ന്യൂയോര്‍ക്ക്: പലസ്തീന്‍ അഭയാര്‍ഥികള്‍ക്ക് നിലവില്‍ സഹായം എത്തിച്ചുവരുന്ന ഐക്യരാഷ്ട്ര സഭയുടെ കീഴിലുള്ള യുണൈറ്റഡ് നേഷന്‍സ് റിലീഫ് ആന്‍ഡ് വര്‍ക്ക്‌സ് ഏജന്‍സിക്ക് (യു.എന്‍.ആര്‍.ഡബ്ല്യു.എ) സാമ്പത്തിക സഹായം നിര്‍ത്തിവച്ച രാജ്യങ്ങളോട് അവ പുനസ്ഥാപിക്കാന്‍ യുഎന്‍ മേധാവി അന്റോണിയോ ഗുട്ടെറസിന്റെ അഭ്യര്‍ഥന.
അമേരിക്ക, ബ്രിട്ടണ്‍, ഓസ്‌ട്രേലിയ, കാനഡ, ജര്‍മ്മനി, ഇറ്റലി, നെതര്‍ലന്‍ഡ്‌സ്, ഫിന്‍ലാന്‍ഡ് എന്നീ രാജ്യങ്ങളാണ് ധനസഹായം നിര്‍ത്തിവച്ചത്. ഒക്ടോബര്‍ ഏഴിന് ഇസ്രയേലിനെതിരേ നടന്ന ഹമാസ് ആക്രമണത്തില്‍ ചില യു.എന്‍.ആര്‍.ഡബ്ല്യു.എ ഉദ്യോഗസ്ഥര്‍ക്ക് പങ്കുണ്ടെന്ന് ഇസ്രയേല്‍ വ്യക്തമാക്കിയിരുന്നു. ഇതേ തുടര്‍ന്നാണ് അമേരിക്ക ഉള്‍പ്പെടെയുള്ള എട്ട് രാജ്യങ്ങള്‍ ഏജന്‍സിക്കുള്ള ഫണ്ട് നിര്‍ത്തി വച്ചത്.
ഏജന്‍സിയിലെ ജീവനക്കാര്‍ക്ക് ഒക്ടോബര്‍ ഏഴിന് ഇസ്രയേലില്‍ 1,300 പേരുടെ ജീവനെടുത്ത ഹമാസ് ഭീകരാക്രമണവുമായി ബന്ധമുണ്ടെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തു വന്നതിന് പിന്നാലെയാണ് പാശ്ചാത്യ രാജ്യങ്ങള്‍ രംഗത്ത് വന്നിരിക്കുന്നത്. വിവരത്തിന്റെ അടിസ്ഥാനത്തില്‍ ഒട്ടേറെ ജീവനക്കാരെ പുറത്താക്കിയെന്നും അന്വേഷണത്തിന് ഉത്തരവിട്ടെന്നും യു.എന്‍.ആര്‍.ഡബ്ല്യു.എ അറിയിച്ചു.
ആരോപണത്തില്‍ അന്വേഷണം നടത്തുമെന്നും ഏതെങ്കിലും ജീവനക്കാര്‍ക്കെതിരെ കുറ്റംതെളിഞ്ഞാല്‍ ക്രിമിനല്‍ നടപടി സ്വീകരിക്കുമെന്നും ഏജന്‍സി തലവന്‍ ഫിലിപ്പ് ലാസറിനി വ്യക്തമാക്കി.
യുദ്ധം അവസാനിച്ചാല്‍ ഏജന്‍സിയുടെ ഗാസയിലെ പ്രവര്‍ത്തനം നിര്‍ത്തുമെന്ന് ഇസ്രയേല്‍ വ്യക്തമാക്കി. 1949 ല്‍ സ്ഥാപിതമായ ഏജന്‍സി, ഗാസ, വെസ്റ്റ് ബാങ്ക്, ജോര്‍ദാന്‍, ലെബനന്‍, സിറിയ എന്നിവിടങ്ങളിലെ പാലസ്തീനികള്‍ക്കായി ആരോഗ്യ പരിരക്ഷയും വിദ്യാഭ്യാസവും മറ്റ് മാനുഷിക സഹായങ്ങളും നല്‍കി വരുന്നു. ഗാസയില്‍ യുദ്ധക്കെടുതികള്‍ നേരിടുന്ന സാധാരണക്കാരിലേക്ക് സഹായങ്ങള്‍ പ്രധാനമായും എത്തിക്കുന്നതും ഈ ഏജന്‍സി വഴിയാണ്.
ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന്റെ ഉപദേശകന്‍ മാര്‍ക്ക് രെഗെവ് ആണ്, യുഎന്‍ ഏജന്‍സിയുടെ ശമ്പളം പറ്റുന്നവര്‍ക്കും ഭീകരാക്രമണത്തില്‍ പങ്കുണ്ടെന്ന ആരോപണം ഉന്നയിച്ചത്. യു.എന്‍.ആര്‍.ഡബ്ല്യു.എ നടത്തുന്ന സ്‌കൂളിലെ അധ്യാപകര്‍ ഭീകരാക്രമണം പരസ്യമായി ആഘോഷിച്ചു. മോചിപ്പിക്കപ്പെട്ട ബന്ദികളിലൊരാളെ പാര്‍പ്പിച്ചിരുന്നത് യു.എന്‍.ആര്‍.ഡബ്ല്യു.എ ജീവനക്കാരന്റെ വീട്ടിലായിരുന്നുവെന്നും അദേഹം പറഞ്ഞു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.