അടിക്കടി, തിരിച്ചടി; രണ്ടാം സൂപ്പര്‍ ഓവറില്‍ സൂപ്പറായി ഇന്ത്യ, അഫ്ഗാനെതിരെ പരമ്പര തൂത്തുവാരി

അടിക്കടി, തിരിച്ചടി; രണ്ടാം സൂപ്പര്‍ ഓവറില്‍ സൂപ്പറായി ഇന്ത്യ, അഫ്ഗാനെതിരെ പരമ്പര തൂത്തുവാരി

ബെംഗളൂരു: റണ്‍സ് മഴ പെയ്ത മല്‍സരത്തിന്റെ ആവേശം രണ്ടാം സൂപ്പര്‍ ഓവര്‍ വരെ നീണ്ടെങ്കിലും ഒടുവില്‍ വിജയം കൈയെത്തിപിടിച്ച് ഇന്ത്യ. നിശ്ചിത ഓവറിലും ആദ്യ സൂപ്പര്‍ ഓവറിലും സ്‌കോര്‍ സമനിലയിലായതോടെയാണ് കളി രണ്ടാം സൂപ്പര്‍ ഓവറിലേക്ക് നീണ്ടത്.

രണ്ടാം സൂപ്പര്‍ ഓവര്‍ പക്ഷേ ബൗള്‍ ചെയ്യാന്‍ രവി ബിഷ്‌ണോയിയെ പന്ത് ഏല്‍പ്പിച്ച നായകന്റെ തീരുമാനം തെറ്റിയില്ല. മൂന്നു പന്തുകള്‍ക്കുള്ളില്‍ രണ്ട് വിക്കറ്റെടുത്ത് ബിഷ്‌ണോയി ഇന്ത്യയ്ക്ക് വിജയം സമ്മാനിച്ചു. ഇതോടെ പരമ്പരയും ഇന്ത്യ തൂത്തുവാരി.

നേരത്തെ ടോസ് നേടി ബാറ്റിംഗ് തെരഞ്ഞെടുത്ത ഇന്ത്യയുടെ തുടക്കം തകര്‍ച്ചയോടെയായിരുന്നു. ജയ്‌സ്വാള്‍ (4), കോലി (0), ദുബെ (1), സഞ്ജു (0) എന്നിവര്‍ കൂടാരം കയറുമ്പോള്‍ ഇന്ത്യയുടെ സ്‌കോര്‍ ബോര്‍ഡില്‍ 22 റണ്‍സ് മാത്രം. തുടര്‍ന്ന് ക്രീസില്‍ ഒന്നിച്ച നായകന്‍ രോഹിത് ശര്‍മയും റിങ്കു സിംഗും ചേര്‍ന്ന് തകര്‍ത്തടിച്ചപ്പോള്‍ 100 കടക്കില്ലെന്നു തോന്നിയ സ്‌കോര്‍ 200ഉം കടന്നു.

കരിയറിലെ അഞ്ചാം ടി20 സെഞ്ചുറി കുറിച്ച നായകന്‍ രോഹിത് ശര്‍മ 69 പന്തില്‍ നിന്ന് 121 റണ്‍സോടെയും റിങ്കു സിംഗ് 39 പന്തില്‍ നിന്ന് 69 റണ്‍സോടെയും പുറത്താകാതെ നിന്നു. അഭേദ്യമായ അഞ്ചാം വിക്കറ്റ് കൂട്ടുകെട്ടില്‍ ഇരുവരും ചേര്‍ന്ന് 190 റണ്‍സ് കൂട്ടിച്ചേര്‍ത്തു.

മറുപടി ബാറ്റിംഗിനിറങ്ങിയ അഫ്ഗാന് ഓപ്പണര്‍മാര്‍ മികച്ച തുടക്കം നല്‍കി. ഓപ്പണിംഗ് വിക്കറ്റില്‍ ഗുര്‍ബാസ് (32 പന്തില്‍ നിന്ന് 50 റണ്‍സ്), ഇബ്രാഹിം സദ്രാന്‍ (41 പന്തില്‍ നിന്ന് 50 റണ്‍സ്) 10.6 ഓവറില്‍ 93 റണ്‍സ് കൂട്ടിച്ചേര്‍ത്തു. ഗുല്‍ബാദിന്‍ നയിബ് 23 പന്തില്‍ നിന്ന് 55 റണ്‍സ് നേടി പുറത്താകാതെ നിന്നു. 16 പന്തില്‍ നിന്ന് 34 റണ്‍സ് നേടി നബിയും നിര്‍ണായക സംഭാവന നല്‍കി.

ഇന്ത്യയ്ക്ക് വേണ്ടി സുന്ദര്‍ 3 ഓവറില്‍ 18 റണ്‍സ് വഴങ്ങി മൂന്ന് വിക്കറ്റ് നേടി. കുല്‍ദീപ് യാദവ്, ആവേശ് ഖാന്‍ എന്നിവര്‍ ഓരോ വിക്കറ്റ് വീതം പങ്കുവെച്ചു.

ആദ്യ സൂപ്പര്‍ ഓവറില്‍ ആദ്യം ബാറ്റ് ചെയ്ത അഫ്ഗാന്‍ 17 റണ്‍സ് വിജയലക്ഷ്യം മുന്നോട്ടുവെച്ചു. എന്നാല്‍ ഇന്ത്യയുടെ സ്‌കോര്‍ 16ല്‍ അവസാനിച്ചതോടെ രണ്ടാം സൂപ്പര്‍ ഓവറിന് വഴിതെളിഞ്ഞു. രണ്ടാം സൂപ്പര്‍ ഓവറില്‍ 3 പന്തില്‍ നിന്ന് 11 റണ്‍സ് നേടിയ നായകന്‍ രോഹിത് ശര്‍മയുടെ മികവില്‍ ഇന്ത്യ 12 റണ്‍സിന്റെ വിജയലക്ഷ്യം ആണ് ഉയര്‍ത്തിയത്.

ആദ്യ പന്തില്‍ സിക്‌സും രണ്ടാം പന്തില്‍ ബൗണ്ടറിയും കണ്ടെത്തിയ ഇന്ത്യന്‍ നായകന്‍ മൂന്നാം പന്തില്‍ സിംഗിള്‍ എടുത്തു. നാലാം പന്തില്‍ ഓപ്പണ്‍ ചെയ്ത റിങ്കു സിംഗ് കീപ്പര്‍ക്ക് ക്യാച്ച് നല്‍കി മടങ്ങി. അഞ്ചാം പന്തില്‍ ബാറ്റ് ചെയ്ത സഞ്ജുവിന് പന്ത് കണക്ട് ചെയ്യാനായില്ല. ഇതോടെ ഇല്ലാത്ത റണ്‍സിന് ഓടി രോഹിത് ശര്‍മ റണ്ണൗട്ടായതോെട അഫ്ഗാന് ലക്ഷ്യം 12 റണ്‍സായി ചുരുങ്ങി.

ആദ്യ പന്തില്‍ നബിയെ പുറത്താക്കിയ ബിഷ്‌ണോയി മൂന്നാം പന്തില്‍ ഗുര്‍ബാസിനെയും പുറത്താക്കി ഇന്ത്യയ്ക്ക് വിജയം സമ്മാനിച്ചു. രണ്ട് പേരെയും റിങ്കു സിംഗ് ആണ് ക്യാച്ചെടുത്തത്. രോഹിത് ശര്‍മയാണ് പ്ലെയര്‍ ഓഫ് ദ മാച്ച്. ഇന്നത്തെ മല്‍സരത്തില്‍ തിളങ്ങാനായില്ലെങ്കിലും ആദ്യ രണ്ട് മല്‍സരങ്ങളിലും അര്‍ധസെഞ്ചുറി നേടിയ ശിവം ദുബെയാണ് പ്ലെയര്‍ ഓഫ് ദ സീരിസ്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.