തായ്‌വാന് കടുത്ത മുന്നറിയിപ്പുമായി ചൈന; സ്വാതന്ത്ര്യത്തിനായുള്ള ഏതൊരു നടപടിക്കെതിരെയും കടുത്ത ശിക്ഷയുണ്ടാകുമെന്ന് വിദേശകാര്യ മന്ത്രി

തായ്‌വാന് കടുത്ത മുന്നറിയിപ്പുമായി ചൈന; സ്വാതന്ത്ര്യത്തിനായുള്ള ഏതൊരു നടപടിക്കെതിരെയും കടുത്ത ശിക്ഷയുണ്ടാകുമെന്ന് വിദേശകാര്യ മന്ത്രി

ബീജിങ്: തായ്‌വാന് കടുത്ത മുന്നറിയിപ്പുമായി ചൈന. തായ്‌വാന്റെ സ്വാതന്ത്ര്യത്തിലേക്കുള്ള ഏതൊരു നടപടിക്കെതിരെയും കടുത്ത ശിക്ഷാനടപടികള്‍ ഉണ്ടാകുമെന്ന് ചൈനയുടെ വിദേശകാര്യ മന്ത്രി വാങ് യി മുന്നറിയിപ്പ് നല്‍കി. ചൈനയുടെ എതിര്‍പ്പ് അവഗണിച്ച് ലായ് ചിങ് തേ പ്രസിഡന്റ് സ്ഥാനത്തേക്ക് എത്തിയതിന് പിന്നാലെയാണ് ഭീഷണി. ചൈനീസ് വിരുദ്ധ നിലപാടുള്ള ഡെമോക്രാറ്റിക്ക് പാര്‍ട്ടി മൂന്നാം തവണയാണ് അധികാരത്തിലെത്തുന്നത്.

അന്നും ഇന്നും എന്നും തായ്‌വാന്‍ ഒരു രാജ്യം അല്ലെന്ന് ചൈന ആവര്‍ത്തിച്ചു. തായ്‌വാന്‍ ദ്വീപില്‍ ആരെങ്കിലും സ്വാതന്ത്ര്യത്തിനായി ശ്രമിക്കുകയാണെങ്കിലോ പ്രദേശം വിഭജിക്കാന്‍ ശ്രമിക്കുയാണെങ്കിലോ ശിക്ഷിക്കപ്പെടും. തിരഞ്ഞെടുപ്പ് ഫലം എന്തുതന്നെയായാലും, ഒരു ചൈന മാത്രമേയുള്ളൂവെന്നും തായ്‌വാന്‍ അതിന്റെ ഭാഗമാണെന്ന അടിസ്ഥാന വസ്തുത മാറ്റാന്‍ അവര്‍ക്ക് കഴിയില്ലെന്നും ചൈന പറയുന്നു.

ചൈനയുമായി വീണ്ടും കൂട്ടിച്ചേര്‍ക്കുമെന്ന ഭീഷണികള്‍ക്കിടയിലാണ് തായ്‌വാനില്‍ തിരഞ്ഞെടുപ്പ് നടന്നത്. യുദ്ധത്തിനും സമാധാനത്തിനുമിടയിലുള്ള മത്സരമെന്നാണ് തായ്‌വാന്‍ തിരഞ്ഞെടുപ്പിനെ ചൈന വിശേഷിപ്പിച്ചത്. വില്യം ലായ് ജയിച്ചാല്‍ ചൈന-തയ്വാന്‍ ബന്ധത്തിന് അപകടകരമായ ഭീഷണിയാണെന്നും മുന്നറിയിപ്പു നല്‍കിയിരുന്നു. അതേസമം, തായ്വാന്‍ ജനത ജനാധിപത്യത്തെ എത്രമാത്രം വിലമതിക്കുന്നുവെന്ന് ലോകത്തിന് കാണിച്ചുകൊടുത്തതായി തിരഞ്ഞെടുപ്പ് വിജയത്തിന് ശേഷം ലായ് ചിങ് തേ പറഞ്ഞു.

23 ദശലക്ഷം ആളുകളടങ്ങുന്ന ദ്വീപിനെ അധീനതയിലാക്കുകയെന്ന ചൈനയുടെ ലക്ഷ്യത്തിന് വിലങ്ങുതടിയായാണ് ഡിപിപിയുടെ വിജയത്തെ കമ്യൂണിസ്റ്റ് ഭരണകൂടം കണക്കാക്കുന്നത്. ചൈനയുടെ വിമത പ്രവിശ്യ മാത്രമാണ് തായ്വാനെന്നും ചൈന അവകാശപ്പെടുന്നു. എന്നാല്‍ ചൈനയുടെ പ്രസ്താവനകള്‍ അന്താരാഷ്ട്ര ജനാധിപത്യ മര്യാദകള്‍ക്കും തായ്വാന്റെ ജനാധിപത്യ അവകാശങ്ങള്‍ക്കും വിരുദ്ധമാണെന്നുമാണ് തായ്വാന്റെ നിലപാട്.

ലായ് ചിങ് തേ അധികാരത്തിലെത്തുന്നതോടെ ചൈനീസ് ആക്രമണം തടയാന്‍ സൈനിക സന്നാഹങ്ങള്‍ ബലപ്പെടുത്തും. ഇതിന് അമേരിക്കയുടെ സഹായവും തായ്‌വാന് ലഭിക്കുമെന്നാണ് കരുതപ്പെടുന്നത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.