മെൽബൺ: മെൽബണിലെ ഫിലിപ്പ് ദ്വീപിലെ പീച്ച് ബീച്ചിൽ മുങ്ങി മരിച്ച ഇന്ത്യക്കാരെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പുറത്ത്. പഞ്ചാബ് സ്വദേശിയായ നഴ്സായ ജഗ്ജീത് സിങ് (23), സർവകലാശാല വിദ്യാർഥികളായ കീർത്തി ബേദി (20), സുഹാനി ആനന്ദ് (20), റീമ സോഥി (43) എന്നിവരാണ് മരിച്ചത്. ഇവർ നാലു പേരും ബന്ധുക്കളാണ്.
രണ്ടാഴ്ച മുമ്പാണ് റീമ സോഥി ഓസ്ട്രേലിയയിൽ എത്തുന്നത്. സുഹാനിയും കീർത്തിയും അവിടെ പഠിക്കുകയാണ്. മെൽബണിൽ ജോലി ചെയ്യുന്ന ജഗ്ജീത് സിങ്ങിന് അവിടത്തെ സ്ഥിരം റെസിഡൻസിയുണ്ട്. ബന്ധുക്കളും പരിചയക്കാരുമായ പത്തംഗ സംഘം കടൽ നീന്തലിൽ ഏർപ്പെടുന്നതിനിടെയാണ് അപകടം.
'ദുരന്തത്തിൻ്റെ വ്യാപ്തി മനസിലാക്കാൻ സമൂഹം പാടുപെടുകയാണ്. ദുരന്തത്തിൽ മരണപ്പെട്ടവരുടെ കുടുംബവുമായി അടുത്തിടപഴകുകയും ധന സമാഹരണം സംഘടിപ്പിക്കുകയും ചെയ്യുമെന്ന് സുഹൃത്ത് രവീന്ദർ സിങ് പറഞ്ഞു. ഇത് വളരെ സങ്കടകരമാണ് ഞങ്ങൾക്ക് വാക്കുകളില്ല. മെൽബണിലെ ഇന്ത്യൻ കമ്മ്യൂണിറ്റിയിലെ ഇവർ സാധുക്കളും ദയയുള്ളവരുമായിരുന്നു. കടൽ തീരത്ത് നീന്തുന്നതിൻ്റെ അപകടത്തെക്കുറിച്ച് സമൂഹത്തിൽ അവബോധം വളർത്തണം'- സിങ് പറഞ്ഞു.
പട്രോളിങ് ഇല്ലാത്ത ബീച്ചിലാണ് അപകടം നടന്നത്. കഴിഞ്ഞ 20 വർഷത്തിനിടെ ഫിലിപ്പ് ദ്വീപിലുണ്ടായ ഏറ്റവും വലിയ മുങ്ങി മരണ ദുരന്തമാണിത്. 'ഓസ്ട്രേലിയയിൽ ഹൃദയഭേദകമായ ദുരന്തം. വിക്ടോറിയയിലെ ഫിലിപ്പ് ദ്വീപിൽ നാല് ഇന്ത്യക്കാർ മുങ്ങിമരിച്ചു. മരിച്ചവരുടെ കുടുംബങ്ങളുമൊത്ത് ദുഖത്തിൽ പങ്കുചേരുന്നു. ആവശ്യമായ എല്ലാ സഹായത്തിനും മരിച്ചവരുടെ സുഹൃത്തുക്കളുമായി ബന്ധപ്പെടുന്നെന്ന് ഇന്ത്യൻ എംബസി അറിയിച്ചു.
കടൽ ഗുഹകൾക്ക് പേരുകേട്ടതാണ് ഫിലിപ്പ് ദ്വീപ്. ലൈഫ് ഗാർഡുകളില്ലാതെ നീന്താനുള്ള അവസരം ഇവിടെയുണ്ട്. അതുകൊണ്ട് തന്നെ അപകടങ്ങൾ ഇവിടെ സ്ഥിരമാണെന്ന് പ്രദേശവാസികൾ വ്യക്തമാക്കുന്നു. 2018ലും ഇവിടെ ഇന്ത്യക്കാർ മുങ്ങി മരിച്ചിരുന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.