സൗരയൂഥത്തിനപ്പുറം ജലസാന്നിദ്ധ്യമുള്ള ഗ്രഹം കണ്ടെത്തി ഹബിള്‍ ദൂരദര്‍ശിനി; നിര്‍ണായക കണ്ടെത്തലെന്ന് നാസ

സൗരയൂഥത്തിനപ്പുറം ജലസാന്നിദ്ധ്യമുള്ള ഗ്രഹം കണ്ടെത്തി ഹബിള്‍ ദൂരദര്‍ശിനി; നിര്‍ണായക കണ്ടെത്തലെന്ന് നാസ

വാഷിങ്ടണ്‍: പ്രപഞ്ചത്തില്‍ ഭൂമിക്ക് സമാനമായി ജീവന്‍ തേടിയുള്ള ശാസ്ത്രജ്ഞരുടെ പര്യവേഷണങ്ങള്‍ക്ക് ശുഭപ്രതീക്ഷ പകരുന്ന വാര്‍ത്തയുമായി നാസ. സൗരയൂഥത്തിന് പുറത്ത് ജീവന്റെ നിലനില്‍പിന് സാധ്യതയുള്ള മറ്റൊരു ഗ്രഹം കൂടി ഗവേഷകര്‍ കണ്ടെത്തിയതായാണ് റിപ്പോര്‍ട്ടുകള്‍. ജലസാന്നിധ്യമുള്ള ഗ്രഹത്തെയാണ് കണ്ടെത്തിയത്.

ഹബിള്‍ ബഹിരാകാശ ദൂരദര്‍ശിനി ഉപയോഗിച്ച് നാസയാണ് പുതിയ കണ്ടെത്തല്‍ നടത്തിയത്. ദൂരദര്‍ശിനിയുടെ നിരീക്ഷണത്തിലൂടെ അന്തരീക്ഷത്തില്‍ ജലബാഷ്പമുള്ള ഏറ്റവും ചെറിയ എക്സോപ്ലാനറ്റിനെയാണ് തിരിച്ചറിഞ്ഞത്. ഭൂമിയുടെ ഏകദേശം ഇരട്ടി വ്യാസമുള്ള ജി.ജെ 9827ഡി എന്ന് പേരിട്ടിരിക്കുന്ന എക്സോപ്ലാനറ്റിനെയാണ് കണ്ടെത്തിയത്.

നാസയുടെ അഭിപ്രായത്തില്‍, പുതുതായി കണ്ടെത്തിയ എക്സോപ്ലാനറ്റിന് ശുക്രന് സമാനമായ താപനിലയാണ്. ഏകദേശം 752 ഡിഗ്രി ഫാരന്‍ഹീറ്റ് (400 ഡിഗ്രി സെല്‍ഷ്യസ്) വരുമിത്.

മൂന്ന് വര്‍ഷമായി ജിജെ 9827 ഡിയെ സൂക്ഷ്മമായി നിരീക്ഷിച്ച് വരികയായിരുന്നു. ഭൂമിയുടെ ഇരട്ടി വലിപ്പമുള്ള ഈ ഗ്രഹം ഏകദേശം 97 പ്രകാശവര്‍ഷം അകലെ മീനം രാശിയില്‍ സ്ഥിതി ചെയ്യുന്ന ജിജെ 987 എന്ന നക്ഷത്രത്തെ ചുറ്റുന്നു. ഹബിള്‍ ടെലിസ്‌കോപ്പിലൂടെ ഗ്രഹത്തില്‍ മിതമായ അളവിലാണോ അതോ എക്സോ പ്ലാനറ്റിന്റെ അന്തരീക്ഷ ഘടന പ്രധാനമായും ജലസാന്നിദ്ധ്യത്താല്‍ സമ്പുഷ്ടമാണോ എന്ന് ഉറപ്പുവരുത്തുകയാണ് അടുത്തഘട്ടമെന്ന് നാസ പറയുന്നു. ഈ കണ്ടുപിടുത്തത്തെ വലിയ കുതിച്ചുചാട്ടമായാണ് കണക്കാക്കുന്നത്.

ജീവന്‍ ഉണ്ടെങ്കിലും ഇല്ലെങ്കിലും ഈ ഗ്രഹങ്ങളില്‍ എത്തിപ്പെടാനുള്ള മനുഷ്യരാശിയുടെ ശ്രമങ്ങള്‍ വിജയിക്കാനുള്ള സാധ്യതകള്‍ അതിവിദൂരമാണ്. മിനിറ്റില്‍ ആയിരക്കണക്കിന് കിലോമീറ്റര്‍ വേഗതയില്‍ സഞ്ചരിക്കുന്ന ബഹിരാകാശവാഹനം നിര്‍മിച്ചാലും ഗ്രഹത്തിലെത്തിപ്പെടണമെങ്കില്‍ ലക്ഷക്കണക്കിന് വര്‍ഷങ്ങള്‍ യാത്ര ചെയ്യേണ്ടി വരും.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.