെളിഞ്ഞതിനെ തുടര്‍ന്ന് ഓസ്‌ട്രേലിയന്‍ ഹൈക്കോടതി കുറ്റവിമുക്തനാക്കി. പ്രതിസന്ധിയുടെ ഘട്ടത്തില്‍ തനിക്ക് ശക്തി പകര്‍ന്ന ഏറ്റവും വലിയ ഉറവിടം പ്രാര്‍ത്ഥനയും ദൈവത്തിലുള്ള വിശ്വാസവുമായിരുന്നുവെന്ന് അദേഹം പറഞ്ഞിട്ടുണ്ട്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.