'വൈദികര്‍ക്ക് തോന്നും വിധം കുര്‍ബാന അര്‍പ്പിക്കാനാകില്ല: സഭയും ആരാധനാ ക്രമവും അനുശാസിക്കുന്ന രീതിയിലായിരിക്കണം': മുന്നറിയിപ്പ് നല്‍കി മാര്‍ റാഫേല്‍ തട്ടില്‍

'വൈദികര്‍ക്ക് തോന്നും വിധം കുര്‍ബാന അര്‍പ്പിക്കാനാകില്ല: സഭയും ആരാധനാ ക്രമവും അനുശാസിക്കുന്ന രീതിയിലായിരിക്കണം': മുന്നറിയിപ്പ് നല്‍കി മാര്‍ റാഫേല്‍ തട്ടില്‍


'നമ്മുടെ സൗകര്യത്തിനനുസരിച്ച് മാറ്റാവുന്ന ഒന്നല്ല ആരാധന ക്രമം. സഭയ്ക്ക് കൃത്യമായ ചട്ടക്കൂടുകള്‍ ഉണ്ട്'.

കൊച്ചി: കുര്‍ബാന അര്‍പ്പണവുമായി ബന്ധപ്പെട്ട തര്‍ക്കത്തില്‍ വൈദികര്‍ക്ക് മുന്നറിയിപ്പുമായി സിറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച് ബിഷപ്പ് മാര്‍ റാഫേല്‍ തട്ടില്‍. വൈദികര്‍ക്ക് തോന്നും വിധം കുര്‍ബാന അര്‍പ്പിക്കാനാകില്ല. കുര്‍ബാന അര്‍പ്പണം സഭയും ആരാധനാ ക്രമവും അനുശാസിക്കുന്ന രീതിയിലായിരിക്കണമെന്നും മേജര്‍ ആര്‍ച്ച് ബിഷപ്പ് വ്യക്തമാക്കി.

നെടുങ്കണ്ടം സെന്റ് സെബാസ്റ്റ്യന്‍സ് ചര്‍ച്ച് കൂദാശാ കര്‍മ്മത്തിനിടെയാണ് മേജര്‍ ആര്‍ച്ച് ബിഷപ്പ് റാഫേല്‍ തട്ടിലിന്റെ മുന്നറിയിപ്പ്. വൈദികരുടെ സൗകര്യം അനുസരിച്ച് കുര്‍ബാന സമയം തീരുമാനിക്കുന്ന ശീലവും മാറണം. കുര്‍ബാന സമയം ക്രമീകരിക്കേണ്ടത് വിശ്വാസികളുടെ സൗകര്യത്തിന് അനുസരിച്ചായിരിക്കണമെന്നും അദേഹം നിര്‍ദേശിച്ചു.

നമ്മുടെ സൗകര്യത്തിനനുസരിച്ച് മാറ്റാവുന്ന ഒന്നല്ല ആരാധന ക്രമമെന്നും സഭയ്ക്ക് കൃത്യമായ ചട്ടക്കൂടുകള്‍ ഉണ്ടെന്നും മാര്‍ റാഫേല്‍ തട്ടില്‍ ഓര്‍മ്മിപ്പിച്ചു. ഇപ്പോള്‍ കടന്നു പോകുന്നത് വലിയ പ്രതിസന്ധിയിലൂടെയാണെന്നും അദേഹം പറഞ്ഞു.

സിറോ മലബാര്‍ സഭയില്‍ ഏകീകൃത കുര്‍ബാന നടത്തണമെന്ന് സിനഡ് രേഖാമൂലം ആവശ്യപ്പെട്ടിട്ടുണ്ട്. കഴിഞ്ഞ സിനഡിന്റെ അവസാന ദിനമായ ജനുവരി 13 ന് മേജര്‍ ആര്‍ച്ച് ബിഷപ്പ് റാഫേല്‍ തട്ടിലിന്റെ അധ്യക്ഷതയില്‍ സമ്മേളിച്ച സിനഡില്‍ പങ്കെടുത്ത 49 മെത്രാന്മാരും ആര്‍ച്ച് ബിഷപ്പും ഒപ്പു വെച്ച സര്‍ക്കുലറാണ് വൈദികര്‍ക്ക് അയച്ചിട്ടുള്ളത്.

അടുത്ത ഞായറാഴ്ച ഇത് പളളികളില്‍ വായിക്കണം. മാര്‍പ്പാപ്പയുടെ നിര്‍ദേശം നിര്‍ബന്ധമായും നടപ്പാക്കണമെന്നാണ് എറണാകുളം- അങ്കമാലി അതിരൂപതയോടടക്കം സര്‍ക്കുലര്‍ ആവശ്യപ്പെട്ടിരിക്കുന്നത്.

2023 ഡിസംബര്‍ 25 മുതല്‍ എറണാകുളം അങ്കമാലി അതിരൂപതയില്‍ സഭയുടെ ഏകീകൃത രീതിയിലുള്ള കുര്‍ബാന അര്‍പ്പിക്കണമെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ കത്ത് മുഖേനേയും വീഡിയോ സന്ദേശത്തിലൂടെയും നേരത്തേ ആഹ്വാനം ചെയ്തിരുന്നു. സഭയില്‍ നിലവിലുള്ള അഭിപ്രായ ഭിന്നതകള്‍ മറന്ന് മാര്‍പാപ്പയുടെ ആഹ്വാനം നടപ്പിലാക്കണമെന്നാണ് സര്‍ക്കുലറില്‍ വ്യക്തമാക്കുന്നത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.