വത്തിക്കാൻ സിറ്റി: പ്രലോഭനങ്ങൾ നേരിടേണ്ടി വരുമ്പോൾ, അല്ലെങ്കിൽ പിശാച് നമ്മെ തെറ്റായ ദിശയിലേക്ക് നയിക്കുന്നുവെന്ന് തോന്നുമ്പോൾ യേശുനാമം വിളിച്ചപേക്ഷിക്കാൻ ഓർമ്മപ്പെടുത്തി ഫ്രാൻസിസ് പാപ്പാ. നാം എപ്പോഴും കർത്താവിനോട് ചേർന്നു നിൽക്കുകയാണെങ്കിൽ, പിശാചിനെ ചെറുത്തുതോൽപ്പിക്കാൻ നമുക്ക് സാധിക്കുമെന്നും പാപ്പാ കൂട്ടിച്ചേർത്തു.
ഞായറാഴ്ച മധ്യാഹ്നപ്രാർത്ഥനയ്ക്കായി വത്തിക്കാനിലെ സെൻറ് പീറ്റേഴ്സ് സ്ക്വയറിൽ ഒരുമിച്ചുകൂടിയ വിശ്വാസികളെ അഭിസംബോധന ചെയ്ത് അവർക്ക് വചനസന്ദേശം നൽകുകയായിരുന്നു പാപ്പാ. മർക്കോസിന്റെ സുവിശേഷത്തിൽ ദുരാത്മാവ് ബാധിച്ച ഒരുവന്, യേശു മോചനം നൽകുന്ന സുവിശേഷഭാഗമാണ് (മർക്കോസ് 1: 21 -28) ഈയാഴ്ച മാർപാപ്പ വിചിന്തനത്തിന് വിധേയമാക്കിയത്. പിശാച് നമ്മെയും ബന്ധനത്തിലാക്കുവാൻ ആഗ്രഹിക്കുന്നുണ്ടെന്നും എന്നാൽ കർത്താവിനോട് ചേർന്നു നിൽക്കുകയാണെങ്കിൽ നമുക്ക് അവനെ ചെറുത്തുതോൽപ്പിക്കാൻ സാധിക്കുമെന്നും പരിശുദ്ധ പിതാവ് വിശ്വാസികളെ ഓർമ്മപ്പെടുത്തി.
നമ്മുടെ സ്വാതന്ത്ര്യത്തെ ഇല്ലായ്മ ചെയ്യുന്ന വിധത്തിൽ നമ്മെ വീർപ്പുമുട്ടിച്ച്, അവൻ്റെ ചങ്ങലകളാൽ നമ്മെ ബന്ധിച്ചിടാനാണ് പിശാച് ആഗ്രഹിക്കുന്നത്. അതിനാൽ നമ്മുടെ ആത്മാക്കളെയും ഹൃദയങ്ങളെയും ബന്ധിക്കുന്ന അവൻ്റെ ചങ്ങലകളെക്കുറിച്ച് എപ്പോഴും ജാഗരൂകരായിരിക്കണമെന്ന് മാർപാപ്പ പറഞ്ഞു. നമുക്ക് അഭിമുഖീകരിക്കേണ്ടി വരുന്ന വിവിധതരത്തിലുള്ള പൈശാചിക ചങ്ങലകളുണ്ടെന്ന് പരിശുദ്ധ പിതാവ് മുന്നറിയിപ്പ് നൽകി. അവ നമ്മുടെ സ്നേഹവും ഊർജ്ജവും ഭൗതികനന്മകളും നമ്മിൽനിന്ന് ചോർത്തിക്കളയുന്നു. അങ്ങനെ നാം എപ്പോഴും അസംതൃപ്തരും പിശാചിന്റെ അടിമകളുമായി മാറുന്നു.
യേശു നമ്മെ സ്വതന്ത്രരാക്കുന്നു
പൈശാചിക ചങ്ങലകളിൽ നിന്നും പിശാചിന്റെ നിരന്തരമായ ആക്രമണങ്ങളിൽ നിന്നും നമ്മെ മോചിപ്പിക്കാനാണ് യേശു വന്നത് - മാർപാപ്പ ഉറപ്പിച്ചുപറഞ്ഞു. തിന്മയുടെ ശക്തികളിൽ നിന്ന് യേശുവാണ് നമുക്ക് മോചനം നൽകുന്നത്. അതിനാൽ പിശാചുമായി ഒരിക്കലും സംഭാഷണത്തിൽ ഏർപ്പെടാതിരിക്കാൻ നമുക്ക് ശ്രദ്ധിക്കാം. 'എന്നാൽ പലപ്പോഴും മറിച്ചാണ് സംഭവിക്കുന്നത്.
പിശാചിൻ്റെ ചങ്ങലകളാൽ ബന്ധിതരാകാൻ പലപ്പോഴും നാം നമ്മെത്തന്നെ വിട്ടുകൊടുക്കുന്നു. സ്വയം രക്ഷപ്പെടാനാവാത്ത വിധത്തിൽ നമുക്കുതന്നെ നാശം വരുത്തി വയ്ക്കുകയും ചെയ്യുന്നു'- തെല്ലു വ്യസനത്തോടെ പാപ്പാ പറഞ്ഞു. എന്നാൽ പിശാചുമായി ഒരിക്കലും സംഭാഷണത്തിൽ ഏർപ്പെടുകയോ സന്ധി ചെയ്യുകയോ അരുതെന്നാണ് ക്രിസ്തു നമ്മെ പഠിപ്പിക്കുന്നതെന്ന് പാപ്പ അടിവരയിട്ട് പറഞ്ഞു.
'പ്രലോഭനങ്ങൾ നമ്മെ കീഴ്പ്പെടുത്തുന്നു എന്നു തോന്നുമ്പോൾ നാം എന്താണ് ചെയ്യേണ്ടത്?' - പരിശുദ്ധ പിതാവ് ചോദിച്ചു. 'യേശുവിനെ വിളിക്കുക' - പാപ്പാ തന്നെ ഉത്തരവും നൽകി. 'തിന്മയുടെ ചങ്ങലകൾ നമ്മെ വരിഞ്ഞു മുറുക്കുന്നതായി അനുഭവപ്പെടുന്ന അതേ അവസ്ഥകളിലേക്ക് യേശുവിനെ വിളിക്കുക' - പാപ്പാ തുടർന്നുപറഞ്ഞു.
പിശാചുമായി സംഭാഷണത്തിലേർപ്പെടരുത്
'പിശാചുമായി യാതൊരു സംഭാഷണത്തിലും ഏർപ്പെടരുത്. കാരണം, അങ്ങനെ ചെയ്താൽ അവനായിരിക്കും എപ്പോഴും വിജയിക്കുന്നത്' - പരിശുദ്ധ പിതാവ് മുന്നറിയിപ്പ് നൽകി. കർത്താവ് തന്റെ ആത്മാവിൻ്റെ ശക്തിയാൽ ദുഷ്ടാരൂപിയോട് ഇപ്രകാരം ഇന്നും ആവർത്തിക്കുന്നു: 'ദൂരെ പോകൂ. ആ ആത്മാവിനെ വെറുതെ വിടൂ. ലോകത്തെയും കുടുംബങ്ങളെയും സമൂഹത്തെയും ഭിന്നിപ്പിക്കരുത്. അവർ സമാധാനത്തിൽ ജീവിക്കട്ടെ. നിൻ്റേതല്ല, എന്റെ ആത്മാവിന്റെ ഫലങ്ങൾ സമൃദ്ധമാകട്ടെ.'
അക്രമത്തിന്റെയും വിദ്വേഷത്തിന്റെയും അട്ടഹാസങ്ങൾക്കു പകരം സ്വാതന്ത്ര്യവും സമാധാനവും കരുതലും എങ്ങും പുലരാനാണ് യേശു ആഗ്രഹിക്കുന്നത്. സ്നേഹവും സന്തോഷവും സൗമ്യതയും എന്നുമെല്ലായിടത്തും വാഴുവാൻ അവിടുന്ന് ആഗ്രഹിക്കുന്നു - പാപ്പ എടുത്തുപറഞ്ഞു.
സ്നേഹവും സന്തോഷവും എങ്ങും നിറയട്ടെ
നമ്മുടെ ജീവിതങ്ങൾ സ്നേഹത്താലും സന്തോഷത്താലും നിറയാനാണ് യേശു ആഗ്രഹിക്കുന്നതെന്നും എന്നാൽ ഇത് സാധ്യമാകണമെങ്കിൽ നിരന്തരമായ ജാഗ്രത ആവശ്യമുണ്ടെന്നും പാപ്പാ ഓർമ്മപ്പെടുത്തി. പ്രാർത്ഥനയിൽ വളരാനും പിശാചുമായി ഒരിക്കലും സംഭാഷണത്തിലേർപ്പെടാതിരിക്കാനും നാം കരുതലോടെയിരിക്കണം. എങ്കിൽ മാത്രമേ, നമ്മെ പുനരുദ്ധരിക്കാൻ യേശുവിന് സാധിക്കൂ - പരിശുദ്ധ പിതാവ് അഭിപ്രായപ്പെട്ടു.
ദുഷ്ടനിൽ നിന്നുള്ള സംരക്ഷണത്തിനായി പരിശുദ്ധ അമ്മയുടെ സഹായം അപേക്ഷിക്കുകയും ഏവർക്കും ഒരു നല്ല ദിനം ആശംസിക്കുകയും ചെയ്തുകൊണ്ട് പാപ്പ തൻ്റെ സന്ദേശം പൂർത്തിയാക്കി.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.