തിരുവനന്തപുരം: 2024 നവംബര്‍ ഒന്നോടെ കേരളം ഇന്ത്യയിലെ ആദ്യത്തെ ഡിജിറ്റല്‍ സാക്ഷരതാ സംസ്ഥാനമാകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഈ ലക്ഷ്യം സാക്ഷാത്കരിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കാന്‍ ഇന്ന് മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ തീരുമാനമായി.
ഈ പ്രവര്‍ത്തനങ്ങളുടെ മേല്‍നോട്ടത്തിനായി ഒരു സമിതി രൂപികരിക്കും. മുഖ്യമന്ത്രിയായിരിക്കും ഈ സമിതിയുടെ അധ്യക്ഷന്‍. വിവരശേഖരണം, പരിശീലനം, മൂല്യനിര്‍ണയം എന്നിവ നടത്തുന്നതിനുള്ള നടപടികള്‍ ആരംഭിച്ചിട്ടുണ്ട്. ഇതിനായി പ്രത്യേക മൊബൈല്‍ ആപ്ലിക്കേഷനും വെബ് പോര്‍ട്ടലും വികസിപ്പിക്കും.
എന്‍.സി.സി, എന്‍.എസ്.എസ് കേഡറ്റുകള്‍, സാമൂഹ്യ സന്നദ്ധസേന, കുടുംബശ്രീ, യുവജനക്ഷേമ ബോര്‍ഡ് പ്രവര്‍ത്തകരുടെയും വിദ്യാര്‍ഥികളുടെയും പങ്കാളിത്തം ഉറപ്പാക്കിയാകും പ്രവര്‍ത്തനം.
ഇതിന്റെ ആദ്യഘട്ടമായി, 2024 ഫെബ്രുവരി 1 മുതല്‍ 7 വരെ സംസ്ഥാനതലത്തില്‍ വിവരശേഖരണം നടത്തും. തുടര്‍ന്ന് ഏപ്രില്‍ 1 മുതല്‍ ജൂലൈ 31 വരെ നാലു മാസം പരിശീലനം നല്‍കും. ഇതിന്റെ സിലബസ് കില തയ്യാറാക്കിയിട്ടുണ്ട്.
പരിശീലനം പൂര്‍ത്തിയാക്കുന്ന പഠിതാക്കളുടെ മൂല്യനിര്‍ണയം ആഗസ്റ്റ് മാസത്തില്‍ നടത്തും. തുടര്‍ന്ന്, തദ്ദേശ സ്വയംഭരണ സ്ഥാപനം, നിയോജക മണ്ഡലം, ജില്ലാ തലങ്ങളിലായി പഠന പൂര്‍ത്തീകരണ പ്രഖ്യാപനം ഒക്ടോബര്‍ മാസത്തില്‍ നടത്തുന്ന രീതിയിലാണ് പദ്ധതി വിഭാവനം ചെയ്തിരിക്കുന്നത്.
സംസ്ഥാനം സമ്പൂര്‍ണ ഡിജിറ്റല്‍ സാക്ഷരത നേടിയതായുള്ള പ്രഖ്യാപനം നവംബര്‍ ഒന്നിന്ന് നടത്തുമെന്നും മുഖ്യമന്ത്രി അറിയിച്ചു. മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ മന്ത്രിമാരായ എം ബി രാജേഷ്, വി ശിവന്‍കുട്ടി, ആര്‍ ബിന്ദു തുടങ്ങിയവരും സംബന്ധിച്ചു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.