രാമ പ്രതിഷ്ഠാ ചടങ്ങ് പൂര്‍ത്തിയായതിന് പിന്നാലെ, രാമക്ഷേത്രവുമായി ബന്ധപ്പെട്ട് സൈബര്‍ തട്ടിപ്പുകള്‍ പെരുകുന്നു; തട്ടിപ്പിന്റെ വഴികള്‍ ഇങ്ങനെ

രാമ പ്രതിഷ്ഠാ ചടങ്ങ് പൂര്‍ത്തിയായതിന് പിന്നാലെ, രാമക്ഷേത്രവുമായി ബന്ധപ്പെട്ട് സൈബര്‍ തട്ടിപ്പുകള്‍ പെരുകുന്നു; തട്ടിപ്പിന്റെ വഴികള്‍ ഇങ്ങനെ

അയോധ്യ: അയോധ്യയിലെ രാമ പ്രതിഷ്ഠാ ചടങ്ങ് പൂര്‍ത്തിയായതിന് പിന്നാലെ, രാമക്ഷേത്രവുമായി ബന്ധപ്പെട്ട് സൈബര്‍ തട്ടിപ്പുകള്‍ പെരുകുന്നുവെന്ന് റിപ്പോര്‍ട്ട്. ഇതിന്റെ അടിസ്ഥാനത്തില്‍ ഭക്തരോട് കരുതല്‍ പുലര്‍ത്താന്‍ സൈബര്‍ പോലീസ് അറിയിച്ചു.

പ്രധാനമായും സംഭാവനയുടെ രൂപത്തിലാണ് തട്ടിപ്പ്. എന്നാല്‍ വിവിധ നേര്‍ച്ചകാഴ്ചകളുടെ പേരിലും രാമമന്ദിരം ദര്‍ശനം നടത്തുന്നതിനുള്ള ടിക്കറ്റ് എന്ന പേരിലും തട്ടിപ്പുകള്‍ നടക്കുന്നതായി തെളിഞ്ഞിട്ടുണ്ട്.

സംഭാവന: രാമക്ഷേത്ര നിര്‍മാണത്തിന് സ്വീകരിക്കുന്ന സംഭാവനകളാണ് പ്രധാനമായും തട്ടിപ്പുകാര്‍ ലക്ഷ്യം വയ്ക്കുന്നത്. വിവിധ വ്യാജ സൈറ്റുകളില്‍ രാമക്ഷേത്ര നിര്‍മാണത്തിന് സംഭാവന സ്വീകരിക്കുന്നതായി കണ്ടെത്തിയിട്ടുണ്ട്. ഔദ്യോഗിക സൈറ്റില്‍ ലോഗിന്‍ ചെയ്ത് സംഭാവന നല്‍കുക എന്നതു മാത്രമാണ് ഈ തട്ടിപ്പില്‍ നിന്ന് രക്ഷപെടാനുള്ള ഏക മാര്‍ഗം.

വ്യാജ ക്യൂ ആര്‍ കോഡ്: പല സ്ഥലങ്ങളിലും പല പേരിലും വ്യാജ ക്യൂആര്‍ കോഡ് സ്ഥാപിച്ച് പണം തട്ടിച്ചെടുക്കുന്നവര്‍ നിരവധിയാണ്. ഈ തട്ടിപ്പില്‍ വീഴാതെ ഏവരും സൂക്ഷിക്കണമെന്നാണ് നിര്‍ദേശം. പണം അടയ്ക്കും മുന്‍പ് അത് ഔദ്യോഗിക സ്ഥാപനത്തിന്റെ ബാങ്ക് അക്കൗണ്ടിലേക്ക് തന്നെയാണ് നിക്ഷേപിക്കപ്പെടുന്നത് എന്ന് ഉറപ്പുവരുത്തുക.

വ്യാജ ഉത്പന്നങ്ങള്‍: രാമക്ഷേത്രത്തില്‍ നിര്‍മിച്ചതെന്ന അവകാശവാദവുമായി നിരവധി ഉല്‍പന്നങ്ങള്‍ വിവിധ ഇ കൊമേഴ്സ് സൈറ്റുകളില്‍ ലഭ്യമാണ്. ഇവയൊന്നും രാമക്ഷേത്രത്തില്‍ യഥാര്‍ഥമായി നിര്‍മിച്ചവയല്ലെന്ന് തെളിഞ്ഞിട്ടുണ്ട്. ഇത്തരം തെറ്റിദ്ധാരണജനകമായി വസ്തുക്കള്‍ വില്‍ക്കുന്നുവെന്ന് ചൂണ്ടിക്കാട്ടി ആമസോണിനെതിരെ കേസും ഫയല്‍ചെയ്തിട്ടുണ്ട്. ഭക്തസാധനങ്ങള്‍ വാങ്ങും മുന്‍പ് അത് ആര് നിര്‍മിച്ചതാണെന്ന് ഉറപ്പുവരുത്തുക.

വിഐപി ദര്‍ശനം: വിഐപി ദര്‍ശനം വാഗ്ദാനം ചെയ്ത് കാശ് പിടുങ്ങുന്ന തട്ടിപ്പുകാരും കുറവല്ല. ഇതിനായി നിരവധി വ്യാജ വെബ്സൈറ്റുകളും തട്ടിപ്പുകാര്‍ നടത്തുന്നുണ്ട്.

വ്യാജ വാട്സാപ് സന്ദേശങ്ങള്‍: വ്യാജ സന്ദേശങ്ങള്‍ വാട്സാപ്പിലൂടെ പ്രചരിപ്പിച്ച് പണം തട്ടിയെടുക്കുന്നതാണ് തട്ടിപ്പുകാരുടെ മറ്റൊരു രീതി. ഇത്തരത്തില്‍ വരുന്ന പ്രത്യേകിച്ചും സേവ് ചെയ്തിട്ടില്ലാത്ത നമ്പറുകളില്‍ നിന്നെത്തുന്ന സന്ദേശങ്ങളെ അര്‍ഹിക്കുന്ന പ്രാധാന്യത്തോടെ പുച്ഛിച്ചു തള്ളുക.

സൈബര്‍ കുറ്റകൃത്യങ്ങള്‍ അനുദിനം വളരുന്ന ഈ ഡിജിറ്റല്‍ യുഗത്തില്‍ കരുതല്‍ എടുക്കുക എന്നത് മാത്രമാണ് ഇവയില്‍ നിന്നു രക്ഷപെടാനുള്ള ഏക ആശ്രയം. അതുകൊണ്ട് തന്നെ കരുതലോടെ പ്രവര്‍ത്തിച്ച് അപകടത്തില്‍ നിന്ന് രക്ഷപെടാം, ജാഗരൂകരായിരിക്കാം.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.