ബിജെപി സംസ്ഥാന നേതൃത്വത്തിന്റെ ന്യൂനപക്ഷ വിരുദ്ധ നിലപാടില്‍ അതൃപ്തിയുമായി ന്യൂനപക്ഷ മോര്‍ച്ച

 ബിജെപി സംസ്ഥാന നേതൃത്വത്തിന്റെ  ന്യൂനപക്ഷ വിരുദ്ധ നിലപാടില്‍ അതൃപ്തിയുമായി ന്യൂനപക്ഷ മോര്‍ച്ച

കൊച്ചി: കേരളത്തില്‍ കൂടുതല്‍ നിയമസഭാ സീറ്റുകളില്‍ താമര വിരിയിക്കാന്‍ ബിജെപി ദേശീയ നേതൃത്വം ന്യൂനപക്ഷ പ്രീണനം തുടരുമ്പോള്‍ സംസ്ഥാന നേതൃത്വം വിരുദ്ധ നിലപാട് സ്വീകരിക്കുന്നതായി ന്യൂനപക്ഷ മോര്‍ച്ച.

പാര്‍ട്ടി വേദികളില്‍ ന്യൂനപക്ഷ വിരുദ്ധനെന്ന് മുദ്ര കുത്തപ്പെട്ട, ആര്‍എസ്എസ് നോമിനിയായ ഒരു സംസ്ഥാന ജനറല്‍ സെക്രട്ടറിയാണ് ഇതിന് പിന്നിലെന്നാണ് ആക്ഷേപം. ചില സംസ്ഥാന നേതാക്കളുടെ പിന്തുണയും ഇദ്ദേഹത്തിനുണ്ട്. പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ മധ്യസ്ഥതയില്‍ നടക്കുന്ന യാക്കോബായ-ഓര്‍ത്തഡോക്‌സ് ചര്‍ച്ചകള്‍ക്ക് തുരങ്കം വയ്ക്കാനുള്ള ശ്രമവും ഈ കടുത്ത ആര്‍എസ്എസ് പക്ഷക്കാരന്റെ നേതൃത്വത്തില്‍ നടക്കുന്നുണ്ട്.

വോട്ട് നേടാനായി ന്യൂനപക്ഷ പ്രേമം നടിക്കുകയും കാര്യത്തോടടുക്കുമ്പോള്‍ ന്യൂനപക്ഷങ്ങളെ മാറ്റി നിര്‍ത്തുകയും ചെയ്യുന്ന സമീപനമാണ് കേരളത്തിലെ ബിജെപി നേതാക്കള്‍ സ്വീകരിച്ചു വരുന്നതെന്ന് ഒരു പ്രമുഖ ന്യൂനപക്ഷ മോര്‍ച്ച നേതാവ് സീ ന്യൂസ് ലൈവിനോട് പറഞ്ഞു.

വരുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ ന്യൂനപക്ഷ വിഭാഗങ്ങള്‍ക്ക് 20 ശതമാനം സീറ്റെങ്കിലും നല്‍കണമെന്ന കേന്ദ്ര നിര്‍ദേശം അട്ടിമറിയ്ക്കാനുള്ള ശ്രമങ്ങളാണ് ഇപ്പോള്‍ നടക്കുന്നത്. ന്യൂനപക്ഷ ലേബലില്‍ പാര്‍ട്ടിയില്‍ കയറിപ്പറ്റിയ ചില നേതാക്കള്‍ ആര്‍എസ്എസിന്റെ ആജ്ഞാനുവര്‍ത്തികളായി തരം താഴ്ന്നത് ന്യൂനപക്ഷങ്ങളുടെ അവകാശ സംരക്ഷണത്തിന് വിലങ്ങുതടി ആവുകയും ചെയ്തു.

പാര്‍ട്ടിയില്‍ ചേര്‍ന്ന് പ്രവര്‍ത്തിക്കുന്ന ന്യൂനപക്ഷ വിഭാഗത്തില്‍പ്പെട്ട നേതാക്കളെ മുഖ്യ ധാരയിലേക്ക് കൊണ്ടുവരാതെ ഭൂരിപക്ഷ സമുദായങ്ങളില്‍പ്പെട്ടവര്‍ക്ക് പ്രധാന സ്ഥാനങ്ങള്‍ നല്‍കുന്നതില്‍ ന്യൂനപക്ഷ മോര്‍ച്ചയ്ക്ക് കടുത്ത എതിര്‍പ്പുണ്ട്. സംഘടനാ തെരഞ്ഞെടുപ്പില്‍ പാര്‍ട്ടിയില്‍ ഇപ്പോഴും നില നില്‍ക്കുന്ന സവര്‍ണ വര്‍ഗ മേധാവിത്വവും ഭൂരിപക്ഷ പരിഗണനയും ന്യൂനപക്ഷങ്ങളെ പാര്‍ട്ടിയില്‍ നിന്നും അകറ്റാന്‍ മാത്രമേ ഉപകരിക്കുകയുള്ളൂവെന്നും ന്യൂനപക്ഷ മോര്‍ച്ച നേതാക്കള്‍ പറയുന്നു.

കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പില്‍ ന്യൂനപക്ഷങ്ങള്‍ക്ക് അര്‍ഹമായ പരിഗണന നല്‍കിയില്ലെന്നു മാത്രമല്ല, അവര്‍ മത്സരിച്ച പല സീറ്റുകളിലും കാലു വാരുകയും ചെയ്തു. തെരഞ്ഞെടുപ്പ് പ്രചരണത്തിനായി ബിജെപി ദേശീയ നേതൃത്വം നല്‍കിയ ഫണ്ട് ന്യൂനപക്ഷ വിഭാഗത്തില്‍പ്പെട്ട പല സ്ഥാനാര്‍ത്ഥികള്‍ക്കും നല്‍കിയില്ലെന്നും ആക്ഷേപുണ്ട്.

നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തതോടെ ബിജെപിയിലെ ഗ്രൂപ്പ് പോരും രൂക്ഷമായി. തിരുവനന്തപുരം, കൊല്ലം, പാലക്കാട്, കണ്ണൂര്‍, കാസര്‍ഗോഡ് എന്നീ ജില്ലകള്‍ മാത്രമാണ് സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രനൊപ്പം നില്‍ക്കുന്നത്. പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി, തൃശൂര്‍, കോഴിക്കോട്, വയനാട് ജില്ലകള്‍ കൃഷ്ണ ദാസ്-എം.ടി രമേശ് പക്ഷത്തിനൊപ്പമാണ് നില കൊള്ളുന്നത്. ആര്‍എസ്എസിന്റെ നേരിട്ടുള്ള മേല്‍ നോട്ടത്തിലാണ് എറണാകുളം ജില്ല. കോട്ടയം, മലപ്പുറം ജില്ലകള്‍ ഇരു പക്ഷത്തോടും തുല്യ അകലം പാലിക്കുന്നു.

അതിനിടെ നാല്‍പ്പത് എ ക്ലാസ് മണ്ഡലങ്ങളിലെ സ്ഥാനാര്‍ത്ഥികളുടെ ആദ്യ ലിസ്റ്റ് സംസ്ഥാന നേതൃത്വം കേന്ദ്ര നേതൃത്വത്തിന് കൈമാറിയിട്ടുണ്ട്. ഇതില്‍ ന്യൂനപക്ഷ സമുദായങ്ങളില്‍പ്പെട്ട ആരുമില്ലെന്നാണ് അറിയുന്നത്.

ജയ്‌മോന്‍ ജോസഫ്


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.