സ്‌കൈ ഡൈവിനിടെ പാരച്ച്യൂട്ട് ചതിച്ചു ; 29 നില കെട്ടിടത്തിന്റെ മുകളില്‍ നിന്ന് ചാടിയ യുവാവിന് ദാരുണാന്ത്യം

സ്‌കൈ ഡൈവിനിടെ പാരച്ച്യൂട്ട് ചതിച്ചു ; 29 നില കെട്ടിടത്തിന്റെ മുകളില്‍ നിന്ന് ചാടിയ യുവാവിന് ദാരുണാന്ത്യം

പട്ടായ: തായ്‌ലന്‍ഡില്‍ ആകാശച്ചാട്ടത്തിനിടെ പാരഷൂട്ട് തകരാറായതിനെ തുടര്‍ന്ന് ബ്രിട്ടീഷ് സ്‌കൈ ഡൈവര്‍ക്ക് ദാരുണാന്ത്യം. ആകാശച്ചാട്ടങ്ങളിലൂടെ പ്രശസ്തനായ നാതി ഒഡിന്‍സന്‍ എന്ന മുപ്പത്തിമൂന്നുകാരനാണ് പട്ടായയിലെ 29 നിലക്കെട്ടിടത്തിന് മുകളില്‍ നിന്ന് തലയിടിച്ചുവീണ് മരിച്ചത്. ശനിയാഴ്ചയായിരുന്നു സംഭവം.

കേംബ്രിഡ്ജ് സ്വദേശിയായ നാതി അനധികൃതമായാണ് കെട്ടിടത്തിന്റെ 29ാം നിലയില്‍ നിന്നും ആകാശച്ചാട്ടം നടത്തിയത്. 

കടല്‍ത്തീര റിസോര്‍ട്ടിലെത്തിയ നാതിയും സുഹൃത്തും വാഹനം താഴെ പാര്‍ക്ക് ചെയ്തു. നാതി മുകളിലേക്ക് കയറിപ്പോവുകയും സുഹൃത്ത് വിഡിയോ പകര്‍ത്തുന്നതിനായി താഴെ തന്നെ നില്‍ക്കുകയും ചെയ്തു. കൗണ്ട് ഡൗണിന് പിന്നാലെ മുകളില്‍ നിന്നും നാതി ചാടിയെങ്കിലും പാരഷൂട്ട് തുറന്ന് പ്രവര്‍ത്തിച്ചില്ല. ഇതോടെ നിലതെറ്റിയ നാതി മരങ്ങള്‍ക്കിടയിലൂടെ താഴേക്ക് പതിക്കുകയായിരുന്നു.

ഒരാള്‍ മരങ്ങള്‍ക്കിടയിലൂടെ താഴെ വീണതായി അറിയിച്ച് പ്രദേശവാസികളാണ് പൊലീസിനെ വിളിച്ചത്. പൊലീസ് സ്ഥലത്തെത്തി നടത്തിയ പരിശോധനയില്‍ നാതിയെ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. വൈദ്യസംഘമെത്തി നടത്തിയ പരിശോധനയില്‍ യുവാവ് തല്‍ക്ഷണം മരിച്ചതായി സ്ഥിരീകരിച്ചു. സംഭവത്തില്‍ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

നാതി മുന്‍പ് പലവട്ടം ഇതേ കെട്ടിടത്തില്‍ നിന്ന് ആകാശച്ചാട്ടം നടത്തിയിട്ടുണ്ടെന്നും പലപ്പോഴും താഴെ കൂടി നടന്നുപോകുന്നവര്‍ക്ക് ബുദ്ധിമുട്ടായിട്ടുണ്ടെന്നും ഹോട്ടലിലെ സുരക്ഷാ ജീവനക്കാരന്‍ പറഞ്ഞതായി രാജ്യാന്തര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. നാതിക്കൊപ്പമുണ്ടായിരുന്ന സുഹൃത്തിനെ വിശദമായി ചോദ്യം ചെയ്യുകയാണെന്നും ഇയാള്‍ ചിത്രീകരിച്ച വിഡിയോ പരിശോധനയ്ക്കായി പിടിച്ചെടുത്തെന്നും പൊലീസ് അറിയിച്ചു. പാരച്യൂട്ടും പരിശോധനയ്ക്കായി കൊണ്ടുപോയി. താന്‍ നടത്തിയ ആകാശച്ചാട്ടങ്ങളുടെ വിഡിയോ മുന്‍പും നാതി സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ചിട്ടുണ്ട്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.