ക്രിസ്തീയ കാഴ്ചപ്പാടിലൂടെ സംഭവങ്ങളെ നോക്കിക്കാണുക; സഭയുടെ നന്മകളെ സമൂഹത്തിനു മുമ്പില്‍ പങ്കുവയ്ക്കുക: കത്തോലിക്കാ മാധ്യമപ്രവര്‍ത്തകരോട് മാര്‍പാപ്പ

ക്രിസ്തീയ കാഴ്ചപ്പാടിലൂടെ സംഭവങ്ങളെ നോക്കിക്കാണുക; സഭയുടെ നന്മകളെ സമൂഹത്തിനു മുമ്പില്‍ പങ്കുവയ്ക്കുക: കത്തോലിക്കാ മാധ്യമപ്രവര്‍ത്തകരോട് മാര്‍പാപ്പ

വത്തിക്കാന്‍ സിറ്റി: തുറവിയോടും സര്‍ഗാത്മകതയോടും കൂടെ സുവിശേഷം പങ്കുവയ്ക്കാന്‍ ഭയപ്പെടരുതെന്ന് ആഹ്വാനം ചെയ്ത് ഫ്രാന്‍സിസ് മാര്‍പാപ്പ. ഫ്രാന്‍സിലെ സഭയ്ക്കു വേണ്ടി സേവനം ചെയ്യുന്ന കത്തോലിക്കാ മാധ്യമപ്രവര്‍ത്തകര്‍ക്കായി, റോമില്‍ സംഘടിപ്പിച്ച ആത്മീയ രൂപീകരണ ധ്യാനത്തില്‍ പങ്കെടുത്തവരുമായി കൂടിക്കാഴ്ച നടത്തി അവരോടു സംസാരിക്കുകയായിരുന്നു മാര്‍പാപ്പ.

ഫ്രാന്‍സിലെ ബിഷപ്‌സ് കോണ്‍ഫറന്‍സിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന മാധ്യമ കമ്മിഷനാണ് Universites des communicants en Eglise (UCE)  എന്ന പേരിലുള്ള ഈ സിമ്പോസിയം വിവിധ സ്ഥലങ്ങളില്‍ സംഘടിപ്പിക്കുന്നത്. അതില്‍ മാധ്യമ കമ്മിഷന്‍ അംഗങ്ങളോടൊപ്പം രൂപതകള്‍ക്കും സന്യാസ സഭകള്‍ക്കും മറ്റു കത്തോലിക്കാ സ്ഥാപനങ്ങള്‍ക്കും വേണ്ടി സേവനം ചെയ്യുന്ന മാധ്യമപ്രവര്‍ത്തകരും പങ്കെടുക്കുന്നു. തങ്ങളുടെ ജോലി എങ്ങനെ കൂടുതല്‍ ഫലപ്രദമാക്കാമെന്ന് പങ്കുവയ്ക്കാനും കണ്ടെത്താനുമുള്ള അവസരമാണ് ഇതുവഴി അവര്‍ക്കു ലഭിക്കുന്നത്. 2025-ലെ പ്രത്യാശയുടെ ജൂബിലിക്കായി മാധ്യമപ്രവര്‍ത്തകരെ ഒരുക്കുന്നത് ലക്ഷ്യമിട്ടായിരുന്നു റോമില്‍ ഈ സിമ്പോസിയം കഴിഞ്ഞയാഴ്ച സംഘടിപ്പിക്കപ്പെട്ടത്.

റോമിലെ സിമ്പോസിയത്തിനിടയില്‍ അവര്‍ക്ക് നിരവധി വത്തിക്കാന്‍ കാര്യാലയങ്ങളുടെ പ്രതിനിധികളുമായി കൂടിക്കാഴ്ചകള്‍ക്ക് അവസരം ലഭിച്ചു. അക്കൂട്ടത്തില്‍ നവ സുവിശേഷവല്‍ക്കരണ വിഭാഗത്തിന്റെ തലവന്‍ ആര്‍ച്ച് ബിഷപ്പ് റീനോ ഫിസിക്കെല്ലാ, മെത്രാന്മാരുടെ സിനഡ് സെക്രട്ടറിയേറ്റിന്റെ അണ്ടര്‍ സെക്രട്ടറി സി. നതാലീ ബെക്വാര്‍ത്ത് തുടങ്ങിയവരും ഉള്‍പ്പെടുന്നു. ബ്രോങ്കൈറ്റിസ് മൂലം സംസാരിക്കാന്‍ ക്ലേശം നേരിട്ടതിനാല്‍, എഴുതി തയ്യാറാക്കിയ പ്രസംഗം മാര്‍പാപ്പ അവര്‍ക്ക് വിതരണം ചെയ്യുകയായിരുന്നു.

ആശയവിനിമയ സംവിധാനങ്ങളുടെ അതിപ്രസരവും വാര്‍ത്തകളുടെ ബാഹുല്യവും നേരിടുന്ന ഈ ആധുനിക ലോകത്ത് അവരുടെ പ്രത്യേക ദൗത്യത്തിന്റെ പ്രാധാന്യത്തെ പരിശുദ്ധ പിതാവ് ഉയര്‍ത്തിക്കാട്ടി. ജോലിയില്‍ നിന്ന് പിന്‍വാങ്ങി, പ്രാര്‍ത്ഥനയ്ക്കും ശ്രവണത്തിനും പങ്കുവയ്ക്കലിനുമായി ഏതാനും ദിവസങ്ങള്‍ ഇതുപോലെ ചെലവഴിക്കണമെന്നും പാപ്പാ അവരെ ഓര്‍മിപ്പിച്ചു. കൂടുതല്‍ ഊര്‍ജ്ജസ്വലതയോടെ തങ്ങളുടെ വെല്ലുവിളികള്‍ ഏറ്റെടുക്കാന്‍ ഇത് അവരെ സഹായിക്കുമെന്ന് പാപ്പാ കൂട്ടിച്ചേര്‍ത്തു.

ഇത്തരത്തില്‍ ചെലവഴിക്കപ്പെടുന്ന സമയം, യേശുക്രിസ്തുവിലുള്ള നമ്മുടെ കൂട്ടായ്മയും നാം സാക്ഷ്യം വഹിക്കേണ്ട സത്യത്തെകുറിച്ചുള്ള അവബോധവും നമ്മില്‍ വര്‍ദ്ധിപ്പിക്കുകയും ശരിയായ ദിശാബോധം നല്‍കി നമ്മെ നയിക്കുകയും ചെയ്യുമെന്ന് പാപ്പ പറഞ്ഞു.

നല്ല ആശയവിനിമയത്തിന് നേരിടേണ്ടി വരുന്ന വെല്ലുവിളികള്‍ മുമ്പത്തേക്കാള്‍ ഇന്ന് സങ്കീര്‍ണമായിട്ടുണ്ട്. എന്നാല്‍ ലൗകിക മനോഭാവത്തോടെ അവയെ നേരിടുന്നത് അപകടസാധ്യത വര്‍ധിപ്പിക്കുകയാണ് ചെയ്യുന്നത്. നമ്മുടെ ലക്ഷ്യം വ്യക്തിപരമായ തന്ത്രങ്ങളോ വാണിജ്യപരമായ നേട്ടങ്ങളോ ആകരുത്. സങ്കേതിക പുരോഗതിയില്‍ മാത്രം കേന്ദ്രീകരിക്കുകയുമരുത്.

ഹൃദയങ്ങളോടുള്ള ആശയവിനിമയം

കത്തോലിക്കാ മാധ്യമപ്രവര്‍ത്തകര്‍ ഹൃദയങ്ങളുമായി ആശയവിനിമയം നടത്തുന്ന കാര്യത്തിലാണ് ശ്രദ്ധിക്കേണ്ടത്. ലോകത്തിന്റെ കാഴ്ചപ്പാടുകളെയും തരംതിരിക്കലുകളെയും അത് തകിടം മറിക്കണം. അടുത്തയിടെ ഫ്രാന്‍സില്‍ സമാപിച്ച വിശുദ്ധ കൊച്ചുത്രേസ്യയോടു ബന്ധപ്പെട്ട രണ്ട് ജൂബിലി ആഘോഷങ്ങളെ ഉദാഹരണമായി ചൂണ്ടിക്കാണിച്ച് സുവിശേഷവല്‍ക്കരണം വഴി എങ്ങനെ സമൂലപരിവര്‍ത്തനം സാധ്യമാക്കാമെന്ന് പാപ്പ വിശദീകരിച്ചു.

വമ്പുപറച്ചിലും അധികാരത്തെയും മഹത്വത്തെയും കുറിച്ചുള്ള സ്വപ്നങ്ങളും മലിനമാക്കിയ ആധുനിക മാധ്യമ ലോകത്ത് ആരോഗ്യപരമായ ആശയവിനിമയം അത്യന്താപേക്ഷിതമായി തീര്‍ന്നിരിക്കുന്നു. കത്തോലിക്കാ മാധ്യമപ്രവര്‍ത്തനം ഒരു പ്രചരണതന്ത്രമോ വിപണനതന്ത്രമോ അല്ല മറിച്ച്, അത് മറ്റുള്ളവരോടുള്ള കരുതലും ക്രിസ്തീയ കാഴ്ചപ്പാടിലൂടെ സംഭവങ്ങളെ നോക്കിക്കാണുന്നതുമാണ്. പിടിച്ചടക്കലിന്റെയും തേജോവധത്തിന്റെയുമായ ഒരു സംസ്‌കാരത്തിന് വഴങ്ങി കൊടുക്കുന്നതുമല്ല അത് - മാര്‍പാപ്പ അടിവരയിട്ടു പറഞ്ഞു.

മൂന്നു സുപ്രധാന വാക്കുകളിലൂടെ പരിശുദ്ധ പിതാവ് അവരുടെ പ്രവര്‍ത്തനത്തിന് മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കി.

ക്രിസ്തീയ സാക്ഷ്യം

ക്രിസ്തീയ സാക്ഷ്യം കത്തോലിക്ക മാധ്യമപ്രവര്‍ത്തനത്തെ വിശ്വാസയോഗ്യമാക്കുന്നു. രൂപതകളും സന്യാസ സമൂഹങ്ങളും സഭയുടെ മറ്റ് സ്ഥാപനങ്ങളും നടത്തിവരുന്ന നന്മ പ്രവര്‍ത്തികളെ സമൂഹത്തിനു മുമ്പില്‍ പങ്കുവയ്ക്കാന്‍ മടിക്കരുതെന്ന് പാപ്പാ അവരോട് പറഞ്ഞു. സഭ എല്ലാവരുടെയും സ്‌നേഹനിധിയായ അമ്മയാണെന്നും ആ അമ്മയുടെ വാക്കുകള്‍ കേള്‍ക്കാന്‍ സമൂഹത്തിന് ആഗ്രഹമുണ്ടെന്നും ഫ്രാന്‍സിസ് പാപ്പാ ഓര്‍മ്മപ്പെടുത്തി.

സുവിശേഷത്തിന്റെ സന്ദേശം സധൈര്യം പങ്കുവയ്ക്കുക

പൊതുസമൂഹം താല്‍പര്യക്കുറവോ സന്ദേഹമോ പ്രകടിപ്പിച്ചാലും സുവിശേഷത്തിന്റെ ആനന്ദം ഭയംകൂടാതെ പങ്കുവയ്ക്കണമെന്ന് പരിശുദ്ധ പിതാവ് പറഞ്ഞു. നമ്മുടെ ഈ കാലഘട്ടത്തിലെ സ്ത്രീപുരുഷന്മാര്‍ക്കും ദൈവത്തിനു വേണ്ടിയുള്ള ദാഹമുണ്ടെന്നും, ഒരുപക്ഷേ അവര്‍ ദൈവത്തെ കണ്ടുമുട്ടുന്നത് നിങ്ങളിലൂടെയാകാമെന്നും ഫ്രഞ്ച് മാധ്യമപ്രവര്‍ത്തകരോട് പാപ്പ പറഞ്ഞു.

ദീര്‍ഘദൃഷ്ടിയും വിശാല കാഴ്ചപ്പാടും

അവസാനമായി, അവരുടെ കാഴ്ചപ്പാടുകള്‍ വിശാലമാക്കാനും സര്‍വലോകത്തെയും അതിന്റെ എല്ലാ സൗന്ദര്യത്തോടും സങ്കീര്‍ണതയോടുംകൂടെ വീക്ഷിക്കണമെന്നും കത്തോലിക്കാ മാധ്യമപ്രവര്‍ത്തകരോട് ഫ്രാന്‍സിസ് പാപ്പാ ആഹ്വാനം ചെയ്തു. ഭിന്നിപ്പിക്കുന്ന ഘടകങ്ങളേക്കാളുപരി ഒന്നിപ്പിക്കുന്നവയില്‍ ശ്രദ്ധ കേന്ദ്രീകരിക്കണമെന്നും സ്‌നേഹത്തില്‍ നിന്നുത്ഭവിക്കുന്ന സര്‍ഗാത്മകതയോടെ അവ ലോകത്തെ അറിയിക്കണമെന്നും മാര്‍പാപ്പ പറഞ്ഞു. 'സ്‌നേഹത്തോടെ വീക്ഷിക്കുന്ന ഒരു ഹൃദയമുണ്ടെങ്കില്‍ ആശയവിനിമയമുള്‍പ്പെടെ സര്‍വ്വതും തെളിമയുള്ളതായി മാറും' - പാപ്പ പറഞ്ഞുനിര്‍ത്തി.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.