തിരുവനന്തപുരം: മേലുദ്യോഗസ്ഥരുടെ മാനസിക സമ്മര്‍ദവും പരസ്യമായ അവഹേളനവും സഹിക്കാനാകാതെ കൊല്ലം പരവൂര്‍ മുന്‍സിഫ് കോടതിയിലെ അസിസ്റ്റന്റ് പബ്ലിക് പ്രോസിക്യൂട്ടര്‍ അനീഷ്യ ആത്മഹത്യ ചെയ്ത സംഭവം സര്‍ക്കാര്‍ അതീവ ഗൗരവത്തോടെ കാണണമെന്ന് അഭ്യര്‍ഥിക്കുന്നതായി മുഖ്യമന്ത്രി പിണറായി വിജയന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ അയച്ച കത്തില്‍ പറയുന്നു.
ആത്മഹത്യയ്ക്ക് മുന്‍പ് അനീഷ്യ സുഹൃത്തുക്കള്‍ക്ക് അയച്ച ശബ്ദസന്ദേശങ്ങളില്‍ ജോലിയില്‍ നേരിട്ടിരുന്ന സമ്മര്‍ദങ്ങളെക്കുറിച്ച് വിവരിക്കുന്നുണ്ട്. അവധിയെടുത്ത് കേസുകളില്‍ നിന്നും വിട്ട് നില്‍ക്കാന്‍ സഹപ്രവര്‍ത്തകര്‍ നിര്‍ബന്ധിച്ചെന്ന ഗുരുതര ആരോപണവും ഉന്നയിച്ചിട്ടുണ്ട്.
നിയമ വിരുദ്ധമായി എന്തും ചെയ്യാന്‍ തയാറുള്ള ഒരു സംഘം പ്രോസിക്യൂഷന്‍ രംഗത്ത് ഉണ്ടെന്ന് അടിവരയിടുന്നതാണ് അനീഷ്യയുടെ വെളിപ്പെടുത്തലുകളില്‍ പലതും. അനീഷ്യയോട് അവധിയില്‍ പോകാന്‍ നിര്‍ദ്ദേശിച്ചതും കേസുകള്‍ അട്ടിമറിക്കുന്നതിന്റെ ഭാഗമായാണോയെന്ന് സംശയിക്കേണ്ടിയിരിക്കുന്നു. ഇതും പരിശോധിക്കപ്പെടേണ്ടതുണ്ട്.
ഈ നാട്ടിലെ ജനങ്ങള്‍ നീതി തേടി എത്തുന്ന ഭരണഘടനാപരമായ സംവിധാനമാണ് കോടതികള്‍. എന്നാല്‍ നീതിക്കും ന്യായത്തിനും ഒരു പ്രസക്തയും ഇല്ലാത്ത തരത്തില്‍ നീതിന്യായ സംവിധാനത്തിന്റെയും കോടതികളുടെയും സത്യസന്ധമായ പ്രവര്‍ത്തനം രാഷ്ട്രീയ പിന്‍ബലത്തിന്റെയും അധികാര പിന്തുണയുടെയും ഹുങ്കില്‍ ചിലര്‍ അട്ടിമറിക്കുന്നെന്ന തുറന്നു പറച്ചിലാണ് അനീഷ്യയുടെ ശബ്ദരേഖയിലുള്ളത്.
ഞങ്ങളുടെ പാര്‍ട്ടിയാണ് ഭരിക്കുന്നതെന്നും സ്ഥലം മാറ്റുമെന്നും ജോലി ചെയ്യാന്‍ സമ്മതിക്കില്ലെന്നും ഭീഷണി ഉണ്ടായെന്ന് അനീഷ്യ ഡയറിയില്‍ എഴുതിയിരുന്നത് സംബന്ധിച്ച വാര്‍ത്തകളും പുറത്ത് വന്നിട്ടുണ്ട്. പിന്‍വാതില്‍ നിയമനങ്ങളും സര്‍വകലാശാലകളിലെയും പി.എസ്.സിയിലെയും പരീക്ഷാ തട്ടിപ്പുകള്‍ക്കും പിന്നാലെ ജുഡീഷ്യറിയെ അട്ടിമറിക്കുന്ന സംഘങ്ങള്‍ സംസ്ഥാനത്തെ കോടതികള്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്നത് ജനാധിപത്യത്തെ അട്ടിമറിക്കുന്നതും ദുര്‍ബലപ്പെടുത്തുന്നതും സംസ്ഥാനത്തിനാകെ നാണക്കേടുമാണെന്നത് ഞാന്‍ അങ്ങയുടെ ശ്രദ്ധയില്‍പ്പെടുത്തുന്നു.
നിയമത്തിന്റെ പിന്‍ബലത്തില്‍ നീതിയും ന്യായവും മാത്രം പരിഗണിച്ച് സത്യസന്ധതയോടെ ജോലി ചെയ്യാന്‍ പ്രോസിക്യൂട്ടര്‍മാര്‍ക്ക് സാധിക്കുന്നില്ലെന്ന സ്ഥിതി സാധാരണക്കാരുടെ നീതി നിഷേധിക്കല്‍ കൂടിയാണെന്ന് ഓര്‍ക്കണം. സത്യസന്ധരായ പ്രോസിക്യൂട്ടര്‍മാര്‍ക്ക് തല ഉയര്‍ത്തി നിര്‍ഭയരായി ജോലി ചെയ്യാനുള്ള സാഹചര്യം ഒരുക്കേണ്ടതുണ്ടെന്ന മുന്നറിയിപ്പാണ് സ്വന്തം മരണത്തിലൂടെ അനീഷ്യ മുന്നോട്ടുവയ്ക്കുന്നത്.
ഇപ്പോള്‍ പുറത്ത് വന്നിരിക്കുന്നതും അനീഷ്യയുടെ സുഹൃത്തുക്കള്‍ പൊലീസിന് രഹസ്യമായി കൈമാറിയതുമായ ശബ്ദസന്ദേശങ്ങള്‍ ഗൗരവത്തിലെടുത്ത് തെളിവുകള്‍ നശിപ്പിക്കപ്പെടാതിരിക്കാന്‍ പ്രതി സ്ഥാനത്ത് നില്‍ക്കുന്നവരെ അടിയന്തിരമായി ചുമതലകളില്‍ നിന്നും ഒഴിവാക്കണം.
ഡയറക്ടര്‍ ജനറല്‍ ഒഫ് പ്രോസിക്യൂഷന്‍ ഇപ്പോള്‍ പ്രഖ്യാപിച്ചിരിക്കുന്ന അന്വേഷണം നീതിയുക്തമാകില്ലെന്ന ആശങ്ക അഭിഭാഷകരും ഉന്നയിച്ചിട്ടുണ്ട്. ഈ സാഹചര്യത്തില്‍ സംഭവത്തെ കുറിച്ച് പഴുതടച്ചുള്ള അന്വേഷണം നടത്തുന്നതിന് പ്രത്യേക സംഘത്തെ നിയമിക്കാന്‍ നിര്‍ദേശം നല്‍കണമെന്നും അഭ്യര്‍ഥിക്കുന്നെന്ന് പറഞ്ഞാണ് കത്ത് അവസാനിപ്പിക്കുന്നത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.