വാഷിംഗ്ടൺ ഡിസി: കൂടുതൽ ജീവനക്കാരെ ഈ വർഷം പിരിച്ച് വിട്ടേക്കുമെന്ന് ജീവനക്കാർക്ക് മുന്നറിയിപ്പുമായി ഗൂഗിൾ സിഇഒ സുന്ദർ പിച്ചൈ. ആൽഫബെറ്റിന്റെ ഉടമസ്ഥതയിലുള്ള കമ്പനിയിലെ വിവിധ ജോലികൾ വെട്ടിക്കുറക്കുമെന്ന് അദേഹം പറഞ്ഞതായി ജീവനക്കാർക്കുള്ള ഇന്റേണൽ മെമ്മോ ഉദ്ധരിച്ച് വിവിധ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
ഗൂഗിൾ പിക്‌സൽ, നെസ്റ്റ്, ഫിറ്റ്‌ബിറ്റ് എന്നിവയുടെ ഉത്തരവാദിത്തമുള്ള ഹാര്‍ഡ് വെയര്‍ ടീമുകൾ, സെന്‍ട്രല്‍ എഞ്ചിനീയറിങ് ടീമുകള്‍, ഗൂഗിള്‍ അസിസ്റ്റന്റ് എന്നിവയുള്‍പ്പെടെ നിരവധി വിഭാഗങ്ങളിലെ ജീവനക്കാരെ ഗൂഗിള്‍ അടുത്തിടെ പിരിച്ചുവിട്ടിരുന്നു. കഴിഞ്ഞ വര്‍ഷം ജനുവരിയില്‍ കമ്പനിയിലെ 12,000 പേര്‍ക്കായിരുന്നു തൊഴില്‍ നഷ്ടമായത്.
വിവിധ തരത്തിലുള്ള മാനേജ്മെന്റ് തലങ്ങൾ ഒഴിവാക്കി പ്രവർത്തനങ്ങളെ കാര്യക്ഷമമാക്കുക, കാര്യക്ഷമത പ്രോത്സാഹിപ്പിക്കുക, പ്രത്യേക മേഖലകളിൽ വേഗത വർധിപ്പിക്കുക തുടങ്ങിയ ലക്ഷ്യങ്ങളോടെയാണ് ഈ വർഷത്തെ പിരിച്ചുവിടലുകളെന്ന് സുന്ദർ പിച്ചൈ മെമ്മോയിൽ സൂചിപ്പിച്ചു. അതേ സമയം കഴിഞ്ഞ വർഷവുമായി താരതമ്യം ചെയ്യുമ്പോൾ ഇത്തവണത്തെ ജോലി വെട്ടിക്കുറക്കലുകൾ എല്ലാ ടീമുകളെയും ബാധിക്കില്ലെന്നും അദേഹം വ്യക്തമാക്കി.
ജോലി ഭാരം ലഘൂകരിക്കാൻ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സോഫ്‌റ്റ്‌വെയറും ഓട്ടോമേഷനും സ്വീകരിക്കാൻ കമ്പനി ശ്രമിക്കുന്നതിനാൽ ഈ വർഷം തൊഴിൽ വെട്ടിക്കുറക്കൽ ഇനിയുമുണ്ടായേക്കുമെന്നാണ് സൂചന. എല്ലാ ജീവനക്കാർക്കും പുതിയ മെമ്മോ ഇമെയിൽ ആയി ലഭിച്ചതായി ഒരു ഗൂഗിൾ പ്രതിനിധി റോയിട്ടേഴ്സിനോട് സ്ഥിരീകരിച്ചിട്ടുണ്ട്. എന്നാൽ മെമ്മോയുടെ കൂടുതൽ ഉള്ളടക്കങ്ങൾ വെളിപ്പെടുത്താൻ തയ്യാറായില്ല.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.