വത്തിക്കാൻ സിറ്റി: ജനുവരി പതിനേഴിന് ഫ്രാൻസിസ് മാർപാപ്പ തന്റെ ഞായറാഴ്ച ദിന സന്ദേശം ദൃശ്യശ്രാവ്യ മാധ്യമങ്ങളിൽക്കൂടെ ജനത്തിന് നൽകി. ദൈവത്തിന്റെ വിളിക്കുവേണ്ടി ഒരാൾ തന്റെ ജീവിതം സമർപ്പിക്കുമ്പോൾ വലിയ സന്തോഷം ലഭിക്കുമെന്ന് ഫ്രാൻസിസ് മാർപാപ്പ തന്റെ ഞായറാഴ്ച ദിന സന്ദേശത്തിൽ പറഞ്ഞു. “നമ്മിൽ ഓരോരുത്തർക്കും വേണ്ടിയുള്ള പദ്ധതി നടപ്പാക്കുന്നതിന് വ്യത്യസ്ത മാർഗങ്ങളുണ്ട്. അത് എല്ലായ്പ്പോഴും സ്നേഹത്തിന്റെ പദ്ധതിയാണ്. ഓരോ വിശ്വാസിക്കും ലഭിക്കുന്ന ഏറ്റവും വലിയ സന്തോഷം, ഈ വിളിയോട് പ്രതികരിക്കുക, ദൈവത്തിന്റെയും സഹോദരങ്ങളുടെയും സേവനത്തനായി തന്നെത്തന്നെ അർപ്പിക്കുക എന്നതാണ്,” ഫ്രാൻസിസ് മാർപാപ്പ പറഞ്ഞു.
ദൈവം ആരെയെങ്കിലും വിളിക്കുമ്പോഴെല്ലാം അത് അവൻ മുൻകൈ എടുത്തു തന്റെ സ്നേഹത്തിലേക്ക് വിളിക്കുന്നതാണ്. “ദൈവം ജീവിതത്തിലേക്ക് വിളിക്കുന്നു, വിശ്വാസത്തിലേക്ക് വിളിക്കുന്നു, ജീവിതത്തിലെ ഒരു പ്രത്യേക അവസ്ഥയിലേക്ക് വിളിക്കുന്നു,”പാപ്പാ പറഞ്ഞു. ദൈവത്തിന്റെ ആദ്യ വിളി ജീവിതത്തിലേക്കാണ്; അതിലൂടെ അവൻ നമ്മെ വ്യക്തികളാക്കുന്നു. അപ്പോൾ ദൈവം നമ്മെ വിശ്വാസത്തിലേക്കും ദൈവമക്കളായി തന്റെ കുടുംബത്തിന്റെ ഭാഗമാകാനും വിളിക്കുന്നു. അവസാനമായി, ദൈവം നമ്മെ ജീവിതത്തിലെ ഒരു പ്രത്യേക അവസ്ഥയിലേക്ക് വിളിക്കുന്നു: വിവാഹത്തിന്റെ പാതയിലോ പൗരോഹിത്യത്തിലോ ഒരു സമർപ്പിത ജീവിതത്തിലേക്കോ സ്വയം സമർപ്പിക്കാൻ.
യോഹന്നാന്റെ സുവിശേഷത്തിൽ യേശുവിന്റെ ശിഷ്യന്മാരായ അന്ത്രയോസ് ശിമയോൻ പത്രോസ് എന്നിവരുമായുള്ള ആദ്യ കണ്ടുമുട്ടലിനെക്കുറിച്ചും ഇവരെ വിളിച്ചതിനെക്കുറിച്ചും മാർപ്പാപ്പ എടുത്തുപറഞ്ഞു. “രണ്ടുപേരും അവനെ അനുഗമിക്കുകയും ആ ഉച്ചതിരിഞ്ഞ് അവനോടൊപ്പം താമസിക്കുകയും ചെയ്തു. അവർ അവനോട് ചോദ്യങ്ങൾ ചോദിക്കുകയും എല്ലാറ്റിനുമുപരിയായി അവനെ ശ്രവിക്കുകയും ചെയ്തു. ഗുരു സംസാരിക്കുമ്പോൾ അവരുടെ ഹൃദയം കൂടുതൽ ജ്വലിച്ചു" പാപ്പാ പറഞ്ഞു. അവരുടെ ഏറ്റവും വലിയ പ്രതീക്ഷയ്ക്ക് അനുകൂലമായി പ്രതികരിക്കുന്ന വാക്കുകളുടെ മനോഹാരിത അവർ മനസ്സിലാക്കുന്നു. വൈകുന്നേരമാണെങ്കിലും ദൈവത്തിനു മാത്രമേ അങ്ങനെ ഒരു വെളിച്ചം അവരുടെ ഉള്ളിൽ പ്രതിഫലിപ്പിക്കാൻ കഴിയൂ എന്ന് അവർ കണ്ടെത്തുന്നു. അവർ സഹോദരന്മാരുടെ അടുത്തേക്ക് മടങ്ങുമ്പോൾ, ആ സന്തോഷം, ഈ വെളിച്ചം അവരുടെ ഹൃദയങ്ങളിൽ നിന്ന് നദി പോലെ ഒഴുകുന്നു. രണ്ടുപേരിൽ ഒരാളായ അന്ത്രയോസ് തന്റെ സഹോദരനായ ശിമോനോട് പറയുന്നു (പിന്നീട് യേശു ശിമെയോനെ കണ്ടുമുട്ടുമ്പോൾ അവനെയും വിളിക്കുന്നുണ്ട്) ‘ഞങ്ങൾ മിശിഹായെ കണ്ടെത്തി.”
ദൈവത്തിന്റെ വിളി എല്ലായ്പ്പോഴും സ്നേഹമാണെന്നും എല്ലായ്പ്പോഴും പ്രതികരിക്കേണ്ടത് സ്നേഹത്തോടെയാണെന്നും ഫ്രാൻസിസ് മാർപാപ്പ പറഞ്ഞു. ദൈവത്തിന്റെ വിളിയെ നാം അഭിമുഖീകരിക്കുന്നത് പലവഴികളിലൂടെയാണ്; അത് വ്യക്തികളിലൂടെയോ സന്തോഷകരമോ ദുഃഖകരമോ ആയ അനുഭവങ്ങളിലൂടെയോ ആവാം. അവയോടുള്ള നമ്മുടെ മനോഭാവം തന്നെ തിരസ്കരണത്തിന്റേതാവാം. നാം അവയെ ഭയപ്പെട്ടേക്കാം കാരണം, അവ നമ്മുടെ താല്പര്യങ്ങൾക്കെതിരാവാം അല്ലെങ്കിൽ നമ്മിൽനിന്നും കൂടുതൽ കാര്യങ്ങൾ ആവശ്യപ്പെടുന്നുണ്ടാവാം അതുമല്ലെങ്കിൽ കേൾക്കുമ്പോൾ അത്ര സുഖം തരുന്ന കാര്യങ്ങളാവില്ല അവ. ദൈവം അവിടെയും ഞാൻ ഇവിടെയും ആയിരുന്നുകൊണ്ട് എന്റെ 'സമാധാന' ജീവിതം തുടരാൻ ആഗ്രഹിച്ചേക്കാം. എന്നാൽ ദൈവത്തിന്റെ വിളി സ്നേഹമാണ്. ഓരോ വിളിക്കു പിന്നിലുമുള്ള സ്നേഹം തിരിച്ചറിയാനും ആ വിളിയോട് സ്നേഹത്തോടെ പ്രതികരിക്കാനും നമുക്ക് കഴിയണമെന്ന് പാപ്പാ പറഞ്ഞു.
“തുടക്കം ഒരു കണ്ടുമുട്ടൽ ആണ് . പിതാവിനെക്കുറിച്ച് നമ്മോട് സംസാരിക്കുന്ന യേശുവുമായിട്ടുള്ള കണ്ടുമുട്ടൽ. അവിടുത്തെ സ്നേഹം നമ്മെ അവിടുന്ന് അറിയിക്കുന്നു. ആ സ്നേഹം നമ്മൾ ഇഷ്ടപ്പെടുന്ന ആളുകളെ അറിയിക്കാനുള്ള ആഗ്രഹം നമ്മിൽ സ്വയമേ ഉയരുന്നു: 'ഞാൻ സ്നേഹം അറിഞ്ഞു', 'ഞാൻ മിശിഹായെ കണ്ടു, 'ഞാൻ ദൈവത്തെ കണ്ടു,' 'ഞാൻ യേശുവിനെ കണ്ടു,' 'ജീവിതത്തിന്റെ അർത്ഥം ഞാൻ കണ്ടെത്തി' ‘ഞാൻ ദൈവത്തെ കണ്ടെത്തി'... എന്നിങ്ങനെ. “ദൈവം തന്നെത്തന്നെ ഒരു വിളിയിലൂടെ വെളിപ്പെടുത്തിയ" നിമിഷത്തെ ഓർത്തെടുക്കാൻ മാർപ്പാപ്പ എല്ലാവരെയും ആഹ്വാനം ചെയ്തു .
ജനുവരി 15 ന് ഉണ്ടായ ശക്തമായ ഭൂകമ്പത്തിൽ കഷ്ടതയനുഭവിക്കുന്ന ഇന്തോനേഷ്യയിലെ സുലവേസി ദ്വീപിലെ ജനങ്ങളോട് ഫ്രാൻസിസ് മാർപാപ്പ തന്റെ സ്നേഹം പ്രകടിപ്പിച്ചു. “മരിച്ചവർക്കും പരിക്കേറ്റവർക്കും വീടും ജോലിയും നഷ്ടപ്പെട്ടവർക്കുവേണ്ടിയും ഞാൻ പ്രാർത്ഥിക്കുന്നു. കർത്താവ് അവരെ ആശ്വസിപ്പിക്കുകയും സഹായിക്കാൻ പ്രതിജ്ഞാബദ്ധരായവരുടെ ശ്രമങ്ങളെ സഹായിക്കുകയും ചെയ്യട്ടെ, ”മാർപ്പാപ്പ പറഞ്ഞു. “ക്രിസ്ത്യൻ ഐക്യത്തിനായുള്ള പ്രാർത്ഥന വാരം” ജനുവരി 18 ന് ആരംഭിക്കുമെന്നും ഫ്രാൻസിസ് മാർപാപ്പ ഓർമ്മിപ്പിച്ചു. ഈ വർഷത്തെ വിഷയം “എന്റെ സ്നേഹത്തിൽ തുടരുക, നിങ്ങൾ ധാരാളം ഫലം പുറപ്പെടുവിക്കും” എന്നതാണ്. ഈ ദിവസങ്ങളിൽ, എല്ലാവരും ഒന്നായിരിക്കാനുള്ള യേശുവിന്റെ ആഗ്രഹം നിറവേറ്റുന്നതിനായി ഒരുമിച്ച് പ്രാർത്ഥിക്കാം ഐക്യം എപ്പോഴും സംഘട്ടനത്തേക്കാൾ ശ്രേഷ്ഠമാണ് എന്നും മാർപാപ്പാ പറഞ്ഞു.
പതിവുപോലെ കർത്താവിന്റെ മാലാഖ ചൊല്ലി മറിയത്തോട് മാധ്യസ്ഥം അപേക്ഷിച്ച് എല്ലാവർക്കും ആശീർവാദം കൊടുത്തു മാർപാപ്പാ തന്റെ ഞായറാഴ്ച സന്ദേശം അവസാനിപ്പിച്ചു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26