രാഹുല്‍, ജഡേജ, ജയ്‌സ്വാള്‍ തിളങ്ങി; ആദ്യ ടെസ്റ്റില്‍ ഇംഗ്ലണ്ടിനെതിരെ ഇന്ത്യ വന്‍ലീഡിലേക്ക്

രാഹുല്‍, ജഡേജ, ജയ്‌സ്വാള്‍ തിളങ്ങി; ആദ്യ ടെസ്റ്റില്‍ ഇംഗ്ലണ്ടിനെതിരെ ഇന്ത്യ വന്‍ലീഡിലേക്ക്

ഹൈദ്രബാദ്: ഇംഗ്ലണ്ടിനെതിരായ ആദ്യ ടെസ്റ്റില്‍ ഇന്ത്യ വന്‍ലീഡിലേക്ക്. രണ്ടാം ദിനം കളി അവസാനിക്കുമ്പോള്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 421 റണ്‍സെന്ന നിലയിലാണ് ഇന്ത്യ. അര്‍ധ സെഞ്ചുറിയുമായി രവീന്ദ്ര ജഡേജയും (81), 35 റണ്‍സോടെ അക്‌സര്‍ പട്ടേലുമാണ് ക്രീസില്‍.

അഭേദ്യമായ എട്ടാം വിക്കറ്റ് കൂട്ടുകെട്ടില്‍ ഇരുവരും ചേര്‍ന്ന് ഇതുവരെ 63 റണ്‍സ് കൂട്ടിച്ചേര്‍ത്തിട്ടുണ്ട്. നേരത്തെ ആദ്യദിനത്തെ സ്‌കോറായ 119 റണ്‍സില്‍ ബാറ്റിംഗ് പുനരാരംഭിച്ച ഇന്ത്യയ്ക്ക് ഏറെ താമസിയാതെ തന്നെ മികച്ച രീതിയില്‍ ബാറ്റു ചെയ്യുകയായിരുന്ന ജയ്‌സ്വാളിനെ നഷ്ടമായി.

തലേ ദിവസത്തെ സ്‌കോറിന്റെ കൂടെ നാല് റണ്‍സ് മാത്രം കൂട്ടിചേര്‍ത്ത ജയ്‌സ്വാളിനെ (80 റണ്‍സ്) സ്വന്തം പന്തില്‍ പിടിച്ച് ജോ റൂട്ട് ആണ് മടക്കിയത്. അധികം താമസിയാതെ ഗില്ലും കൂടാരം കയറി. 23 റണ്‍സായിരുന്നു ഗില്ലിന്റെ സമ്പാദ്യം.

പിന്നീട് ബാറ്റിംഗ് ചുമതലയേറ്റെടുത്ത കെഎല്‍ രാഹുല്‍, ശ്രേയസ് അയ്യരുമൊത്ത് സ്‌കോര്‍ ബോര്‍ഡ് മുന്നോട്ടു നീക്കി. രാഹുല്‍ 86 റണ്‍സ് നേടി ടോപ് സ്‌കോററായി. ശ്രേയസ് (35), എസ് ഭരത് (41) എന്നിവരും നിര്‍ണായക സംഭാവന നല്‍കി.

ഇംഗ്ലണ്ടിന് വേണ്ടി ജോ റൂട്ട്, ഹാര്‍ട്ട്‌ലി എന്നിവര്‍ ഈരണ്ട് വിക്കറ്റ് വീതവും ജാക്ക് ലീച്ച്, റിഹാന്‍ അഹമ്മദ് ഒരു വിക്കറ്റ് വീതവും നേടി. നേരത്തെ ഇംഗ്ലണ്ടിന്റെ ഒന്നാം ഇന്നിംഗ്‌സ് 246 റണ്‍സില്‍ അവസാനിച്ചിരുന്നു. ഇതോടെ ഇന്ത്യയ്ക്ക് 175 റണ്‍സിന്റെ ലീഡാണ് നിലവിലുള്ളത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.