ഇസ്താംബൂൾ: തുർക്കിയിൽ വിശുദ്ധ കുർബാനയ്ക്കിടെ കത്തോലിക്കാ ദൈവാലയത്തിനു ഉള്ളിൽ അതിക്രമിച്ചു കടന്ന തോക്കുധാരികൾ ഒരാളെ വെടിവച്ച് കൊലപ്പെടുത്തി. ഇസ്താംബൂൾ നഗരപ്രാന്തത്തിലെ യൂറോപ്യൻ ഭാഗത്തുള്ള സാരിയെർ എന്ന സ്ഥലത്തെ സെന്റ് മേരീസ് പള്ളിയിൽ പ്രാദേശിക സമയം ഇന്നലെ രാവിലെ 11.40 നായിരുന്നു സംഭവം.
മുഖം മൂടിധാരികളായ രണ്ടുപേരാണ് ആക്രമണം നടത്തിയതെന്ന് ആഭ്യന്തരമ ന്ത്രി അലി യെർലികായ പ്രസ്താവനയിൽ അറിയിച്ചു. ആക്രമണത്തിന് ഉത്തരവാദികളായ രണ്ടുപേരെ പിടികൂടിയതായി തുർക്കി ആഭ്യന്തര മന്ത്രി പിന്നീട് എക്‌സിൽ കുറിച്ചു. ആക്രമണത്തിൻ്റെ ഉത്തരവാദിത്തം ഇസ്ലാമിക് സ്റ്റേറ്റ് ഗ്രൂപ്പ് ഏറ്റെടുത്തിട്ടുണ്ട്.
മരിച്ചത് 52 വയസുള്ള തുർക്കി പൗരനാണെന്നും ആർക്കും പരിക്കില്ലെന്നും ആക്രമണത്തിൻ്റെ ഉദ്ദേശ്യം എന്താണെന്ന് വ്യക്തമല്ലെന്നും മാധ്യമ പ്രവർത്തകരോട് സംസാരിക്കവെ ഇസ്താംബൂൾ ഗവർണർ ദാവൂദ് ഗുൽ പറഞ്ഞു. പ്രസിഡന്റ് തയ്യിപ് എർദോഗൻ ദൈവാലയ വികാരിയെ ഫോണിൽ വിളിച്ച് സ്ഥിതിഗതികൾ വിലയിരുത്തി. സംഭവത്തിൽ ഫ്രാൻസിസ് മാർപാപ്പ ദുഖം രേഖപ്പെടുത്തി. കുർബാനയ്ക്കിടെ സായുധ ആക്രമണം നേരിട്ട ഇസ്താംബൂളിലെ സാന്താ മരിയ ഡ്രാപെരിസ് പള്ളിയിലെ സമൂഹത്തോടുള്ള സ്നേഹവും അടുപ്പവും പ്രകടിപ്പിക്കുന്നെന്ന് പാപ്പ പറഞ്ഞു.
ഈ നികൃഷ്ടമായ ആക്രമണത്തെ ഞങ്ങൾ ശക്തമായി അപലപിക്കുന്നെന്ന് ബിഷപ്പ് പാലിനുറോ പറഞ്ഞു. എന്തുകൊണ്ടാണ് ഈ ദുരന്തം സംഭവിച്ചതെന്ന് മനസിലാക്കാൻ കാത്തിരിക്കണം. ഇരകൾക്കും തുർക്കിയിലെ കത്തോലിക്കാ സഭയ്ക്കും വേണ്ടി പ്രാർത്ഥിക്കാനും ബിഷപ്പ് ജനങ്ങളോട് ആവശ്യപ്പെട്ടിട്ടു. ഞങ്ങൾ ഭാവിയെക്കുറിച്ച് ആശങ്കാകുലരാണ്, കാരണം ഇത് മതപരമായ അസഹിഷ്ണുതയുടെ അടയാളമാണെങ്കിൽ, നമ്മുടെ സമൂഹത്തിന് ഇത് ഒരു മോശം അടയാളമായേക്കാമെന്നും ബിഷപ്പ് പറഞ്ഞു.
യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്‌മെൻ്റിൻ്റെ 2022 ലെ റിപ്പോർട്ട് അനുസരിച്ച് ആഫ്രിക്കയിൽ നിന്നും ഫിലിപ്പീൻസിൽ നിന്നുമുള്ള കുടിയേറ്റക്കാർ ഉൾപ്പെടെ ഏകദേശം 25000 റോമൻ കത്തോലിക്കർ തുർക്കിയിൽ താമസിക്കുന്നുണ്ട്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.