ന്യൂഡല്‍ഹി: അയോഗ്യയാക്കപ്പെട്ട തൃണമൂല്‍ കോണ്‍ഗ്രസ് എം.പി മഹുവ മൊയ്ത്രയ്ക്ക് ശക്തമായ മുന്നറിയിപ്പുമായി വീണ്ടും കേന്ദ്ര സര്‍ക്കാര്‍. എംപിയെന്ന നിലയില്‍ അനുവദിച്ച സര്‍ക്കാര്‍ വസതി ഉടന്‍ ഒഴിഞ്ഞില്ലെങ്കില്‍ ബലം പ്രയോഗിച്ച് പുറത്താക്കുമെന്ന് നോട്ടീസ്. സര്‍ക്കാര്‍ സ്വത്തുക്കള്‍ കൈകാര്യം ചെയ്യുന്ന ഡയറക്ടറേറ്റ് ഓഫ് എസ്റ്റേറ്റ്‌സാണ് നോട്ടീസ് അയച്ചിരിക്കുന്നത്. അനധികൃത താമസക്കാരിയല്ലെന്ന് തെളിയിക്കുന്നതില്‍ മൊയ്ത്ര പരാജയപ്പെട്ടുവെന്ന് നോട്ടീസില്‍ പറയുന്നു.
ഒരു മാസം മുമ്പാണ് കോഴ വിവാദത്തില്‍ മഹുവ മൊയ്ത്രയെ എംപി സ്ഥാനത്ത് നിന്നും പാര്‍ലമെന്റ് എത്തിക്‌സ് കമ്മിറ്റിയുടെ റിപ്പോര്‍ട്ടിനെ തുടര്‍ന്ന് പുറത്താക്കിയത്. പാര്‍ലമെന്റില്‍ ചോദ്യങ്ങള്‍ ഉന്നയിക്കാന്‍ ഒരു വ്യവസായിയില്‍ നിന്ന് പണം സ്വീകരിച്ചെന്നും പാര്‍ലമെന്റ് ലോഗിന്‍ ക്രെഡന്‍ഷ്യലുകള്‍ അയാളുമായി പങ്കുവച്ചുമെന്നുമാണ് ഇവര്‍ക്കെതിരെയുള്ള ആരോപണം.
എന്നാല്‍ പുറത്താക്കപ്പെട്ടതിന് ശേഷം സര്‍ക്കാര്‍ വസതി ഒഴിയണമെന്നാവശ്യപ്പെട്ട് മൊയ്ത്രയ്ക്ക് കേന്ദ്രം നോട്ടീസ് അയച്ചിരുന്നു. പക്ഷേ താമസം ഒഴിയാന്‍ മൊയ്ത്ര ഇതുവരെ തയ്യാറായിട്ടില്ല. ഇതോടെയാണ് ശക്തമായ ഭാഷയില്‍ കേന്ദ്രം പുതിയ നോട്ടീസ് അയച്ചിരിക്കുന്നത്. സ്വന്തം നിലയില്‍ ഒഴിഞ്ഞില്ലെങ്കില്‍ ബലമായി ഒഴിപ്പിക്കുമെന്നാണ് ഡയറക്ടറേറ്റ് ഓഫ് എസ്റ്റേറ്റ്സിന്റെ അറിയിപ്പ്.
ലോക്‌സഭാംഗത്വം നഷ്ടപ്പെട്ടതിന് പിന്നാലെ ഔദ്യോഗിക വസതി ഒഴിഞ്ഞുകൊടുക്കണമെന്ന നോട്ടീസിനെതിരെ മഹുവ മൊയ്ത്ര നല്‍കിയ ഹര്‍ജി നേരത്തെ ഡല്‍ഹി ഹൈക്കോടതി തള്ളിയിരുന്നു. ഈ മാസം ഏഴിന് മുമ്പ് ഔദ്യോഗിക വസതി ഒഴിഞ്ഞ് കൊടുക്കണമെന്നായിരുന്നു ഇവര്‍ക്ക് ലഭിച്ച നോട്ടീസ്. ഇതിനെതിരെ മഹുവ ഹൈക്കോടതിയെ സമീപിച്ചപ്പോള്‍ വസതിയില്‍ നിന്ന് ഒഴിപ്പിക്കാനുള്ള നടപടികള്‍ നിയമപരമായി മാത്രം ചെയ്യണമെന്ന് സര്‍ക്കാരിന് കോടതി നിര്‍ദേശം നല്‍കിയിരുന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.