കർത്താവിനു വേണ്ടത് ഉപരിപ്ലവമായ അനുയായികളെയല്ല, മറിച്ച് അവൻ്റെ വചനങ്ങളുടെ വെല്ലുവിളികൾ ഏറ്റെടുക്കുന്നവരെയാണ്: ഞായറാഴ്ച സന്ദേശത്തിൽ ഫ്രാൻസിസ് മാർപാപ്പ

കർത്താവിനു വേണ്ടത് ഉപരിപ്ലവമായ അനുയായികളെയല്ല, മറിച്ച് അവൻ്റെ വചനങ്ങളുടെ വെല്ലുവിളികൾ ഏറ്റെടുക്കുന്നവരെയാണ്: ഞായറാഴ്ച സന്ദേശത്തിൽ ഫ്രാൻസിസ് മാർപാപ്പ

വത്തിക്കാൻ സിറ്റി: യഥാർത്ഥ ശിഷ്യത്വം, ക്രിസ്തുവിനെ അന്വേഷിച്ചു കണ്ടെത്തുന്നതിലും അവനോടൊപ്പമായിരിക്കുന്നതിലും അവനെ കണ്ടെത്തിയതിന്റെ ആനന്ദം മറ്റുള്ളവരുമായി പങ്കു വയ്ക്കുന്നതിലുമാണ് അടങ്ങിയിരിക്കുന്നതെന്ന് ഫ്രാൻസിസ് മാർപാപ്പ. മിശിഹായെ കണ്ടുമുട്ടിയ ആദ്യശിഷ്യർ ചെയ്തതുപോലെ, നാമും ശിഷ്യർ എന്ന നിലയിലുളള നമ്മുടെ സന്തോഷത്തെ നവീകരിക്കുകയും അതു മറ്റുള്ളവരുമായി പങ്കുവയ്ക്കുകയും ചെയ്യണമെന്ന് മാർപാപ്പ കൂട്ടിച്ചേർത്തു.

ഞായറാഴ്ചത്തെ ത്രികാലജപ പ്രാർത്ഥനയ്ക്ക് ഒരുക്കമായി, പതിവുപോലെ സുവിശേഷവിചിന്തനങ്ങൾ നൽകുകയായിരുന്നു പാപ്പ. യോഹന്നാന്റെ സുവിശേഷത്തിൽ, ആദ്യ ശിഷ്യർ ക്രിസ്തുവിനെ കണ്ടുമുട്ടുന്ന രംഗങ്ങളാണ് പരിശുദ്ധ പിതാവ് ഈയാഴ്ച ധ്യാനവിഷയമാക്കിയത്.

കർത്താവിനെ അന്വേഷിക്കുക

ഇന്നത്തെ സുവിശേഷഭാഗത്ത് (യോഹന്നാൻ 1: 35-42) നാം കാണുന്ന ആ രണ്ട് ശിഷ്യരോട്, 'നിങ്ങൾ എന്ത് അന്വേഷിക്കുന്നു?' എന്നാണ് യേശു ചോദിക്കുന്നത്. അവരുടെ ഹൃദയങ്ങളിൽ ഉണ്ടായിരുന്ന താത്കാലികമായ അന്വേഷണത്തിൽ നിന്ന്, അവരുടെ ഹൃദയങ്ങളുടെ യഥാർത്ഥമായ ആഗ്രഹത്തിലേക്ക് അവരെ ഉയർത്താൻ ഉദ്ദേശിച്ചുള്ളതായിരുന്നു ഈ ചോദ്യം - പരിശുദ്ധ പിതാവ് വിശദീകരിച്ചു. കർത്താവിന് ഉപരിപ്ലവമായ അനുയായികളെയല്ല, മറിച്ച് സ്വയം ചോദ്യങ്ങൾ ചോദിച്ച്, അവൻ്റെ വചനങ്ങളുടെ വെല്ലുവിളികൾ ഏറ്റെടുക്കുന്നവരെയാണ് വേണ്ടത് - പാപ്പാ കൂട്ടിച്ചേർത്തു.

കർത്താവിനോടൊപ്പമായിരിക്കുക

ദൈവത്തിന്റെ അഭിഷിക്തനെ കണ്ടുമുട്ടി, അവനിൽ മിശിഹായെ ദർശിച്ചപ്പോൾ ആ ശിഷ്യർ ആദ്യമായി ചോദിച്ചത് അവൻ 'എവിടെയാണ് താമസിക്കുന്നത്' എന്നാണ്. മറുപടിയായി 'വന്നു കാണുവിൻ' എന്നുപറഞ്ഞുകൊണ്ട് കർത്താവ് അവരെ ക്ഷണിച്ചു. വിശ്വാസമെന്നാൽ, കർത്താവിനെ കണ്ടുമുട്ടി അവനോടൊപ്പം ആയിരിക്കുന്നതാന്നെന്ന് ഇതിൽനിന്ന് നമുക്ക് മനസ്സിലാക്കാം. കർത്താവിന്റെ ശിഷ്യനാകണമെങ്കിൽ, ഏറ്റവും പ്രധാനപ്പെട്ട കാര്യം അവനോടൊപ്പം നിൽക്കുകയും അവനിൽ നിലനിൽക്കുകയും ചെയ്യുക എന്നതാണ് - പരിശുദ്ധ പിതാവ് എടുത്തുപറഞ്ഞു.

മറ്റുള്ളവരോട് പറയുക

യേശുവിനെ കണ്ടുമുട്ടിയതിലുള്ള സന്തോഷം, അവനെ അനുഭവിച്ചറിഞ്ഞതിലൂടെ ലഭിച്ച കൃപാദാനം മറ്റുള്ളവർക്കുകൂടി പങ്കുവയ്ക്കാനായി ആ ശിഷ്യരെ പ്രേരിപ്പിച്ചു. അവരിലൊരുവനായ അന്ത്രയോസ് സ്വന്തം സഹോദരനായ ശിമയോൻ പത്രോസിനോട് ഇതേക്കുറിച്ച് പറയാൻ തിടുക്കംകൂട്ടി. യേശുവിനെ കണ്ടുമുട്ടിയ സമയം അവർ തങ്ങളുടെ ജീവിതകാലം മുഴുവൻ ഓർത്തിരിക്കാൻ തക്കവിധം അത്ര ശക്തമായ ഒരു അനുഭവമാണ് അവർക്ക് പ്രദാനം ചെയ്തത്. വചനത്തിൽ ഇപ്രകാരം പറയുന്നു: 'അപ്പോള്‍ വൈകുന്നേരം നാലുമണി ആയിരുന്നു.' (യോഹന്നാന്‍ 1 : 39)

നമ്മുടെ സന്തോഷം പുതുക്കണം

കർത്താവുമായുള്ള നമ്മുടെ ആദ്യ കൂടിക്കാഴ്ചയെ ഓർത്തുകൊണ്ട്, പ്രാർത്ഥനയിലൂടെയും ധ്യാനത്തിലൂടെയും ആ സന്തോഷത്തെ പുതുക്കുകയും, അത് മറ്റുള്ളവരുമായി പങ്കുവയ്ക്കുകയും ചെയ്യണമെന്ന് പരിശുദ്ധ പിതാവ് നിർദ്ദേശിച്ചു. യേശുവിന്റെ ആദ്യശിഷ്യയായ പരിശുദ്ധ കന്യകാമറിയം യേശുവിനെ അന്വേഷിച്ചു കണ്ടെത്താനും അവനോടൊപ്പമായിരിക്കാനും അവനെ പ്രഘോഷിക്കാനുമുള്ള തീവ്രമായ ആഗ്രഹം നമ്മിൽ ജനിപ്പിക്കട്ടെ എന്ന പ്രാർത്ഥനാശംസയോടെ പാപ്പാ തന്റെ സന്ദേശം അവസാനിപ്പിച്ചു.

മാർപാപ്പയുടെ ഇതുവരെയുള്ള ഞായറാഴ്ച ദിന സന്ദേശങ്ങൾക്കായി ഇവിടെ ക്ലിക്ക് ചെയ്യുക



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.