കെ.വി തോമസ് ഇടഞ്ഞ് ഇടഞ്ഞ് ഇടത്തേക്കോ?

കെ.വി തോമസ് ഇടഞ്ഞ്  ഇടഞ്ഞ് ഇടത്തേക്കോ?

കൊച്ചി: മുതിർന്ന കോൺഗ്രസ് നേതാവും മുൻ മന്ത്രിയുമായ കെ.വി. തോമസ് യുഡിഎഫ് വിടുമോ, ഇടതുപക്ഷം ചേരുമോ എന്നുള്ള കാര്യങ്ങളിൽ ചർച്ച ശക്തമാവുകയാണ്. കെപിസിസി നേതൃത്വവും ഹൈക്കമാൻഡും തോമസിനെ അവഗണിക്കുമ്പോൾ അദ്ദേഹത്തിന്റെ നിലപാട് നിർണായകമാണ്. ഈ മാസം 24ന് ശേഷം നിലപാട് പറയുമെന്നാണ് കെ.വി. തോമസ് വ്യക്തമാക്കിയിരിക്കുന്നത്. കെ.വി. തോമസ് കോൺഗ്രസ് നേതൃത്വവുമായി കുറച്ചുനാളുകളായി ഇടച്ചിലിലാണ്.

കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിൽ എറണാകുളം സീറ്റ് നിഷേധിച്ചപ്പോൾ അദ്ദേഹം എഐസിസി അധ്യക്ഷ സോണിയാ ഗാന്ധിയെ കണ്ട് പരാതി പറഞ്ഞിരുന്നു. അതിന്റെ അടിസ്ഥാനത്തിൽ പാർട്ടിയിൽ ഉചിതമായ സ്ഥാനം കിട്ടുമെന്നും അദ്ദേഹം പ്രതീക്ഷിച്ചിരുന്നു. എന്നാൽ, വിചാരിച്ച സ്ഥാനങ്ങളൊന്നും കിട്ടിയില്ല. പാർട്ടി പത്രത്തിന്റെയും ചാനലിന്റെയും എംഡി സ്ഥാനമാണ് അദ്ദേഹത്തിന് ലഭിച്ചത്. നിയമസഭാ തിരഞ്ഞെടുപ്പിൽ കൊച്ചിയിൽ മത്സരിക്കാനുള്ള ആഗ്രഹം അദ്ദേഹം നേരത്തേ തന്നെ വെളിവാക്കിയിരുന്നു. എന്നാൽ, ഇരുഗ്രൂപ്പുകളും തോമസിനെ ഒഴിവാക്കാൻ ശ്രമിക്കുകയായിരുന്നു. അദ്ദേഹത്തെ ഇടിച്ചുതാഴ്ത്താനാണ് ഗ്രൂപ്പ് നേതൃത്വം ശ്രമിക്കുന്നത്. ഇത് വ്യക്തമായി മനസ്സിലാക്കിയാണ് കെ.വി. തോമസ് പാർട്ടി വിടുമെന്ന ചില സൂചനകൾ നൽകിയത്.

അതേസമയം കെ.വി. തോമസ് ഇടതുപക്ഷം വന്നാൽ സന്തോഷത്തോടെ സ്വീകരിക്കും. അദ്ദേഹം എറണാകുളത്ത് മത്സരിക്കുന്നതിനുള്ള സാധ്യതകളുമുണ്ട്. ഇടതുമുന്നണിക്ക് പ്രതീക്ഷയില്ലാത്ത മണ്ഡലമാണ് എറണാകുളം. അവിടെ കോൺഗ്രസ് വോട്ടുകൾ വിഭജിച്ച് ജയിക്കുന്നതിനുള്ള സാധ്യതകളും തള്ളിക്കളയാനാവില്ല. എന്നാൽ തോമസ് പോകുന്നെങ്കിൽ പോകട്ടെ എന്ന നിലപാടിലാണ് ഗ്രൂപ്പ് നേതൃത്വം. ആറുതവണ ലോക്സഭയിലേക്കും രണ്ടുതവണ നിയമസഭയിലേക്കും മത്സരിക്കുകയും കേന്ദ്ര മന്ത്രിയും സംസ്ഥാന മന്ത്രിയുമെല്ലാം ആവുകയും ചെയ്തിട്ടുള്ള തോമസിന് ഇനി എന്താണ് കൊടുക്കേണ്ടതെന്നാണ് ഗ്രൂപ്പ് നേതാക്കൾ ചോദിക്കുന്നത്.

എന്നാൽ, ഇടതുപക്ഷത്തേക്ക് പോകുന്നതിന് കെ.വി. തോമസിന് മുന്നിൽ തടസങ്ങളൊന്നുമില്ല. സി.പി.എം. നേതൃത്വവുമായി നല്ല ബന്ധം അദ്ദേഹം ഉണ്ടാക്കിയിട്ടുണ്ട്. ഒരു വർഷം മുമ്പ് അദ്ദേഹം സിപിഎം അഖിലേന്ത്യ സെക്രട്ടറി സീതാറാം യെച്ചൂരിയെയും പിബി അംഗം എം.എ ബേബിയെയും വസതിയിലേക്ക് ക്ഷണിച്ച് ഒരു ദിവസം താമസിപ്പിക്കുകവരെ ചെയ്തിരുന്നു. ഡൽഹിയിൽ വലിയ ചർച്ചയായ ഈ സംഭവത്തിനുശേഷം തോമസിന്റെ നീക്കങ്ങൾ ഹൈക്കമാൻഡ് വിലയിരുത്തി വരുകയായിരുന്നു.

ഇടതുപക്ഷത്തേക്ക് പോകുമെന്ന തോമസിന്റെ വിലപേശൽ അംഗീകരിക്കേണ്ടെന്നാണ് ഹൈക്കമാൻഡ് നിലപാട്. നിയമസഭാ തിരഞ്ഞെടുപ്പിന്റെ പ്രചാരണസമിതി ചെയർമാൻ ആക്കാനുള്ള കെപിസിസി നേതൃത്വത്തിന്റെ നിർദേശവും ഹൈക്കമാൻഡ് മരവിപ്പിച്ചു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.