സംസ്ഥാന ഗവര്‍ണറാണ്, തെരുവ് ഗുണ്ടയല്ല; രൂക്ഷ വിമര്‍ശനവുമായി ദേശാഭിമാനി എഡിറ്റോറിയല്‍

സംസ്ഥാന ഗവര്‍ണറാണ്, തെരുവ് ഗുണ്ടയല്ല; രൂക്ഷ വിമര്‍ശനവുമായി ദേശാഭിമാനി എഡിറ്റോറിയല്‍

തിരുവനന്തപുരം: കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെതിരെ രൂക്ഷ വിമര്‍ശനവുമായി സിപിഎം മുഖപത്രമായ ദേശാഭിമാനി. 'സംസ്ഥാന ഗവര്‍ണറാണ്, തെരുവ് ഗുണ്ടയല്ല' എന്ന തലക്കെട്ടില്‍ ദേശാഭിമാനി ഗവര്‍ണര്‍ക്കെതിരെ എഡിറ്റോറിയല്‍ എഴുതി.

''സംസ്ഥാനത്തിന്റെ ഭരണത്തലവന്‍ തന്നെ സംസ്ഥാനത്തിനെതിരായി പ്രവര്‍ത്തിക്കുന്ന വിചിത്ര നടപടികളാണ് ആരിഫ് മുഹമ്മദ് ഖാന്‍ സ്വീകരിക്കുന്നത്. ഏത് ഉന്നതനായാലും രാജ്യത്ത് നിലവിലുള്ള നിയമങ്ങള്‍ അനുസരിക്കാന്‍ ബാധ്യസ്ഥനാണെന്ന കാര്യം വിസ്മരിച്ച് താനെന്തോ ദിവ്യനാണെന്ന മൂഢ ചിന്തയിലാണെന്ന് തോന്നുന്നു ഗവര്‍ണറെന്നും എഡിറ്റോറിയലില്‍ പറയുന്നു.

രാഷ്ട്രത്തലവനായ രാഷ്ട്രപതിയുടെ പ്രതിനിധിയായി നിയമിക്കുന്ന കേവല ഉദ്യോഗമാണ് ഗവര്‍ണര്‍ പദവി. സംസ്ഥാന മന്ത്രിസഭയുടെ ഉപദേശ നിര്‍ദേശങ്ങള്‍ക്ക് അനുസരിച്ച് പ്രവര്‍ത്തിക്കാനുള്ള അധികാരമാണ് ഗവര്‍ണര്‍ക്ക് ഭരണഘടന നല്‍കുന്നത്. സ്വന്തമായി തീരുമാനമെടുത്ത് സംസ്ഥാനം ഭരിക്കാനുള്ള അധികാരമൊന്നും ഗവര്‍ണര്‍ക്കില്ലെന്നും അതിനിവിടെ ജനങ്ങള്‍ തിരഞ്ഞെടുത്ത സര്‍ക്കാരുണ്ടെന്നും സൂചിപ്പിക്കുന്നു.

ഏത് ഭരണാധികാരിക്കെതിരെയും പ്രതിഷേധിക്കാനുള്ള അവകാശം ഇന്ത്യന്‍ ഭരണഘടന പൗരന്മാര്‍ക്ക് നല്‍കുന്നുണ്ട്. തങ്ങള്‍ക്ക് അഹിതമെന്ന് തോന്നുന്ന കാര്യങ്ങള്‍ ഭരണാധികാരികളില്‍ നിന്നുണ്ടായാല്‍ പൗരന്മാര്‍ പ്രതിഷേധിക്കും. കേരളത്തിലെ സര്‍വകലാശാലകളെ കാവിവല്‍ക്കരിക്കാനുള്ള ഏജന്റായി പ്രവര്‍ത്തിക്കുന്ന ചാന്‍സലറുടെ നടപടിക്കെതിരെയാണ് ഇവിടെ എസ്എഫ്ഐ പ്രതിഷേധിച്ചതെന്നാണ് പറയുന്നത്.

സമരം അധികൃതര്‍ക്ക് സുഖിക്കുന്ന രീതിയിലായിരിക്കണമെന്നില്ല. അതില്‍ നിയമവിരുദ്ധമായതുണ്ടെങ്കില്‍ പൊലീസ് കേസെടുത്ത് നടപടി സ്വീകരിക്കും. അത് പുതിയ കാര്യമൊന്നുമല്ല. നിരവധി പ്രതിഷേധ സമരങ്ങളും കേസുകളും കേരളം കണ്ടിട്ടുണ്ട്.

എന്നാല്‍, പ്രതിഷേധക്കാരെ നേരിടാന്‍ തെരുവ് ഗുണ്ടയെപ്പോലെ ഭരണാധികാരി റോഡിലിറങ്ങുന്നത് മുമ്പെങ്ങും കണ്ടിട്ടില്ല. ഇന്ത്യയില്‍ മറ്റേതെങ്കിലും സംസ്ഥാനത്ത് ഭരണാധികാരികള്‍ ഇങ്ങനെ പ്രവര്‍ത്തിച്ചതായി അറിവില്ല. സമരം നടത്താനും അതിനെ നേരിടാനും ചില ജനാധിപത്യ രീതികളും മര്യാദകളും ഉണ്ട്. സമരങ്ങളില്‍ നിയമ വിരുദ്ധമായത് പലതും ഉണ്ടാകും. അതിനെയെല്ലാം നിയമപരമായി നേരിടാന്‍ നമുക്ക് സംവിധാനമുണ്ട്. ഉത്തരവാദിത്വപ്പെട്ട സ്ഥാനങ്ങളിലിരിക്കുന്നവര്‍ ഇത്തരം സാഹചര്യങ്ങളില്‍ കാണിക്കേണ്ട ജനാധിപത്യ മര്യാദകളും കീഴ്വഴക്കങ്ങളും ഉണ്ട്.

പ്രതിഷേധങ്ങളെ മാന്യമായി നേരിടാനുള്ള വിവേകം ഗവര്‍ണറെപ്പോലെ ഉന്നത സ്ഥാനത്തിരിക്കുന്ന ആള്‍ക്കുണ്ടാകണം. ഇത്രയും അനുഭവ സമ്പത്തുണ്ടായിട്ടും ആരിഫ് മുഹമ്മദ് ഖാന് അത് ആര്‍ജിക്കാന്‍ കഴിഞ്ഞിട്ടില്ലെങ്കില്‍ അദേഹം ഈ സ്ഥാനത്തിരിക്കാന്‍ ഒട്ടും യോഗ്യനല്ലെന്ന് സ്വയം സാക്ഷ്യപ്പെടുത്തുകയാണെന്നും എഡിറ്റോറിയല്‍ വ്യക്തമാക്കുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.