വീണ്ടും ഖത്തര്‍ മധ്യസ്ഥത: ബന്ദികള്‍ക്ക് മരുന്നും ഗാസയിലേക്ക് കൂടുതല്‍ സഹായവുമെത്തിക്കാന്‍ ഇസ്രയേല്‍-ഹമാസ് ധാരണ

വീണ്ടും ഖത്തര്‍ മധ്യസ്ഥത: ബന്ദികള്‍ക്ക് മരുന്നും ഗാസയിലേക്ക് കൂടുതല്‍ സഹായവുമെത്തിക്കാന്‍ ഇസ്രയേല്‍-ഹമാസ് ധാരണ

ദോഹ: ഖത്തറിന്റെ മധ്യസ്ഥതയില്‍ ഇസ്രയേലും ഹമാസും നടത്തിയ ചര്‍ച്ചയില്‍ ബന്ദികള്‍ക്ക് മരുന്നും ഗാസയിലേക്ക് കൂടുതല്‍ സഹായവുമെത്തിക്കാന്‍ തീരുമാനം.

ഹമാസ് ബന്ദികളാക്കിയവരില്‍ പലരും അസുഖ ബാധിതരാണ്. ഇവര്‍ക്ക് ഈജിപ്ത് വഴി മരുന്ന് എത്തിക്കാനാണ് ധാരണ. ഇതിന് പകരമായാണ് ഗാസയിലേക്ക് കൂടുതല്‍ സഹായമെത്തിക്കാന്‍ ഇസ്രയേല്‍ അനുമതി നല്‍കിയത്.

ഹമാസിനെ പൂര്‍ണമായി ഇല്ലാതാക്കാതെ യുദ്ധം അവസാനിപ്പിക്കില്ലെന്ന് ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവും യുദ്ധം അവസാനിപ്പിക്കാതെ ബന്ദികളെ വിട്ടു തരില്ലെന്ന് ഹമാസും നിലപാടെടുത്ത സാഹചര്യത്തില്‍ ബന്ദികളുടെ മോചനവും ഗാസയിലെ ആക്രമണവും നീളും.

അതിനിടെ ചെങ്കടലില്‍ കപ്പലിന് നേരെ വീണ്ടും ഹൂതികളുടെ ആക്രമണമുണ്ടായി. യമന്റെ വടക്ക് പടിഞ്ഞാറന്‍ പ്രദേശമായ സലീഫില്‍ നിന്ന് 100 നോട്ടിക്കല്‍ മൈല്‍ അകലെയാണ് ആക്രമണം. മാള്‍ട്ടയുടെ പതാകയുള്ള, ഗ്രീക്ക് ഉടമസ്ഥതയിലുള്ള കപ്പലിനെ ലക്ഷ്യമാക്കി മിസൈല്‍ പതിച്ചതായി ഒഗ്രീക്ക് ഷിപ്പിങ് മന്ത്രാലയം അറിയിച്ചു.

ഇരുപത്തിനാല് ജീവനക്കാരുമായി വിയറ്റ്നാമില്‍ നിന്ന് ഇസ്രയേലിലേക്ക് പോവുകയായിരുന്ന സോഗ്രാഫിയ എന്ന കപ്പലിന് നേരെയാണ് ആക്രമണമുണ്ടായത്. ആക്രമണത്തില്‍ നാശനഷ്ടങ്ങളില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍.

ചെങ്കടലില്‍ കപ്പലിനെ വീണ്ടും ഹൂതികള്‍ ആക്രമിച്ചതോടെ മേഖല കൂടുതല്‍ സംഘര്‍ഷ ഭരിതമാവുകയാണ്. ചെങ്കടല്‍ വഴിയുള്ള എല്ലാ ചരക്കുകടത്തും നിര്‍ത്തി വെച്ചതായി ബ്രിട്ടീഷ് എണ്ണ കമ്പനിയായ ഷെല്‍ അറിയിച്ചു.

ജിബ്രാള്‍ട്ടര്‍ ഈഗിള്‍ എന്ന അമേരിക്കന്‍ ചരക്ക് കപ്പലിന് നേരെയും ഹൂതികള്‍ കഴിഞ്ഞ ദിവസം മിസൈല്‍ ആക്രമണം നടത്തിയിരുന്നു. ഹൂതികളുടെ തുടര്‍ച്ചയായ ആക്രമണങ്ങളെ തുടര്‍ന്ന് ചെങ്കടലിലൂടെയുള്ള ചരക്കു നീക്കം ആഴ്ചകളായി തടസപ്പെട്ടിരിക്കുകയാണ്.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.