മാസങ്ങള്‍ ഏറെയായി കൊവിഡ് 19 എന്ന മഹാമാരിക്ക് എതിരായ പോരാട്ടത്തിലാണ് നമ്മുടെ രാജ്യം. പല മേഘലകളും നേരിടുന്ന പ്രതിസന്ധിയും ചെറുതല്ല. വ്യക്തി ശുചിത്വവും സാമൂഹിക അകലവും പാലിക്കുക എന്നതാണ് കൊവിഡിനെ ചെറുക്കാന്‍ ഏറ്റവും ഫലപ്രദമായ മാര്‍ഗങ്ങള്‍. അതുകൊണ്ടുതന്നെ പലരും വീടുകളില്‍ ഒതുങ്ങി.
എന്നാല്‍ വീട്ടിലിരിപ്പും ക്രീയാത്മകമാക്കിയവര്‍ ധാരാളമുണ്ട്. ചിത്രം വരച്ചും ബോട്ടില്‍ ആര്‍ട്ട് ചെയ്തും കൃഷി നടത്തിയുമൊക്കെ പലരും ശ്രദ്ധ നേടി. അടുത്തിടെ അല്‍പം വ്യത്യസ്തമായ ഒരു കണ്ടെത്തലിലൂടെ ശ്രദ്ധിക്കപ്പെട്ടിരുന്നു അമ്പിളി എന്ന മിടുക്കന്‍. കൊവിഡ് കാലത്ത് ആക്രി സാധനങ്ങള്‍ ഉപയോഗിച്ച് മോട്ടോര്‍ സൈക്കിള്‍ ഉണ്ടാക്കിയാണ് അമ്പിളി താരമായത്.
വൈക്കം ഇരുമ്പുഴിക്കര നാനാടം മാലിയേല്‍ സുനില്‍ കുമാറിന്റേയും സിനി മോളുടേയും മകനാണ് അമ്പിളി എന്ന സുമിത്ത്. വെച്ചൂര്‍ ദേവീവിലാസം സ്‌കൂളിലെ പ്ലസ് ടു കൊമേഴ്‌സ് വിദ്യാര്‍ത്ഥി. കൊവിഡ് കാലത്ത് അവധി ദിവസങ്ങള്‍ കൂടുതല്‍ ലഭിച്ചപ്പോള്‍ അത് വളരെ ക്രിയാത്കാക്കി ഫലപ്രദമായി വിനിയോഗിച്ചു അമ്പിളി. ഒരു മാസത്തോളം സമയമെടുത്താണ് ഈ മോട്ടോര്‍ സൈക്കിള്‍ അമ്പിളി തയാറാക്കി എടുത്തത്.
ഓട്ടോ റിക്ഷാ തൊഴിലാളിയായ സുനില്‍കുമാര്‍ പലയിടങ്ങളില്‍ നിന്നും പാഴ്-വസ്തുക്കളും ആക്രി സാധനങ്ങളുമൊക്കെ ചെറിയ പൈസയ്ക്ക് വാങ്ങി. അതുപയോഗിച്ചാണ് സൈക്കിള്‍ മോട്ടോര്‍ സൈക്കിളായി അമ്പിളി മാറ്റിയത്. ഏഴായിരം രൂപയിലും കുറവാണ് ഈ മോട്ടോര്‍ സൈക്കിളിന്റെ ചെലവ്. സഹോദരന്‍ സുജിത്തും സുഹൃത്ത് അര്‍ജുനും സഹായവുമായി അമ്പിളിക്ക് ഒപ്പം നിന്നിരുന്നു.
മുപ്പത് കിലോഗ്രാമാണ് അമ്പിളി തയാറാക്കിയ മോട്ടോര്‍ സൈക്കിളിന്റെ ഭാരം. നാല്‍പ്പത് കിലോമീറ്റര്‍ മൈലേജുമുണ്ട്. ഒരു മെക്കാനിക്കല്‍ എഞ്ചിനിയര്‍ ആവുക എന്നതാണ് ഈ മിടുക്കന്റെ സ്വപ്നം. ജീവിതപ്രാര്പതങ്ങളിലും തളരാതെ സ്വപ്‌നങ്ങളെ ചേര്‍ത്തുപിടിച്ച് ഓരോ സമയവും ഫലപ്രദമായി വിനിയോഗിക്കുകയാണ് ഈ മിടുക്കന്‍. കൂടുതല്‍ സമയവും മൊബൈല്‍ ഫോണിലും ഇന്റര്‍നെറ്റ് ഗെയിമിങ്ങിലുംമെല്ലാം മുഴുകി അലസതയിലേക്കും തിന്മയിലേക്കും നടന്നു നീങ്ങുന്ന പുതുതലമുറയ്ക്ക് മാതൃകയാക്കാം അമ്പിളി എന്ന മിടുക്കനെ.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.