പോര്‍ട്ട് ഓ പ്രിന്‍സ്: ഹെയ്തിയുടെ തലസ്ഥാനമായ പോര്‍ട്ട് ഓ പ്രിന്‍സില്‍ ബസില്‍ യാത്ര ചെയ്യുകയായിരുന്ന ആറ് കത്തോലിക്കാ കന്യാസ്ത്രീകളെയും മറ്റ് യാത്രക്കാരെയും തീവ്രവാദികള്‍ തട്ടിക്കൊണ്ടു പോയി. വെള്ളിയാഴ്ചയാണ് സംഭവം.
കോണ്‍ഗ്രിഗേഷന്‍ ഓഫ് സിസ്റ്റേഴ്സ് ഓഫ് സെന്റ് ആനില്‍ നിന്നുള്ള കന്യാസ്ത്രീകളാണ് തട്ടിക്കൊണ്ടു പോകലിന് ഇരയായവരെന്ന് കത്തോലിക്കാ സഭയുമായി ബന്ധപ്പെട്ട സംഘടനയായ ഹെയ്തിയന്‍ കോണ്‍ഫറന്‍സ് ഓഫ് റിലീജിയസിന്റെ പ്രസിഡന്റ് പി. മൊറാച്ചല്‍ ബോണ്‍ഹോം അറിയിച്ചു.
അക്രമികള്‍ ബസിലെ മറ്റ് യാത്രക്കാരെയും പിടിച്ചു കൊണ്ടു പോയിട്ടുണ്ട്. ഇവര്‍ എത്ര പേരുണ്ടെന്ന് വ്യക്തമല്ല. ഈ ഭയാനകമായ അവസ്ഥയില്‍ സെന്റ് ആനിലെ സഹോദരിമാര്‍ക്ക് ദൈവം ആത്മധൈര്യം പകരട്ടെയെന്ന് ബോണ്‍ഹോം പറഞ്ഞു.
ഹെയ്തിയിലെയും ലോകത്തിലെ മുഴുവന്‍ സമര്‍പ്പിതരുടെയും ഐക്യദാര്‍ഢ്യം പ്രയാസകരമായ ഈ പരീക്ഷണത്തെ മറികടക്കാന്‍ അവര്‍ക്ക് ശക്തി നല്‍കട്ടെയെന്നും അദേഹം കൂട്ടിച്ചേര്‍ത്തു.
തട്ടിക്കൊണ്ടു പോകലിന് കുപ്രസിദ്ധി നേടിയ രാജ്യമായ ഹെയ്തിയില്‍ നിരവധി അക്രമ, തീവ്രവാദ സംഘടനകളുണ്ട്. ഇവരില്‍ ആരാണ് സംഭവത്തിന് പിന്നിലെന്ന് വ്യക്തമായിട്ടില്ല.
2021 ല്‍ പ്രസിഡന്റ് ജോവനല്‍ മോയ്സിന്റെ കൊലപാതകത്തെ തുടര്‍ന്നുണ്ടായ അരാജകത്വത്തിനിടയില്‍ ശക്തി പ്രാപിച്ച സംഘങ്ങളാണ് രാജ്യത്തെ ഒട്ടുമിക്ക തട്ടിക്കൊണ്ടു പോകലിനും പിന്നിലുള്ളത്. അക്രമികള്‍ക്കായി അന്വേഷണം നടക്കുന്നതായി അധികൃതര്‍ അറിയിച്ചു.
രാജ്യത്ത് വര്‍ധിച്ചു വരുന്ന അക്രമങ്ങള്‍ ഭയന്ന് 1,65,000 ലധികം ഹെയ്തിക്കാര്‍ സ്വന്തം നാട് ഉപേക്ഷിച്ച് അന്യ രാജ്യങ്ങളിലേക്ക് പലായനം ചെയ്തതായി ഐക്യരാഷ്ട്ര സഭ ജൂണില്‍ പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.