പറന്നുയരാന്‍ തയാറായി നിന്ന വിര്‍ജിന്‍ വിമാനത്തിന്റെ ചിറകിലെ ബോള്‍ട്ടുകള്‍ കാണാനില്ല; കണ്ടെത്തിയത് യാത്രക്കാരന്‍, സര്‍വ്വീസ് റദ്ദാക്കി

പറന്നുയരാന്‍ തയാറായി നിന്ന വിര്‍ജിന്‍ വിമാനത്തിന്റെ ചിറകിലെ ബോള്‍ട്ടുകള്‍ കാണാനില്ല; കണ്ടെത്തിയത് യാത്രക്കാരന്‍, സര്‍വ്വീസ് റദ്ദാക്കി

മാഞ്ചസ്റ്റര്‍: മാഞ്ചസ്റ്ററില്‍ നിന്നും ന്യൂയോര്‍ക്കിലേക്ക് പറക്കാനിരുന്ന വിര്‍ജിന്‍ അറ്റ്‌ലാന്റിക് വിമാനം ടേക്ക് ഓഫിന് മിനിറ്റുകള്‍ക്ക് മുമ്പ് റദ്ദാക്കി. വിമാനത്തിലെ ചിറകുകളിലൊന്നില്‍ സ്‌ക്രൂകളുടെ കുറവുണ്ടെന്ന് യാത്രക്കാരന്‍ പരാതിപ്പെട്ടതോടെയാണ് അവസാനനിമിഷം വിമാനത്തിന്റെ സര്‍വീസ് റദ്ദാക്കിയത്.

വിമാനത്തിനുള്ളില്‍ നിന്ന് ജനലിലൂടെ നോക്കിയ യാത്രക്കാരനാണ് പറന്നുയരാന്‍ തയ്യാറായി നിന്ന വിമാനത്തിന്റെ ചിറകില്‍ ബോള്‍ട്ടുകള്‍ ഇല്ലെന്ന് കണ്ടെത്തിയത്. ഇക്കാര്യം ജീവനക്കാരെ അറിയിച്ചതിനെ തുടര്‍ന്നാണ് മാഞ്ചസ്റ്ററില്‍ നിന്ന് ന്യൂയോര്‍ക്കിലേക്ക് പറക്കേണ്ടിയിരുന്ന വിമാന സര്‍വ്വീസ് റദ്ദാക്കിയത്.

വിര്‍ജിന്‍ അറ്റ്ലാന്റിക് എയര്‍ലൈന്‍സിന്റെ വി.എസ്. 127 എന്ന വിമാനമാണ് ജനുവരി 15ന് സര്‍വീസ് റദ്ദാക്കിയതെന്ന് ന്യൂയോര്‍ക്ക് പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്യുന്നു. ബ്രിട്ടീഷ് പൗരനായ ഫില്‍ ഹാര്‍ഡി എന്ന യാത്രക്കാരനാണ് ബോള്‍ട്ട് ഇളകിപ്പോയ കാര്യം ചൂണ്ടിക്കാട്ടിയത്. വിമാനം പുറപ്പെടുന്നതിന് മുമ്പ് ക്യാബിന്‍ ക്രൂ അംഗങ്ങള്‍ സുരക്ഷാ കാര്യങ്ങള്‍ വിശദീകരിച്ചു നല്‍കുന്നതിനിടെയായിരുന്നു ഇത് അദ്ദേഹത്തിന്റെ ശ്രദ്ധയില്‍പെട്ടത്. ഉടന്‍ തന്നെ അദ്ദേഹം ജീവനക്കാരെ അറിയിച്ചു. 

വിങ് പാനലിലെ 119 ഫാസ്റ്റനറുകളില്‍ നാലെണ്ണം നഷ്ടമായിരുന്നതായി പരിശോധനയില്‍ കണ്ടെത്തി. എന്നാല്‍ ഇത് വലിയ ഒരു സുരക്ഷാ ഭീഷണിയായിരുന്നില്ലെന്ന് വിര്‍ജിന്‍ അറ്റ്ലാന്റിക് വിമാന കമ്പനിയും നിര്‍മാതാക്കളായ എയര്‍ബസ് കമ്പനിയും അറിയിച്ചു. 

തനിക്ക് പേടിയൊന്നും ഉണ്ടായിരുന്നില്ലെന്നും എന്നാല്‍ അടുത്തിരുന്ന ഭാര്യയോട് വിവരം പറഞ്ഞതോടെ അവര്‍ പരിഭ്രാന്തയായെന്നും, ഫില്‍ ഹാര്‍ഡി പറഞ്ഞു. സമാധാനമായിട്ടിരിക്കാന്‍ പറഞ്ഞെങ്കിലും അവള്‍ കേട്ടില്ല. ഒടുവില്‍ സുരക്ഷ ഉറപ്പാക്കുന്നതാണ് നല്ലതെന്ന് കരുതി ജീവനക്കാരോട് വിവരം പറയുകയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. വിമാനത്തിന്റെ സുരക്ഷാ ഉറപ്പുവരുത്താനുള്ള പരിശോധനകള്‍ക്കു വേണ്ടി ആ സര്‍വീസ് പൂര്‍ണമായി റദ്ദാക്കുകയായിരുന്നുവെന്ന് വിര്‍ജിന്‍ അറ്റ്ലാന്റിക് വക്താവ് പറഞ്ഞു

വിമാനത്തിലെ പരിശോധനകള്‍ പൂര്‍ത്തിയാക്കാന്‍ എന്‍ജിനീയര്‍മാര്‍ക്ക് കൂടുതല്‍ സമയം നല്‍കുമെന്നും കമ്പനി വ്യക്തമാക്കി. 119 സ്‌ക്രൂകളില്‍ നാലെണ്ണം കാണാതാവുന്നത് വിമാനത്തിന്റെ ഘടനാപരമായ കെട്ടുറപ്പിനെയോ ഭാരം വഹിക്കാനുള്ള ശേഷിയെയോ ബാധിക്കില്ലെന്നും കമ്പനി അറിയിച്ചു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.