മെല്‍ബണ്‍ തുറമുഖത്ത് ഇസ്രയേല്‍ കപ്പലില്‍നിന്ന് ചരക്കിറക്കാന്‍ അനുവദിക്കാതെ പാലസ്തീന്‍ അനുകൂലികള്‍; നാല് ദിവസത്തെ ഉപരോധത്തില്‍ കോടികളുടെ നഷ്ടം

മെല്‍ബണ്‍ തുറമുഖത്ത് ഇസ്രയേല്‍ കപ്പലില്‍നിന്ന് ചരക്കിറക്കാന്‍ അനുവദിക്കാതെ പാലസ്തീന്‍ അനുകൂലികള്‍; നാല് ദിവസത്തെ ഉപരോധത്തില്‍ കോടികളുടെ നഷ്ടം

മെല്‍ബണ്‍: ഓസ്‌ട്രേലിയയിലെ മെല്‍ബണ്‍ തുറമുഖത്ത് നങ്കൂരമിട്ടിരിക്കുന്ന ഇസ്രയേല്‍ കമ്പനിയുടെ കപ്പലില്‍ നിന്ന് ചരക്ക് ഇറക്കാന്‍ അനുവദിക്കാതെ പാലസ്തീന്‍ അനുകൂലികള്‍. ഗാസയിലെ ആക്രമണം അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ടാണ് പാലസ്തീന്‍ അനുകൂല സംഘടനയുടെ നേതൃത്വത്തില്‍ തുറമുഖത്ത് പ്രതിഷേധം നടത്തുന്നത്. ഉപരോധത്തിനിടെ പൊലീസും സമരക്കാരും തമ്മില്‍ സംഘര്‍ഷമുണ്ടായി. കുരുമുളക് സ്പ്രേ പ്രയോഗിച്ചാണ് പോലീസ് സമരക്കാരെ നേരിട്ടത്.

ഇസ്രയേല്‍ ആസ്ഥാനമായുള്ള ഷിപ്പിങ് കമ്പനിയായ ഇസഡ്.ഐ.എമ്മിന്റെ കപ്പലില്‍നിന്ന് ചരക്കിറക്കാനുള്ള ശ്രമമാണ് പ്രതിഷേധക്കാര്‍ തടഞ്ഞത്. തുറമുഖത്തിനുള്ളില്‍ ജോലിക്കെത്തിയവരെ തടഞ്ഞതോടെ 30,000 കണ്ടെയ്‌നറുകളുള്ള കപ്പല്‍ നാല് ദിവസമായി കുടുങ്ങിക്കിടക്കുകയാണ്.

മെല്‍ബണ്‍ തുറമുഖം ഉപരോധിക്കുന്നത് നാലാം ദിവസത്തിലേക്ക് കടന്നതോടെ കമ്പനിക്ക് കോടിക്കണക്കിന് രൂപയുടെ നഷ്ടമാണ് ഉണ്ടായത്. അതിക്രമിച്ച് കയറിയതിനും നാശനഷ്ടത്തിനും 10 പേരെ അറസ്റ്റ് ചെയ്തതായി വിക്ടോറിയ പൊലീസ് അറിയിച്ചു. 200-ലധികം പോലീസുകാരെയാണ് തുറമുഖത്ത് വിന്യസിച്ചത്.

സമരം തുറമുഖത്തിന്റെ പ്രവര്‍ത്തനത്തെ ബാധിച്ചിട്ടുണ്ട്. ലക്ഷക്കണക്കിന് ഡോളറിന്റെ നഷ്ടമാണ് സംഭവിച്ചത്. തുറമുഖത്തെ മറ്റു കപ്പല്‍ കമ്പനികളെയും സമരം ബാധിച്ചിട്ടുണ്ട്.

ഇസ്രയേലുമായി ബന്ധമുള്ള കപ്പലുകളില്‍നിന്ന് ചരക്ക് ഇറക്കുന്നത് തടയുകയാണ് ലക്ഷ്യമെന്ന് ഫ്രീ ഫലസ്തീന്‍ മെല്‍ബണ്‍ സംഘടന അറിയിച്ചു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.