വത്തിക്കാൻ സിറ്റി: യേശുവിൻ്റെ വികാരങ്ങളും മനോഭാവങ്ങളും നമ്മുടെ ജീവിതത്തിലേക്ക് കൊണ്ടുവരാൻ സുവിശേഷ വായന, പ്രാർത്ഥന, മതബോധനഗ്രന്ഥ പഠനം ഇവ മൂലം സാധിക്കുമെന്ന് ഫ്രാൻസിസ് മാർപാപ്പ. YOUCAT അല്ലെങ്കിൽ 'യൂത്ത് കാറ്റക്കിസം ഓഫ് കാത്തലിക് ചർച്ച്' ന്റെ പുതിയ പതിപ്പിനെക്കുറിച്ച് ഇറ്റാലിയൻ പത്രമായ ലാ സ്റ്റാമ്പയിൽ പ്രസിദ്ധീകരിച്ച കത്തിലൂടെയാണ് മാർപാപ്പയുടെ ആഹ്വാനം.
നാം ക്രിസ്ത്യാനികളാകാനുള്ള യഥാർത്ഥ കാരണം സ്നേഹമാണെന്ന് അനുസ്മരിച്ചുകൊണ്ട് പാപ്പ കത്തോലിക്കാ സഭയുടെ യുവജന മതബോധനത്തെക്കുറിച്ച് പഠിക്കാൻ യുവാക്കളെ പ്രോത്സാഹിപ്പിച്ചു. സഭയുടെ നിലനിൽപ്പിൻ്റെ പ്രാഥമിക കാരണം സ്നേഹമാണെന്ന് മാർപാപ്പ പറഞ്ഞു. യേശു തൻ്റെ ജീവിതം മരണം, പുനരുത്ഥാനം എന്നിവയിലൂടെ നമുക്ക് സ്നേഹത്തിന്റെ മാതൃക കാട്ടിതന്നിട്ടുണ്ട്.
ബെനഡിക്ട് പതിനാറാമൻ മാർപാപ്പയുടെ വിജ്ഞാനകോശമായ ഡ്യൂസ് കാരിത്താസ് എസ്റ്റിൽ പ്രതിബാധിച്ചിട്ടുള്ളതുപോലെ നമ്മുടെ ജീവിതത്തിന് ഒരു പുതിയ ചക്രവാളവും ദിശാസൂചനയും നൽകുന്നത് യേശുവുമായുള്ള കണ്ടുമുട്ടലിൽ നിന്നാണെന്ന് പാപ്പ പറഞ്ഞു.
ഇപ്പോൾ നിങ്ങളുടെ കൈയിലുള്ള YOUCAT എന്ന മനോഹരമായ പുസ്തകം യേശുവിനോടുള്ള സ്നേഹത്തിൽ നിന്നാണ് ജനിച്ചത്. YOUCAT 1992 ൽ പ്രസിദ്ധീകരിച്ച കത്തോലിക്കാ സഭയുടെ മതബോധനത്തെ അടിസ്ഥാനമാക്കിയുള്ളതാണെന്നും എന്നാൽ യുവാക്കളെ ഉദ്ദേശിച്ചുള്ള ശൈലിയിലും താളത്തിലുമാണ് അവതരിപ്പിക്കുന്നതെന്നും പാപ്പ അഭിപ്രായപ്പെട്ടു.
ഈ പുസ്തകത്തെ സ്നേഹിക്കാൻ ഫ്രാൻസിസ് മാർപാപ്പ യുവ വായനക്കാരെ ക്ഷണിച്ചു. കാരണം ഇത് സ്നേഹത്തിൻ്റെ ഫലമാണ്. യേശുവിനോടുള്ള സ്നേഹം യുവാക്കളിൽ ഉണർത്തുകയോ പുനരുജ്ജീവിപ്പിക്കുകയും ചെയ്യുക മാത്രമാണ് YOUCATന്റെ ഉദ്ദേശ്യമെന്നും പാപ്പ കൂട്ടിച്ചേർത്തു.
യേശുവിനെക്കുറിച്ച് കൂടുതലറിയുന്നതിനും നമ്മുടെ ജീവിതത്തിനായുള്ള അവൻ്റെ സ്നേഹത്തിൻ്റെ സന്ദേശം നന്നായി മനസിലാക്കുന്നതിനും മതബോധനഗ്രന്ഥം പഠിക്കാൻ മാർപാപ്പ യുവ കത്തോലിക്കരോട് ആഹ്വാനം ചെയ്തു. ഓരോ നിമിഷവും എൻ്റെ സ്ഥാനത്ത് ക്രിസ്തു എന്ത് ചെയ്യും എന്ന് ചിന്തിക്കുക എന്നതാണ് യേശുവുമായുള്ള നമ്മുടെ ബന്ധം നിലനിർത്തുന്നതിനുള്ള രഹസ്യമെന്ന് പാപ്പ പറഞ്ഞു. YOUCAT ൻ്റെ പഠനവും കൂടെക്കൂടെയുള്ള പ്രാർത്ഥനയും സംയോജിപ്പിക്കുന്നതിലൂടെ യുവജനങ്ങൾക്ക് ലോകത്തെയും ദൈനം ദിന സംഭവങ്ങളെയും യേശുവിൻ്റെ കണ്ണുകളാൽ കാണാൻ സഹായിക്കും.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26