ഗവര്‍ണറുടെ റിപ്പബ്ലിക് ദിന സല്‍ക്കാരം ബഹിഷ്‌കരിച്ച് മുഖ്യമന്ത്രിയും മന്ത്രിമാരും

ഗവര്‍ണറുടെ റിപ്പബ്ലിക് ദിന സല്‍ക്കാരം ബഹിഷ്‌കരിച്ച് മുഖ്യമന്ത്രിയും മന്ത്രിമാരും

തിരുവനന്തപുരം: ഗവര്‍ണറുടെ റിപ്പബ്ലിക് ദിന സല്‍ക്കാരം ബഹിഷ്‌കരിച്ച് മുഖ്യമന്ത്രിയും മന്ത്രിമാരുമെന്ന് റിപ്പോര്‍ട്ടുകള്‍. ഇന്ന് വൈകുന്നേരം 6.30 നായിരുന്നു രാജ്ഭവനില്‍ സല്‍ക്കാരം സംഘടിപ്പിച്ചത്. എന്നാല്‍ സമയം കഴിഞ്ഞിട്ടും മന്ത്രിസഭയില്‍ നിന്നുള്ളവരാരും ചടങ്ങില്‍ പങ്കെടുത്തില്ല. ഗവര്‍ണര്‍-സര്‍ക്കാര്‍ പോര് മുറുകുന്നതിന്റെ ലക്ഷണമാണ് ഇന്നത്തെ വിരുന്ന് ബഹിഷ്‌കരണം. എന്നാല്‍ വിരുന്നൊരുക്കാനായി രാജ്ഭവന് സര്‍ക്കാര്‍ 20 ലക്ഷം രൂപ അനുവദിച്ചിരുന്നു.

റിപ്പബ്ലിക് ദിന സന്ദേശത്തില്‍ സംസ്ഥാന സര്‍ക്കാരിനെതിരെ വിമര്‍ശനവുമായി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ രംഗത്തുവന്നിരുന്നു. കഴിഞ്ഞ ദിവസം നയപ്രഖ്യാപന പ്രസംഗത്തിന്റെ അവസാന ഖണ്ഡിക മാത്രം ഗവര്‍ണര്‍ വായിച്ചതും വലിയ ചര്‍ച്ചയായിരുന്നു.

ഉന്നത വിദ്യാഭ്യാസ രംഗത്തെ ബാഹ്യ ഇടപെടലുകള്‍, അക്കാദമിക മേഖലയെ മലിനമാക്കുന്നതായും ബാഹ്യ ഇടപെടലുകള്‍ ഇല്ലാത്ത സ്വതന്ത്ര വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ കേരളത്തിന് അനിവാര്യമാണെന്നും ഗവര്‍ണര്‍ പറഞ്ഞു. എന്നാല്‍ കേന്ദ്ര സര്‍ക്കാരിനെയും പ്രധാനമന്ത്രി നരേന്ദ്ര മോഡിയെയും ഗവര്‍ണര്‍ പ്രശംസിക്കുകയും ചെയ്തു.

75ാമത് റിപ്പബ്ലിക് ദിനാഘോഷത്തിന്റെ ഭാഗമായി തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ പതാക ഉയര്‍ത്തിയ ശേഷം സംസാരിക്കുകയായിരുന്നു ഗവര്‍ണര്‍. ഇന്നത്തെ ചടങ്ങില്‍ ഗവര്‍ണറും മുഖ്യമന്ത്രിയും അടുത്തിരുന്നെങ്കിലും പരസ്പരം മുഖം കൊടുക്കാതെയാണ് പങ്കെടുത്തത്.

മുന്‍പ് പുതിയ മന്ത്രിമാരായ കെ.ബി.ഗണേഷ് കുമാറിന്റെയും രാമചന്ദ്രന്‍ കടന്നപ്പള്ളിയുടെയും സത്യപ്രതിജ്ഞയോടനുബന്ധിച്ച് നടത്തിയ ചായ സത്ക്കാരവും മുഖ്യമന്ത്രിയും മന്ത്രിമാരും ബഹിഷ്‌കരിച്ചിരുന്നതും വാര്‍ത്തയായിരുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.