ചെന്നൈ: ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുമ്പ് തമിഴ് നടന്‍ വിജയ് രാഷ്ട്രീയ പ്രവേശനം പ്രഖ്യാപിച്ചേക്കുമെന്ന് റിപ്പോര്‍ട്ട്. വിജയ് മക്കള്‍ ഇയക്കം എന്ന തന്റെ ആരാധക സംഘടന രാഷ്ട്രീയ പാര്‍ട്ടിയായി മാറ്റാനാണ് വിജയ് ഉദ്ദേശിക്കുന്നത് എന്ന് നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.
പുതുതായി രൂപീകരിക്കുന്ന രാഷ്ട്രീയ പാര്‍ട്ടി ഒരു മാസത്തിനുളളില്‍ തിരഞ്ഞെടുപ്പ് കമ്മിഷനില്‍ രജിസ്റ്റര്‍ ചെയ്തേക്കും. എന്നാല്‍ 2026 ലെ നിയമസഭ തിരഞ്ഞെടുപ്പില്‍ മത്സരിച്ചാല്‍ മതിയെന്നാണ് വിജയുടെ തീരുമാനം.
പാര്‍ട്ടി രൂപീകരിക്കുന്നതിന് മുന്നോടിയായി സംസ്ഥാനത്തെ നിയമസഭ മണ്ഡലങ്ങളെ കേന്ദ്രീകരിച്ച് പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടാന്‍ ആരാധക സംഘടനയായ വിജയ് മക്കള്‍ ഇയക്കം തീരുമാനിച്ചിരുന്നു. സൗജന്യ ട്യൂഷന്‍ സെന്റുറുകള്‍, വായനശാലകള്‍, ക്ലിനിക്കുകള്‍, നിയമസഹായ കേന്ദ്രങ്ങള്‍ എന്നിവ കൂട്ടായ്മ ഇതിനോടകം തന്നെ വിവിധ സ്ഥലങ്ങളില്‍ ആരംഭിച്ചിരുന്നു.
നേരത്തെ ലിയോ ചിത്രത്തിന്റെ പ്രമോഷനിടെ രാഷ്ട്രീയത്തിലേക്ക് പ്രവേശിക്കുമെന്ന സൂചന വിജയ് നല്‍കിയിരുന്നു. ഇപ്പോള്‍ 234 മണ്ഡലങ്ങളിലും ബൂത്ത് കമ്മിറ്റികള്‍ രൂപീകരിക്കാന്‍ മക്കള്‍ ഇയക്കത്തെ ചുമതലപ്പെടുത്തിയെന്നും റിപ്പോര്‍ട്ടുണ്ട്.
ഇതാദ്യമായല്ല വിജയ് രാഷ്ട്രീയത്തിലേക്ക് പ്രവേശിക്കുമെന്ന അഭ്യൂഹം പരക്കുന്നത്. തമിഴ്‌നാട്ടില്‍ നിയമസഭ തിരഞ്ഞെടുപ്പ് നടക്കുന്നതിന് മുമ്പ് വിജയ് രാഷ്ട്രീയത്തില്‍ പ്രവേശിക്കുമെന്ന സൂചന പുറത്തു വന്നിരുന്നു. എന്നാല്‍ പിന്നീട് അതേ കുറിച്ചുള്ള വിവരങ്ങള്‍ ഒന്നും പുറത്തുവന്നില്ല.
വിജയുടെ രാഷ്ട്രീയ പ്രവേശന സാധ്യത വിലയിരുത്താന്‍ വോട്ടര്‍മാര്‍ക്കിടയില്‍ സര്‍വേ തുടങ്ങിയിരുന്നു. വിജയ് ഫാന്‍സ് അസോസിയേഷനും സാമൂഹിക സേവന സംഘടനായ വിജയ് മക്കള്‍ ഇയക്കവുമാണ് സര്‍വേയ്ക്ക് നേതൃത്വം നല്‍കിയത്.
നേരത്തേ രജനീകാന്ത് രാഷ്ട്രീയത്തില്‍ ഇറങ്ങാനുള്ള നീക്കം നടത്തിയിരുവെങ്കിലും അവസാന നിമിഷം അതില്‍ നിന്ന് പിന്മാറിയിരുന്നു. കമലഹാസന്‍ പാര്‍ട്ടി രൂപീകരിച്ച് തിരഞ്ഞെടുപ്പില്‍ മത്സരിച്ചിരുന്നെങ്കിലും ഒരു ചലനവും ഉണ്ടാക്കാന്‍ കഴിഞ്ഞില്ല. എഐഎഡിഎംകെ തകര്‍ന്ന് തരിപ്പണമായതിനാല്‍ ഡിഎംകെയ്ക്ക് ഇപ്പോള്‍ തമിഴ്‌നാട്ടില്‍ എതിരില്ലാത്ത അവസ്ഥയാണ്.
അതേസമയം, വിജയ് ആരാധകരുടെ സംഘടനയിലേക്ക് കൂടുതല്‍ ആളുകളെ ചേര്‍ക്കാനുള്ള നടപടികളും തുടങ്ങിയിട്ടുണ്ട്. ഇത് രാഷ്ട്രീയ പാര്‍ട്ടി രൂപീകരണം ലക്ഷ്യമിട്ടാണെന്നാണ് കരുതുന്നത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.