തൊണ്ണൂറ്റി ആറാമത്തെ മാർപ്പാപ്പ വി. ലിയോ മൂന്നാമന്‍ (കേപ്പാമാരിലൂടെ ഭാഗം-96)

തൊണ്ണൂറ്റി ആറാമത്തെ മാർപ്പാപ്പ വി. ലിയോ മൂന്നാമന്‍ (കേപ്പാമാരിലൂടെ ഭാഗം-96)

തിരുസഭാ ചരിത്രത്തില്‍ത്തന്നെ വലിയ മാറ്റങ്ങള്‍ക്ക് വഴിതെളിച്ച ഭരണകാലമായിരുന്നു വി. ലിയോ മൂന്നാമന്‍ മാര്‍പ്പാപ്പയുടെ ഭരണകാലം. ഷാര്‍ളെമൈനിനെ റോമിന്റെ വിശുദ്ധ ചക്രവര്‍ത്തിയായി വാഴിച്ചതു വഴി റോമിനെയും പാശ്ചാത്യ ദേശത്തെയും പൗരസ്ത്യ ദേശത്തിന്റെയും ബൈസന്റയിന്‍ ചക്രവര്‍ത്തിയുടെയും സ്വാധീനത്തില്‍ നിന്നും പുറത്തുവന്ന് പുതിയ ഒരു അധികാര സംവിധാനത്തിന് പാശ്ചാത്യ സാമ്രാജ്യത്തില്‍ തുടക്കം കുറിക്കുവാന്‍ ലിയോ മൂന്നാമന്‍ പാപ്പാ കാരണമായി. അതിനാല്‍ തന്നെ രാഷ്ട്രീയപരമായും സഭാപരമായും വളരെയധികം പ്രാധാന്യമേറിയ ഒരു ഭരണകാലഘട്ടമായിരുന്നു അദ്ദേഹത്തിന്റേത്.


ഹഡ്രിയാന്‍ ഒന്നാമന്‍ പാപ്പായുടെ കബറടക്കത്തിന്റെ പിറ്റേ ദിവസം തന്നെ അദ്ദേഹത്തിന്റെ പിന്‍ഗാമിയായി ലിയോ മൂന്നാമന്‍ പാപ്പ ഏ.ഡി. 795 ഡിസംബര്‍ 26-ാം തീയതി തിരഞ്ഞെടുക്കപ്പെട്ടു. ഏകകണ്ഠമായിരുന്നു അദ്ദേഹത്തിന്റെ തിരഞ്ഞെടുപ്പെങ്കിലും എതിര്‍പ്പുകള്‍ ഇല്ലാതിരുന്ന ഒരു തിരഞ്ഞെടുപ്പല്ലായിരുന്നു അദ്ദേഹത്തിന്റെതും. ഹഡ്രിയാന്‍ ഒന്നാമന്‍ പാപ്പായുടെ ബന്ധുക്കളായിരുന്ന പ്രഭുക്കന്മാരുടെ കഠിനമായ എതിര്‍പ്പ് അദ്ദേഹത്തിന് നേരിടേണ്ടി വന്നു. മാര്‍പ്പാപ്പയായി തിരഞ്ഞെടുക്കപ്പെട്ടതിനു തൊട്ടടുത്ത ദിവസം അദ്ദേഹം റോമിന്റെ മെത്രാനും തിരുസഭയുടെ തലവനുമായി അഭിഷേകം ചെയ്യപ്പെട്ടു. എന്നിരുന്നാലും വത്തിക്കാന്റെ ഔദ്യോഗിക രേഖയനുസരിച്ച് ലിയോ പാപ്പയുടെ ഭരണകാലഘട്ടം തുടങ്ങുന്നത് അദ്ദേഹം തിരഞ്ഞെടുക്കപ്പെട്ട ദിനമായ ഏ.ഡി. 795 ഡിസംബര്‍ 26-നാണ്.

ഏ.ഡി. 799 ഏപ്രില്‍ 25-ാം തീയതി വിശുദ്ധ കുര്‍ബാനയ്ക്കായുള്ള പ്രദക്ഷിണസമയത്ത് ലിയോ പാപ്പായെ ചിലർ ക്രൂരമായി ആക്രമിക്കുകയും അദ്ദേഹത്തിന്റെ നാവ് മുറിച്ചുകളയുവാനും അന്ധനാക്കുവാനുമുള്ള വിഫലമായ ശ്രമം നടക്കുകയും ചെയ്തു. അതിനെത്തുടര്‍ന്ന് അദ്ദേഹത്തെ സ്ഥാനഭ്രഷ്ടനാക്കി ഒരു ആശ്രമത്തിലേക്ക് നാടുകടത്തുകയും ചെയ്തു. പിന്നീട് പാപ്പാ തന്റെ സുഹൃത്തുക്കളുടെ സഹായത്തോടെ അവിടെ നിന്ന് രക്ഷപ്പെട്ട് ഫ്രാങ്കിഷ് രാജാവായ ഷാര്‍ളെമൈനിന്റെ രാജസന്നിധിയായ പാദര്‍ബോണില്‍ അഭയം തേടി. പാദര്‍ബോണില്‍ എത്തിയ അദ്ദേഹത്തെ എല്ലാവിധ ആദരവോടും ആഡംബരത്തോടും കൂടിയാണ് സ്വീകരിച്ചത്.

ലിയോ മൂന്നാമന്‍ പാപ്പായെ സ്ഥാനഭ്രഷ്ടനാക്കിയ നടപടി അംഗീകരിക്കുവാന്‍ ഫ്രാങ്കിഷ് രാജാവായ ഷാര്‍ളെമൈന്‍ തയ്യാറായില്ല. പാപ്പാ പാദര്‍ബോണില്‍ അഭയം തേടി താമസിയാതെ തന്നെ അദ്ദേഹത്തിന്റെ എതിർ ചേരിയുടെ പ്രതിനിധികള്‍ അവിടെ എത്തിച്ചേരുകയും കള്ളസാക്ഷ്യം വ്യഭിചാരം എന്നീ കുറ്റങ്ങള്‍ അദ്ദേഹത്തിനുമേല്‍ ചുമത്തുകയും ചെയ്തു. ഒത്തിരിയധികം ഫ്രാങ്ക് വംശജര്‍ ലിയോ മൂന്നാമന്‍ പാപ്പായ്‌ക്കെതിരെയുള്ള ആരോപണങ്ങള്‍ വിശ്വസനീയമാണെന്ന് കണക്കാക്കിയിരുന്നെങ്കിലും ഒരു ശക്തിക്കും പരിശുദ്ധ സിംഹാസനത്തെ വിധിക്കുവാന്‍ അധികാരമില്ലെന്ന പൊതു തത്വം മൂലം പാപ്പായ്‌ക്കെതിരെ വിധിതീര്‍പ്പ് കല്പ്പിക്കുന്നതില്‍നിന്നും വിലക്കപ്പെട്ടു. ഷാര്‍ളെമൈന്‍ രാജാവ് പാപ്പായെ റോമിലേക്ക് അനുഗമിച്ചു. എന്നാല്‍, റോമാനഗരത്തിലെ പ്രശ്‌നങ്ങള്‍ അതുപോലെ പിന്നീടും തുടര്‍ന്നു.

ഒരു വര്‍ഷത്തിനുശേഷം ഷാര്‍ളെമൈന്‍ രാജാവ് റോമിലെത്തിയപ്പോള്‍ ഒരു ചക്രവര്‍ത്തിക്ക് അനുയോജ്യമായ രീതിയിലാണ് അദ്ദേഹത്തെ സ്വാഗതം ചെയ്തത്. പാപ്പായ്‌ക്കെതിരെയുള്ള ആരോപണങ്ങള്‍ പരിശോധിക്കുവാനായി ഷാര്‍ളെമൈന്‍ രാജാവ് ഏ.ഡി. 800 ഡിസംബര്‍ 23-ാം തീയതി വി. പത്രോസിന്റെ ബസിലിക്കയില്‍ ഒരു കൗണ്‍സില്‍ വിളിച്ചുചേര്‍ത്തു. എന്നാല്‍ ഒരു മാര്‍പ്പാപ്പയ്‌ക്കെതിരെ വിധിപറയുവാന്‍ കഴിയുകയില്ല എന്ന കാരണത്താല്‍ അത്തരം ഒരു വിചാരണസദസ്സിന് താല്പര്യമില്ലായെന്ന് കൗണ്‍സില്‍ അംഗങ്ങള്‍ വെളിവാക്കി. ഡിസംബര്‍ 23-ാം തീയതി വി. പത്രോസിന്റെ ബസിലിക്കയില്‍വെച്ച് ഷാര്‍ളെമൈന്‍ രാജാവിന്റെ സാന്നിദ്ധ്യത്തില്‍ ലിയോ മൂന്നാമന്‍ പാപ്പാ തനിക്കെതിരെയുള്ള ആരോപണങ്ങള്‍ വ്യാജമാണെന്ന് തെളിയിക്കാന്‍ തയ്യാറാണെന്ന് ഏറ്റുപറയുകയും തന്റെ നിരപരാധിത്വം തെളിയിക്കുന്നതിനായി വിശുദ്ധ ഗ്രന്ഥത്തില്‍ തൊട്ടുകൊണ്ട് സത്യം ചെയ്യുകയും ചെയ്തു.

ഇതിനെ തുടര്‍ന്ന് പാപ്പായുടെ എതിരാളികളെ രാജാവ് വധശിക്ഷയ്ക്ക് വിധിച്ചുവെങ്കിലും പാപ്പാ ഇടപ്പെട്ട് വധശിക്ഷയില്‍നിന്ന് അവര്‍ക്ക് ഇളവ് നേടിക്കൊടുക്കുകയും അവരുടെ ശിക്ഷ നാടുകടത്തലിലേക്ക് ലഘൂകരിക്കുകയും ചെയ്തു. രണ്ട് ദിവസങ്ങള്‍ക്കുശേഷം അതായത് പിറവിത്തിരുനാള്‍ ദിനത്തില്‍ വിശുദ്ധ കുര്‍ബാനമദ്ധ്യേ വി. പത്രോസിന്റെ കബറിടത്തിനുമുമ്പില്‍വെച്ച് ലിയോ മാര്‍പ്പാപ്പ ഷാര്‍ളെമൈന്‍ രാജാവിന്റെ ശിരസ്സില്‍ കിരീടമണിയിച്ച് റോമിന്റെ വിശുദ്ധ ചക്രവര്‍ത്തിയായി പ്രഖ്യാപിക്കുകയും ചെയ്തു. ആരാധനാസമൂഹം അദ്ദേഹത്തെ റോമിന്റെ മെത്രാനായി അഭിവാദനം ചെയ്യുകയും ലിയോ മാര്‍പ്പാപ്പ അദ്ദേഹത്തിന് മുമ്പില്‍ മുട്ടുകുത്തി ആദരവ് അര്‍പ്പിക്കുകയും ചെയ്തു. ഷാര്‍ളെമൈന്‍ രാജാവ് മഹാനായ ചാള്‍സ് ചക്രവര്‍ത്തിയെന്ന പേരില്‍ ഇതുമൂലം അറിയപ്പെടുവാന്‍ ഇടയായി.

ഷാര്‍ളെമൈനിന്റെ കിരീടധാരണം ഷാര്‍ളെമൈനിനും ലിയോ മൂന്നാമന്‍ പാപ്പായ്ക്കും ഒരുപോലെ ഗുണം ചെയ്യുന്നതായിരുന്നു. കോണ്‍സ്റ്റാന്റിനോപ്പിളിലെ ബൈസന്റയിന്‍ ചക്രവര്‍ത്തിക്ക് തുല്യമായ പദവി ഷാര്‍ളെമൈന്‍ രാജാവിന് പ്രസ്തുത കിരീടധാരണം വഴി ലഭ്യമായി. മാത്രമല്ല റോമിനെയും പേപ്പല്‍ സ്റ്റേറ്റുകളെ സംബന്ധിച്ചും വ്യക്തമായ ഒരു സ്വാധീനശക്തിയായും അദ്ദേഹം ഉയര്‍ത്തപ്പെട്ടു. അതേസമയം ഷാര്‍ളെമൈനിന്റെ കിരീടധാരണം റോമില്‍ ലിയോ മൂന്നാമന്‍ പാപ്പായ്ക്ക് തന്റെ സ്ഥാനം ഉറപ്പിക്കുവാന്‍ സഹായകരമായി. റോമിനുമേലുള്ള തന്റെ രാഷ്ട്രീയ അധികാരം ഉറപ്പിക്കുന്നതിനും ബൈസന്റയിന്‍ ചക്രവര്‍ത്തിമാരുടെമേലുള്ള പേപ്പസിയുടെ ആശ്രിതത്വം അവസാനിപ്പിക്കുന്നതിനും അതുപോലെതന്നെ പേപ്പല്‍ അന്തസ്സ് ഉയര്‍ത്തുന്നതിനും കീരിടധാരണം കാരണമായി. മാര്‍പ്പാപ്പ തന്നെ ഒരു ചക്രവര്‍ത്തിക്ക് കിരീടധാരണം നടത്തുന്നത് പേപ്പസിയുടെ അന്തസ്സ് ഉയര്‍ത്തുന്നതും മാര്‍പ്പാപ്പയുടെ സ്വാധീനം രാഷ്ട്രീയപരമായും സഭാപരമായും ഊട്ടിയുറപ്പിക്കുന്നതുമായിരുന്നു. എന്നിരുന്നാലും, ഷാര്‍ളെമൈനിന്റെ കിരീടധാരണം രണ്ട് ശക്തികള്‍ തമ്മിലുള്ള ആത്യന്തിക സംഘട്ടനത്തിന്റെ വിത്തുകളും വിതച്ചു - ഇത് മധ്യകാലഘട്ടങ്ങളിലുടനീളം തുടര്‍ന്നു. 

വീണ്ടും മാര്‍പ്പാപ്പയായി പുനഃസ്ഥാപിക്കപ്പെടുകയും ഷാര്‍ളെമൈന്‍ ചക്രവര്‍ത്തിയുടെ പൂര്‍ണ്ണ പിന്തുണ ആസ്വദിക്കുകയും ചെയ്തിരുന്നെങ്കിലും ലിയോ മൂന്നാമന്‍ പാപ്പാ തന്നെത്തന്നെ ഷാര്‍ളെമൈന്‍ ചക്രവര്‍ത്തിയുടെ നിഴലിന്‍ കീഴിലും സ്വാധീനത്തിന്‍ കീഴിലുമായിരുന്നു. ഭൗതിക കാര്യങ്ങളില്‍ മാത്രമല്ല മറിച്ച് സഭാപരമായ കാര്യങ്ങളില്‍പ്പോലും തന്റെ ഇഷ്ടം പോ ലെ ചക്രവര്‍ത്തി ഇടപ്പെട്ടു. സഭയുടെ ദൈനംദിന പ്രവര്‍ത്തനങ്ങളിലും പേപ്പല്‍ സംസ്ഥാനങ്ങളുടെ ഭരണത്തിലും അദ്ദേഹം തുടര്‍ച്ചയായി ഇടപ്പെട്ടു. ഏ.ഡി. 798-ല്‍ അദ്ദേഹം പാപ്പായെ സ്വാധീനിച്ച് സാല്‍സ്ബര്‍ഗിനെ മെട്രോപോളിറ്റന്‍ അധികാരമുള്ള അതിരൂപതയായി ഉയര്‍ത്തുകയും സ്പാനിഷ് അഡോപ്ഷനിസത്തെ അപലപിക്കാന്‍ റോമില്‍ ഒരു സിനഡ് വിളിച്ചു ചേര്‍ക്കുകയും ചെയ്തു. നിഖ്യാ വിശ്വാസപ്രമാണത്തില്‍ പുത്രനില്‍നിന്നും പുറപ്പെടുന്ന (ഫീലിയോക്ക്) എന്ന വാക്യം കൂട്ടിചേര്‍ക്കുവാനുള്ള ഷാര്‍ളെമൈന്‍ ചക്രവര്‍ത്തിയുടെ ശ്രമങ്ങളെ ലിയോ മൂന്നാമന്‍ പാപ്പാ ചെറുത്തു. പ്രസ്തുത വാക്യത്തില്‍ അടങ്ങിയിരിക്കുന്ന ദൈവശാസ്ത്രത്തെ സംബന്ധിച്ച് പാപ്പായ്ക്ക് എതിരഭിപ്രായമൊന്നും ഉണ്ടായിരുന്നില്ല. എന്നാല്‍ ചരിത്രപ്രാധാന്യമുള്ള നിഖ്യാ വിശ്വാസപ്രമാണത്തില്‍ മാറ്റം വരുത്തുന്നതിനെയായിരുന്നു അദ്ദേഹം എതിര്‍ത്തത്. ദൈവശാസ്ത്രവിഷയങ്ങളിലെ ഏതൊരു മാറ്റത്തെയും എതിര്‍ത്തിരുന്ന ഗ്രീക്കുകാരെ പിണക്കുവാനും പാപ്പാ തയ്യാറായിരുന്നില്ല. ഏ.ഡി. 814 ജനുവരി 28-ന് മഹാനായ ചാള്‍സ് ചക്രവര്‍ത്തി ദിവംഗതനായി. അദ്ദേഹത്തിന്റെ മരണത്തിനുശേഷം ലിയോ മൂന്നാമന്‍ പാപ്പാ കൂടുതല്‍ സ്വതന്ത്രമായി പ്രവര്‍ത്തിക്കുവാന്‍ തുടങ്ങി, പക്ഷേ നിര്‍ഭാഗ്യവശാല്‍ കൂടുതല്‍ വിവേകത്തോടെയല്ല പ്രവര്‍ത്തിച്ചത്. തനിക്കെതിരായ മറ്റൊരു ഗൂഢാലോചന വെളിച്ചത്തുവന്നപ്പോള്‍ ഗൂഢാലോചനക്കാര്‍ക്കെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തി അദ്ദേഹം തന്നെ അവരെ വിചാരണ ചെയ്യുകയും അവരില്‍ നിരവധിപ്പേരെ വധശിക്ഷയ്ക്കു വിധിക്കുകയും ചെയ്തു.

അല്ലാത്തപക്ഷം, ലിയോ മൂന്നാമന്‍ മാര്‍പ്പാപ്പ പേപ്പല്‍ സംസ്ഥാനങ്ങളുടെയും സഭയുടെ വിശാലമായ ക്ഷേമപ്രവര്‍ത്തന സംവിധാനങ്ങളുടെയും കാര്യക്ഷമനായ ഭരണാധികാരിയായിരുന്നു. തന്റെ മുന്‍ഗാമിയുടെ പാത പിന്തുടര്‍ന്നുകൊണ്ട് ലിയോ പാപ്പായും റോമിലെ ദേവാലയങ്ങള്‍ പുനഃനിര്‍മ്മിക്കുന്നതിലും മോടിപിടിപ്പിക്കുന്നതിലും പുതിയ ദേവാലയങ്ങള്‍ നിര്‍മ്മിക്കുന്നതിലും പ്രത്യേക ശ്രദ്ധ പതിപ്പിച്ചു. വിദേശകാര്യങ്ങളില്‍, പാപ്പാ ഇംഗ്ലണ്ടിലെ സഭയുടെ കാര്യങ്ങളില്‍ അദ്ദേഹം പ്രത്യേക താത്പര്യം പുലര്‍ത്തി. നോര്‍ത്തമ്പ്രിയുടെ രാജാവിനെ തന്റെ സിംഹാസനത്തില്‍ പുനഃസ്ഥാപിക്കുന്നതില്‍ സഹായിച്ചു. അതുപോലെതന്നെ കാന്റർബറിയുടെ മെത്രാപ്പോലീത്തായും യോര്‍ക്കിന്റെ മെത്രാപ്പോലീത്തായും തമ്മിലുണ്ടായിരുന്ന തര്‍ക്കം പരിഹരിക്കുകയും ലിഷ്ഫീല്‍ഡിന്റെ മെത്രാനില്‍നിന്നും പാലിയം തിരികെ വാങ്ങുകയും ചെയ്തു. കടുത്ത ഭിന്നിപ്പിന്റെയും ധാര്‍മ്മികമായി ചഞ്ചലവുമായ ഒരു ഭരണകാലമായിരുന്നു ലിയോ മൂന്നാമന്‍ പാപ്പായുടെതെങ്കിlലും 1673-ല്‍ വിശുദ്ധന്മാരുടെ പട്ടികയില്‍ അദ്ദേഹത്തെയും ചേര്‍ത്തു. ഏ.ഡി. 799-ലെ ആക്രമണത്തില്‍ നഷ്ടപ്പെട്ട അദ്ദേഹത്തിന്റെ കണ്ണുകളും നാവും അത്ഭുതകരമായി പുനഃസ്ഥാപിക്കപ്പെട്ടുവെന്ന വിശ്വാസത്തിന്റെ പുറത്തായിരുന്നു ഈ ഉള്‍പ്പെടുത്തല്‍.
ഏ.ഡി. 816 ജൂണ്‍ 12-ാം തീയതി ലിയോ മൂന്നാമന്‍ പാപ്പാ ഇഹലോകവാസം വെടിഞ്ഞു. അദ്ദേഹത്തിന്റെ ഭൗതീകവശിഷ്ടങ്ങള്‍ വി. പത്രോസിന്റെ ബസിലിക്കയില്‍ അടക്കം ചെയ്തിരിക്കുന്നു.

മുൻഭാഗങ്ങൾ വായിക്കുവാൻ ഇവിടെ നോക്കുക.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.