എഎഫ്‌സി ഏഷ്യന്‍ കപ്പ്; കരുത്തരായ ഓസ്‌ട്രേലിയയ്‌ക്കെതിരെ പൊരുതി വീണ് ഇന്ത്യ

എഎഫ്‌സി ഏഷ്യന്‍ കപ്പ്; കരുത്തരായ ഓസ്‌ട്രേലിയയ്‌ക്കെതിരെ പൊരുതി വീണ് ഇന്ത്യ

ഖത്തര്‍: എഎഫ്സി ഏഷ്യന്‍ കപ്പ് 2024 ഫുട്‌ബോള്‍ ടൂര്‍ണമെന്റിലെ തങ്ങളുടെ ആദ്യ മത്സരത്തില്‍ ഓസ്‌ട്രേലിയന്‍ കരുത്തിന് മുന്നില്‍ പൊരുതി വീണ് ടീം ഇന്ത്യ. കരുത്തരായ എതിരാളികള്‍ക്കെതിരെ മികച്ച പോരാട്ടം കാഴ്ചവെച്ചാണ് ഇന്ത്യ കീഴടങ്ങിയത്. സ്‌കോര്‍: ഓസ്‌ട്രേലിയ -2, ഇന്ത്യ - 0.

ലോക റാങ്കിംഗില്‍ 25-ാം സ്ഥാനത്തുള്ള ഓസ്ട്രേലിയയെ വിറപ്പിച്ച ഇന്ത്യ ആദ്യ പകുതിയില്‍ ഗോള്‍ വഴങ്ങാതെ പിടിച്ചുനിന്നു. ആദ്യ പകുതിയില്‍ ഇന്ത്യ നടത്തിയ മികച്ചൊരു മുന്നേറ്റം ഓസ്‌ട്രേലിയുടെ ഗോള്‍മുഖം വിറപ്പിച്ചു. എന്നാല്‍ നായകന്‍ സുനില്‍ ഛേത്രിയുടെ ഡൈവിംഗ് ഹെഡര്‍ ചെറിയ വ്യത്യാസത്തില്‍ പുറത്ത് പോയത് ഇന്ത്യക്ക് തിരിച്ചടിയായി.

രണ്ടാം പകുതിയുടെ തുടക്കത്തില്‍ തന്നെ ഗോള്‍ നേടിയ ഓസ്‌ട്രേലിയ കളിയില്‍ പിടിമുറുക്കി. അധികം താമസിയാതെ രണ്ടാം ഗോളും ഓസ്‌ട്രേലിയ നേടി. 50, 73 മിനിട്ടുകളില്‍ ജാക്സന്‍ ഇര്‍വിന്‍, ജോര്‍ഡന്‍ ബോസ് എന്നിവരാണ് ഓസ്‌ട്രേലിയയ്ക്കായി വലകുലുക്കിയത്.

സന്തോഷ് ജിങ്കന്റെ നേതൃത്വത്തില്‍ ഇന്ത്യന്‍ പ്രതിരോധനിര ശക്തമായി നിലകൊണ്ടപ്പോള്‍ ഓസീസ് വിയര്‍ത്തു. ഗോള്‍ കീപ്പര്‍ ഗുര്‍പ്രീതിന്റെ മിന്നുന്ന പ്രകടനവും ഇന്ത്യയ്ക്ക് കരുത്തായി.

കടലാസില്‍ കരുത്തരായ ഓസ്‌ട്രേലിയ അനായാസ വിജയം പ്രതീക്ഷിച്ചാണ് മൈതാനത്ത് ഇറങ്ങിയത്. ജനുവരി 18ന് നടക്കുന്ന തങ്ങളുടെ രണ്ടാം മല്‍സരത്തില്‍ ഇന്ത്യ 68ാം സ്ഥാനക്കാരായ ഉസ്ബെകിസ്താനെ നേരിടും.

ആറ് ഗ്രൂപ്പുകളിലായി 24 ടീമുകളാണ് ടൂര്‍ണമെന്റില്‍ പങ്കെടുക്കുന്നത്. ബി ഗ്രൂപ്പിലാണ് ഇന്ത്യ. ഓസ്‌ട്രേലിയ, ഉസ്‌ബെക്കിസ്ഥാന്‍, സിറിയ എന്നിവരാണ് ബി ഗ്രൂപ്പിലെ മറ്റു ടീമുകള്‍.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.