ഉറവിടം അജ്ഞാതം; ക്ഷീരപഥത്തിനപ്പുറം പുതിയ ഗാമാ രശ്മികള്‍ കണ്ടെത്തി നാസയുടെ ദൂരദര്‍ശിനി

ഉറവിടം അജ്ഞാതം; ക്ഷീരപഥത്തിനപ്പുറം പുതിയ ഗാമാ രശ്മികള്‍ കണ്ടെത്തി നാസയുടെ ദൂരദര്‍ശിനി

ന്യൂയോര്‍ക്ക്: നമ്മുടെ ക്ഷീരപഥത്തിന് പുറത്തുള്ള വിദൂര സ്രോതസില്‍ നിന്ന് തീവ്രതയേറിയ പ്രകാശ രശ്മികള്‍ പുറപ്പെടുവിക്കുന്ന അത്ഭുതകരമായ കാഴ്ച്ചയ്ക്ക് സാക്ഷ്യം വഹിച്ച് നാസ ഗവേഷകര്‍. ഉന്നതോര്‍ജമുള്ള ഗാമാ കിരണങ്ങളാണ് ഇത്തരത്തില്‍ പ്രസരിക്കുന്നതായി ഗവേഷകര്‍ കണ്ടെത്തിയത്. അതേസമയം, നമ്മുടെ ഗാലക്‌സിക്ക് പുറത്ത് കണ്ടെത്തിയ ഈ ഉയര്‍ന്ന ഊര്‍ജ്ജ സ്രോതസിന്റെ ഉറവിടം അജ്ഞാതമാണ്.

നാസയുടെ ഫെര്‍മി ഗാമാ-റേ ബഹിരാകാശ ദൂരദര്‍ശിനിയില്‍ നിന്നുള്ള 13 വര്‍ഷത്തെ ഡാറ്റ വിശകലനം ചെയ്ത ശേഷമാണ് ഗവേഷകരുടെ നിഗമനം. ആദ്യകാല പ്രപഞ്ചത്തെക്കുറിച്ച് കൂടുതല്‍ സമഗ്രമായ ധാരണ നേടുന്നതിന് ഈ കണ്ടെത്തലുകള്‍ ഉപയോഗിക്കാനാകുമെന്നാണ് പ്രതീക്ഷ.

അതിതീവ്രതയുള്ള ഗാമാ രശ്മികളാണ് ഉയര്‍ന്ന ശേഷിയുള്ള ബഹ ദൂരദര്‍ശിനിയുടെ സഹായത്തോടെ കണ്ടെത്തിയത്. 2008 ഓഗസ്റ്റിനും 2022 ഓഗസ്റ്റിനും ഇടയില്‍ ഫെര്‍മി ഗാമാ-റേ ബഹിരാകാശ ദൂരദര്‍ശിനി ശേഖരിച്ച ഡാറ്റയാണ് ഇതിനായി വിശകലനം ചെയ്തത്. നക്ഷത്രങ്ങളുടെ വിസ്‌ഫോടനത്തിലൂടെയും ന്യൂക്ലിയര്‍ സ്‌ഫോടനങ്ങളുടെയും ഫലമായുണ്ടാകുന്നതാണ് അത്യധികം ഊര്‍ജ്ജം പ്രസരിക്കുന്ന ഈ പ്രകാശ കിരണങ്ങള്‍.

പ്രകാശത്തിന്റെ ഏറ്റവും ഊര്‍ജ്ജസ്വലമായ രൂപമാണ് ഗാമാ രശ്മികള്‍. കോടിക്കണക്കിന് വര്‍ഷങ്ങള്‍ക്ക് മുമ്പ് ആകാശത്തുണ്ടായ സ്‌ഫോടനങ്ങളുടെ ഫലമായുണ്ടായ പ്രകാശമാണ് ഇപ്പോള്‍ ദൂരദര്‍ശിനിയുടെ സെന്‍സറുകളില്‍ പതിക്കുന്നത്.

ഇതുവരെ ഗവേഷകര്‍ക്ക് കൃത്യമായി വിശദീകരിക്കാന്‍ കഴിയാത്ത ഗാമാ-റേ കിരണങ്ങളുടെ അപ്രതീക്ഷിതമായ കണ്ടെത്തല്‍ പ്രപഞ്ചത്തിന്റെ ഉല്‍പത്തിയെക്കുറിച്ചുള്ള പഠനങ്ങള്‍ക്ക് കൂടുതല്‍ സഹായമേകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

നാസയും മേരിലാന്‍ഡ് യൂണിവേഴ്സിറ്റിയിലെ കോസ്മോളജിസ്റ്റ് അലക്സാണ്ടര്‍ കാഷ്ലിന്‍സ്‌കിയും ഉള്‍പ്പെട്ട സംഘമാണ് ഈ കണ്ടെത്തലിന് പിന്നില്‍.

പ്രോട്ടോണുകള്‍, ന്യൂട്രോണുകള്‍, ആറ്റോമിക് ന്യൂക്ലിയസുകള്‍ എന്നിവയാല്‍ നിര്‍മ്മിതമായ ഉന്നതോര്‍ജ്ജ കണികകളുമായി ബന്ധപ്പെട്ടതാണ് പുതുതായി കണ്ടെത്തിയ ഈ രശ്മികളെന്ന് ഗവേഷകസംഘം കരുതുന്നു. ഇവയുടെ ഉത്ഭവം ജ്യോതിശാസ്ത്രത്തിലെ ഏറ്റവും വലിയ നിഗൂഢതകളില്‍ ഒന്നായി അവശേഷിക്കുകയാണ്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.