നിയമസഭാ സമ്മേളനത്തിന് ഇന്ന് തുടക്കം: ബജറ്റ് ഫെബ്രുവരി അഞ്ചിന്

നിയമസഭാ സമ്മേളനത്തിന് ഇന്ന് തുടക്കം: ബജറ്റ് ഫെബ്രുവരി അഞ്ചിന്

തിരുവനന്തപുരം: നിയമ സഭയുടെ ബജറ്റ് സമ്മേളനത്തിന് ഇന്ന് തുടക്കമാകും. ഗവര്‍ണര്‍ സര്‍ക്കാര്‍ ഏറ്റുമുട്ടല്‍ തുടരുന്നതിനിടെയാണ് നിയമസഭ സമ്മേളനം ആരംഭിക്കുന്നത്. രാവിലെ ഒമ്പതിന് ഗവര്‍ണറുടെ നയപ്രഖ്യാപന പ്രസംഗത്തോടെയാണ് സമ്മേളനത്തിന്റെ തുടക്കം.

നയപ്രഖ്യാപന പ്രസംഗത്തില്‍ ഉള്‍പ്പെടുത്തിയിട്ടുള്ള കേന്ദ്ര സര്‍ക്കാരിനെതിരായ വിമര്‍ശനങ്ങള്‍ ഗവര്‍ണര്‍ വായിക്കുമോ എന്ന ആശങ്ക സര്‍ക്കാരിനുണ്ട്. സര്‍ക്കാര്‍ അയച്ചു കൊടുത്ത പ്രസംഗം ഗവര്‍ണര്‍ അതേപടി അംഗീകരിച്ചിട്ടുണ്ട്. എന്നാല്‍, പ്രസംഗത്തില്‍ ഏതൊക്കെ വായിക്കണമെന്നത് ഗവര്‍ണറുടെ വിവേചനാധികാരമാണ്.

കേന്ദ്ര സര്‍ക്കാരിന്റെ പ്രതിനിധികൂടിയായ ഗവര്‍ണര്‍ കേന്ദ്ര വിമര്‍ശനം വായിക്കാതെ ഒഴിവാക്കിയാലും ഉള്ളടക്കം നയപ്രഖ്യാപനത്തില്‍ നിന്ന് നീക്കം ചെയ്യപ്പെടില്ല. വായ്പ ഉള്‍പ്പെടെ സംസ്ഥാനത്തിന് അര്‍ഹതപ്പെട്ട ധനവിഹിതം വെട്ടിക്കുറയ്ക്കുന്ന കേന്ദ്ര നടപടി നയപ്രഖ്യാപനത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടെന്ന് അറിയുന്നു. അതേസമയം ഗവര്‍ണറുമായി നേരിട്ടുള്ള ഏറ്റുമുട്ടല്‍ ഒഴിവാക്കാന്‍ അദേഹത്തെക്കുറിച്ചുള്ള വിമര്‍ശനം പ്രസംഗത്തിലില്ല.

നയപ്രഖ്യാപനം കഴിഞ്ഞ് 29 ന് വീണ്ടും സഭാ സമ്മേളനം ആരംഭിക്കും. മുഖ്യമന്ത്രിയുടെ മകള്‍ വീണാ വിജയന്റെ എക്‌സാലോജിക്ക്, നവകേരള സദസിനെതിരായ പ്രതിഷേധത്തിലെ പൊലീസ് നടപടികള്‍, കിഫ്ബിയും ഇഡിയും തുടങ്ങി നിരവധി വിഷയങ്ങള്‍ സഭാ സമ്മേളനത്തില്‍ കത്തിപ്പടരും.

ഫെബ്രുവരി അഞ്ചിനാണ് സംസ്ഥാന ബജറ്റ്. ലോക്‌സഭ തിരഞ്ഞെടുപ്പിന് മുന്‍പുള്ള ബജറ്റായതിനാല്‍ ക്ഷേമപെന്‍ഷന്‍ വര്‍ധിപ്പിക്കുന്നത് അടക്കമുള്ള ജനകീയ പ്രഖ്യാപനങ്ങള്‍ക്ക് സാധ്യതയുണ്ട്. മാര്‍ച്ച് 27 ന്ാണ് പതിനഞ്ചാം നിയമസഭയുടെ പത്താം സമ്മേളനം അവസാനിക്കുന്നത്.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.