കൊച്ചി: വിമാന യാത്രക്ക് പകരം സൗകര്യം ഏര്‍പ്പെടുത്താതെ വിമാന ടിക്കറ്റുകള്‍ റദ്ദാക്കിയ എയര്‍ലൈന്‍സും ഏജന്‍സിയും 64,442 രൂപ നഷ്ടപരിഹാരം നല്‍കാന്‍ ഉത്തരവ്. എറണാകുളം ജില്ല ഉപഭോക്തൃ തര്‍ക്ക പരിഹാര കോടതിയുടേതാണ് നടപടി.
മുന്‍ ജില്ലാ ജഡ്ജിയും കൊല്ലം ഉപഭോക്തൃതര്‍ക്ക പരിഹാര കമ്മീഷന്റെ അന്നത്തെ പ്രസിഡന്റുമായിരുന്ന ഇ.എം മുഹമ്മദ് ഇബ്രാഹിം, മെമ്പര്‍ സന്ധ്യാ റാണി എന്നിവരാണ് പരാതിക്കാര്‍. ഔദ്യോഗിക ആവശ്യത്തിനായിരുന്നു പരാതിക്കാരുടെ യാത്ര. ഡല്‍ഹിയില്‍ നിന്നും ബംഗളൂരു വഴി കൊച്ചിയില്‍ എത്തുന്ന വിമാന ടിക്കറ്റ് ആണ് ക്ലിയര്‍ ട്രിപ്പിന്റെ വെബ്‌സൈറ്റ് വഴി 11,582 രൂപ നല്‍കി ബുക്ക് ചെയ്തത്. എന്നാല്‍ യാത്രയ്ക്കായി നിശ്ചയിച്ച ദിവസത്തിന് 13 ദിവസം മുന്‍പ് വിമാന കമ്പനി ടിക്കറ്റുകള്‍ റദ്ദാക്കി.
റീ ബുക്കിങോ ഫുള്‍ റീ ഫണ്ടോ നല്‍കാമെന്നായിരുന്നു കമ്പനിയുടെ വാഗ്ദാനം. എന്നാല്‍ വാഗ്ദാനം കമ്പനി പാലിച്ചില്ല. തുടര്‍ന്ന് 19,743 രൂപ നല്‍കി പരാതിക്കാര്‍ക്ക് രണ്ട് ടിക്കറ്റുകള്‍ ബുക്ക് ചെയ്യേണ്ടി വന്നു. എയര്‍ലൈന്‍ കമ്പനിയുടെ നിയന്ത്രണത്തില്‍ അല്ലാത്ത കാരണങ്ങളിലാണ് വിമാന സര്‍വീസ് റദ്ദാക്കിയതെന്നും എയര്‍ലൈന്‍സ് ചട്ട പ്രകാരം നഷ്ടപരിഹാരം നല്‍കാനുള്ള ബാധ്യത തങ്ങള്‍ക്ക് ഇല്ലെന്നും വിമാനക്കമ്പനി ബോധിപ്പിക്കുകയായിരുന്നു.
എന്നാല്‍ വിമാനത്തിന്റെ കാലപ്പഴക്കം മൂലം സര്‍വീസ് നടത്താന്‍ കഴിയാത്ത സാഹചര്യത്തിലാണ് സിവില്‍ ഏവിയേഷന്‍ ഡയറക്ടറേറ്റ് വിലക്ക് ഏര്‍പ്പെടുത്തിയതെന്ന് പരാതിക്കാര്‍ വാദിച്ചു. എതിര്‍കക്ഷികളുടെ സേവനത്തിലെ ന്യൂനതമൂലം കൂടിയ തുക നല്‍കി പരാതിക്കാര്‍ക്ക് ടിക്കറ്റ് എടുക്കേണ്ടി വന്നുവെന്ന് കോടതി ചൂണ്ടിക്കാട്ടി. അതിനാല്‍ നഷ്ട പരിഹാരവും ടിക്കറ്റ് തുകയും കോടതി ചെലവും നല്‍കാന്‍ എതിര്‍കക്ഷികള്‍ ബാധ്യസ്ഥരാണെന്ന് ഉത്തരവില്‍ കോടതി വ്യക്തമാക്കി.
നഷ്ട പരിഹാരവും കോടതി ചെലവുമായി 64,442 രൂപ എതിര്‍കക്ഷികള്‍ ഒരു മാസത്തിനകം പരാതികാര്‍ക്ക് നല്‍കാനും ഉത്തരവിലുണ്ട്. ഡി.ബി ബിനു അധ്യക്ഷനും വൈക്കം രാമചന്ദ്രന്‍, ശ്രീവിദ്യ എന്നിവര്‍ മെമ്പര്‍മാരുമായ ബെഞ്ചിന്റേതാണ് ഉത്തരവ്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.