ഇറാന് തിരിച്ചടി നല്‍കി പാക്കിസ്ഥാന്‍; ഭീകര കേന്ദ്രങ്ങളിലേക്ക് മിസൈല്‍ ആക്രമണം

ഇറാന് തിരിച്ചടി നല്‍കി പാക്കിസ്ഥാന്‍; ഭീകര കേന്ദ്രങ്ങളിലേക്ക് മിസൈല്‍ ആക്രമണം

ഇസ്ലാമാബാദ്: ഇറാൻ നടത്തിയ ആക്രമണത്തിന് തിരിച്ചടി നൽകി പാക്കിസ്ഥാൻ. ഇറാനിലെ രണ്ട് ബലൂച് വിഘടനവാദി താവളങ്ങളെ ലക്ഷ്യമിട്ട് പാക്കിസ്ഥാൻ മിസൈൽ ആക്രമണം നടത്തി. ഇറാനുമായുള്ള നയതന്ത്ര ബന്ധം വിച്ഛേദിക്കുകയും ചെയ്തിട്ടുണ്ട് പാക്കിസ്ഥാൻ. ഇറാന്റെ ആക്രമണത്തിൽ പ്രതിഷേധിച്ച് തെഹ്‌റാനിലെ അംബാസഡറെ നേരത്തെ പാകിസ്ഥാൻ തിരിച്ച് വിളിച്ചിരുന്നു. ഇതിനു പിന്നാലെയായിരുന്നു നയതന്ത്രബന്ധം വിച്ഛേദിച്ചത്. ശക്തമായ പ്രത്യാഘാതമുണ്ടാകുമെന്ന് മുന്നറിയിപ്പ് നൽകുകയും ചെയ്തിരുന്നു.

കഴിഞ്ഞ ദിവസം പാക്കിസ്ഥാനിലെ ജയ്‌ശെ അല്‍ അദ്ല്‍ സംഘനടയുടെ ആസ്ഥാനത്തേക്ക് ഇറാന്‍ മിസൈല്‍ ആക്രമണം നടത്തിയിരുന്നു. പാക് മണ്ണില്‍ നടത്തിയ ആക്രമണത്തിന് തിരിച്ചടിയുണ്ടാകുമെന്ന് പാകിസ്ഥാന്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു. ബലൂചിസ്ഥാന്റെ തെക്ക് പടിഞ്ഞാറന്‍ പ്രവിശ്യയില്‍ ഇറാന്‍ നടത്തിയ മിസൈല്‍ ആക്രമണത്തില്‍ രണ്ട് കുട്ടികള്‍ കൊല്ലപ്പെട്ടിരുന്നു. മൂന്ന് പേര്‍ക്ക് ഗുരുതര പരിക്കേറ്റു. തീവ്രവാദ സംഘടനയുടെ രണ്ട് താവളങ്ങള്‍ ലക്ഷ്യമിട്ടുള്ള ആക്രമണമാണ് നടത്തിയതെന്നാണ് ഇറാന്‍ സൈന്യം പറയുന്നത്. തെഹ്റാനിലെ നയതന്ത്ര പ്രതിനിധിയെ പാകിസ്ഥാന്‍ മടക്കി വിളിച്ചു.

പാക്കിസ്ഥാനിലെ ഇറാന്‍ നയതന്ത്ര പ്രതിനിധിയെയും പാക്കിസ്ഥാന്‍ പുറത്താക്കി. ഇറാനിലേക്കുള്ള ഉന്നത തല സന്ദര്‍ശനങ്ങളെല്ലാം പാക്കിസ്ഥാന്‍ റദ്ദാക്കി. നേരത്തെ ആസൂത്രണം ചെയ്ത സന്ദര്‍ശനങ്ങളും ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്നതുമായവ ആണ് റദ്ദാക്കിയിരിക്കുന്നത്. തീവ്രവാദ ക്യാമ്പുകളെ ലക്ഷ്യമിട്ടാണ് ആക്രമണം നടത്തിയതെന്നാണ് ഇറാന്‍ അവകാശപ്പെടുന്നത്. എന്നാല്‍ പാക്കിസ്ഥാനുമായുള്ള ബന്ധം ഇതോടെ വഷളായിരിക്കുകയാണ്. ഇറാനുമായി ഏറ്റവും അടുത്ത ബന്ധത്തിലായിരുന്നു പാക്കിസ്ഥാന്‍.

ഇറാനില്‍ സൈനികര്‍ക്ക് നേരെ ആക്രമണം പതിവാക്കിയ ഗ്രൂപ്പാണ് ജയ്‌ശെ അല്‍ - അദല്‍. ബലൂചിസ്ഥാന്റെയും അവിടത്തെ ജനങ്ങളുടെയും പൂര്‍ണ മോചനമാണ് തങ്ങള്‍ ലക്ഷ്യം വെക്കുന്നതെന്നാണ് അവര്‍ അവകാശപ്പെടുന്നത്. സലാഹുദ്ദീന്‍ ഫാറൂഖിയാണ് ഇപ്പോഴത്തെ തലവന്‍. അദേഹത്തിന്റെ സഹോദരന്‍ അമീര്‍ നറൂയിയെ അഫ്ഗാനിസ്ഥാനില്‍ താലിബാന്‍ കൊലപ്പെടുത്തിയിരുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.