ഒക്ടോബര്‍ ഏഴിന് യുദ്ധം തുടങ്ങിയ ശേഷം ഗാസയില്‍ ഇതുവരെ കൊല്ലപ്പെട്ട ഇസ്രയേല്‍ സൈനികരുടെ എണ്ണം 217.
ഗാസ സിറ്റി: ഗാസയില്‍ ഹമാസുമായുള്ള ഏറ്റുമുട്ടലില്‍ 24 ഇസ്രയേലി സൈനികര്‍ തിങ്കളാഴ്ച കൊല്ലപ്പെട്ടതോടെ കൂടുതല്‍ റിസര്‍വ് സൈനികരെ ഇറക്കി ദീര്‍ഘകാല യുദ്ധത്തിലേക്ക് നീങ്ങേണ്ടി വരുമെന്ന് ഇസ്രയേല്‍ വ്യക്തമാക്കി.
ഒക്ടോബറില്‍ കരയുദ്ധം തുടങ്ങിയ ശേഷം ഉന്നത ഓഫീസര്‍മാര്‍ അടക്കം ഇത്രയധികം സൈനികര്‍ ഒറ്റ ദിവസം കൊല്ലപ്പെടുന്നത് ആദ്യമാണ്. തൊട്ടു പിന്നാലെ തെക്കന്‍ ഗാസയിലെ ഖാന്‍ യൂനിസ് നഗരം വളഞ്ഞ് ആക്രമണം ശക്തമാക്കിയതായി ഇസ്രയേല്‍ സേന അറിയിച്ചു.
ടാങ്കുകള്‍ക്ക് നേരെയുണ്ടായ റോക്കറ്റ് ആക്രമണത്തില്‍ 10 സൈനികരും കെട്ടിടത്തിലുണ്ടായ സ്‌ഫോടനത്തില്‍ 14 സെനികരുമാണ് കൊല്ലപ്പെട്ടത്. തീര്‍ത്തും വേദന നിറഞ്ഞതും നടുക്കുന്നതുമാണ് വാര്‍ത്തയെന്ന് ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു, മന്ത്രിമാരായ യോവ് ഗാലന്റ്, ബെന്നി ഗാന്റ്‌സ് എന്നിവര്‍ പ്രതികരിച്ചു.
സംഭവത്തെക്കുറിച്ച് സൈന്യം അന്വേഷണം തുടങ്ങിയതായി ബെഞ്ചമിന്‍ നെതന്യാഹു പറഞ്ഞു. ഹമാസിനുമേല്‍ പൂര്‍ണ വിജയം നേടും വരെ ആക്രമണവുമായി മുന്നോട്ടു പോകുമെന്നും ഗാസയിലുള്ള ബന്ദികളെ തിരിച്ചെത്തിക്കുമെന്നും അദേഹം പറഞ്ഞു. ഒക്ടോബര്‍ ഏഴിന് യുദ്ധം തുടങ്ങിയ ശേഷം ഗാസയില്‍ ഇതുവരെ കൊല്ലപ്പെട്ട ഇസ്രയേല്‍ സൈനികരുടെ എണ്ണം 217 ആയി.
ബന്ദി മോചനം ചര്‍ച്ച ചെയ്യാന്‍ വൈറ്റ് ഹൗസിന്റെ പശ്ചിമേഷ്യാകാര്യ കോ-ഓര്‍ഡിനേറ്റര്‍ ബ്രെറ്റ് മക്ഗര്‍ക്ക് ഈജിപ്തും ഖത്തറും സന്ദര്‍ശിക്കുന്നതിനിടെയാണ് ഗാസയില്‍ സൈനികരുടെ കൂട്ടമരണമുണ്ടാകുന്നത്. അതിനിടെ ബന്ദി മോചനത്തിനായി രണ്ട് മാസത്തെ താല്‍കാലിക യുദ്ധവിരാമമെന്ന നിര്‍ദേശം ഇസ്രയേല്‍ മുന്നോട്ടു വച്ചെങ്കിലും ഹമാസ് തള്ളി.
അതേസമയം ഇസ്രയേലി സേനാ കേന്ദ്രത്തിന് നേരേ മിസൈലുകളയച്ചെന്ന് ലെബനനിലെ ഹിസ്ബുള്ള അവകാശപ്പെട്ടു. തെക്കന്‍ ലെബനനിലെ ഹിസ്ബുള്ള പോസ്റ്റുകള്‍ക്ക് നേരെ ഇസ്രായേല്‍ പ്രത്യാക്രമണവും നടത്തി. സ്ഥിതിഗതികള്‍ ചര്‍ച്ച ചെയ്യാന്‍ യു.എന്‍ സെക്യൂരിറ്റി കൗണ്‍സില്‍ രാജ്യങ്ങളിലെ മന്ത്രിമാരുടെ യോഗം ഇന്ന് ചേരും.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.