ഏദന്‍ ഉള്‍ക്കടലില്‍ ബ്രിട്ടിഷ് എണ്ണ കപ്പലിന് നേരെ ഹൂതികളുടെ ആക്രമണം; ആളപായമില്ല

ഏദന്‍ ഉള്‍ക്കടലില്‍  ബ്രിട്ടിഷ് എണ്ണ കപ്പലിന് നേരെ  ഹൂതികളുടെ ആക്രമണം; ആളപായമില്ല

സനാ: ബ്രിട്ടിഷ് എണ്ണ കപ്പലിന് നേരെ യമനിലെ ഹൂതി വിമതരുടെ ആക്രമണം. മാര്‍ലിന്‍ ലുവാണ്ട എന്ന കപ്പലിന് നേര്‍ക്കാണ് ഏദന്‍ ഉള്‍ക്കടലില്‍ ആക്രമണം ഉണ്ടായത്. ആക്രമണത്തെ തുടര്‍ന്ന് കപ്പലില്‍ തീപിടിത്തമുണ്ടായി.

കപ്പലിനു നേര്‍ക്ക് മിസൈലുകള്‍ തൊടുത്തതായി ഹൂതി വക്താവ് യഹിയ സറിയ പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു. യുണൈറ്റഡ് കിംഗ്ഡം മാരിടൈം ട്രേഡ് ഓപ്പറേഷന്‍സ് ഹൂതികളുടെ ആക്രമണം സ്ഥിരീകരിച്ചു. ഏദനില്‍ നിന്ന് 60 നോട്ടിക്കല്‍ മൈല്‍ തെക്കു കിഴക്കായാണ് സംഭവമെന്ന് അവര്‍ വ്യക്തമാക്കി.

ബ്രിട്ടനും അമേരിക്കയും കഴിഞ്ഞ ദിവസം ഹൂതി കേന്ദ്രങ്ങള്‍ക്കുനേരെ ആക്രമണം നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ബ്രിട്ടീഷ് കപ്പലിന് നേര്‍ക്കുള്ള പ്രത്യാക്രമണം.കപ്പലിലെ ജീവനക്കാര്‍ക്ക് പരിക്കില്ല.

ആദ്യമായിട്ടാണ് ബ്രിട്ടീഷ് കപ്പല്‍ ഹൂതികളുടെ ആക്രമണത്തിന് ഇരയാകുന്നത്. ഗാസയില്‍ ഇസ്രയേലിന്റെ ആക്രമണം അവസാനിപ്പിക്കുകയും പാലസ്തീനികള്‍ക്ക് മതിയായ മരുന്നും ഭക്ഷണവും നല്‍കുന്നതും വരെ ചെങ്കടലിലും അറബിക്കടലിലും ഇസ്രയേലുമായി ബന്ധമുള്ള കപ്പലുകള്‍ക്ക് നേരെ ആക്രമണം തുടരുമെന്ന് ഹൂതി വക്താവ് യഹിയ സറിയ പറഞ്ഞു. കൂടാതെ അമേരിക്കയുടെയും ബ്രിട്ടന്റെയും ആക്രണമത്തില്‍ നിന്ന് യമനെ സംരക്ഷിക്കുമെന്നും അദേഹം കൂട്ടിച്ചേര്‍ത്തു.

കഴിഞ്ഞ ദിവസം അമേരിക്കയുടെ യുദ്ധക്കപ്പല്‍ ഹൂതികള്‍ ആക്രമിച്ചിരുന്നു. രണ്ട് മണിക്കൂര്‍ നീണ്ട ആക്രമണത്തെ തുടര്‍ന്ന് രണ്ട് അമേരിക്കന്‍ വ്യാപാര കപ്പലുകള്‍ വഴി മാറിപ്പോയതായും റിപ്പോര്‍ട്ടുണ്ടായിരുന്നു.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.