അമേരിക്കയുടെ സൈനിക വ്യൂഹത്തിന് നേരെയുണ്ടായ ഡ്രോണ്‍ ആക്രമണത്തിന് ഉചിതമായ രീതിയില്‍ പകരംവീട്ടുക തന്നെ ചെയ്യുമെന്ന് ബൈഡന്‍

അമേരിക്കയുടെ സൈനിക വ്യൂഹത്തിന് നേരെയുണ്ടായ ഡ്രോണ്‍ ആക്രമണത്തിന് ഉചിതമായ രീതിയില്‍ പകരംവീട്ടുക തന്നെ ചെയ്യുമെന്ന് ബൈഡന്‍

വാഷിംഗ്ടണ്‍ ഡിസി: മൂന്ന് സൈനികരുടെ മരണത്തിന് ഇടയാക്കിയ ഡ്രോണ്‍ ആക്രമണത്തിന് ഉചിതമായ രീതിയില്‍ പകരംവീട്ടുമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍. ആക്രമണത്തിന് ഉത്തരവാദികളായവര്‍ക്ക് തങ്ങളുടെതായ ശൈലിയില്‍ ഉചിതമായ മറുപടി നല്‍കുമെന്ന ബൈഡന്റെ വാക്കുകള്‍ മിഡില്‍ ഈസ്റ്റില്‍ യുദ്ധകാഹളം മുഴക്കുകയാണെന്നാണ് സൂചന.

കഴിഞ്ഞ ദിവസം ജോര്‍ഡാന് സമീപത്തുവെച്ചാണ് അമേരിക്കന്‍ സൈനികരുടെ വാഹന വ്യൂഹത്തിന് നേരെ ഡ്രോണ്‍ ആക്രമണം ഉണ്ടായത്. ഈ ആക്രമണത്തില്‍ മൂന്ന് സൈനികര്‍ മരിക്കുകയും മുപ്പത്തിനാല് സൈനികര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. എട്ടു പേരുടെ നില ഗുരുതരമാണെന്നാണ് സൂചന.

ഒക്ടോബര്‍ ഏഴിന് ഗാസയിലെ യുദ്ധം തുടങ്ങിയതിന് ശേഷം ആദ്യമായാണ് അമേരിക്കയുടെ സൈനികര്‍ക്ക് മരണം സംഭവിക്കുന്നത്. ഒരു തീവ്രവാദ ഗ്രൂപ്പും ഇതുവരെ ആക്രമണത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് രംഗത്തുവന്നിട്ടില്ല. എന്നാല്‍ ഇറാന്റെ പിന്തുണയോടെ സിറിയയില്‍ നിന്നാണ് ആക്രമണം നടന്നതെന്നാണ് അമേരിക്ക വിശ്വസിക്കുന്നത്.

ഡ്രോണ്‍ വന്നത് സിറിയയില്‍ നിന്നാണെന്നും സിറിയയിലും ഇറാഖിലും പ്രവര്‍ത്തിക്കുന്ന ഇറാന്റെ ഭീകര സംഘടനയുടെ ആളുകളാണ് ആക്രമണത്തിന് പിന്നിലെന്നും അമേരിക്ക ആരോപിച്ചു. അതേ സമയം, ആരോപണങ്ങള്‍ അടിസ്ഥാന രഹിതമാണെന്ന് പറഞ്ഞ ഇറാന്‍ യുഎന്‍ നിര്‍ദേശങ്ങള്‍ക്ക് വിരുദ്ധമായി തങ്ങള്‍ പ്രവര്‍ത്തിക്കില്ലെന്നും ചൂണ്ടിക്കാട്ടി.

ഇറാനെതിരെ ശക്തമായ നടപടികള്‍ കൈക്കൊള്ളുന്നില്ലെന്ന് ചൂണ്ടിക്കാട്ടി ബൈഡനെതിരെ റിപ്പബ്ലിക്കന്‍ പാര്‍ട്ടിയും രംഗത്തെത്തി. അതേ സമയം, അമേരിക്കന്‍ വ്യോമസേനയ്ക്ക് ഡ്രോണിനെ നശിപ്പിക്കാന്‍ സാധിക്കാതെ പോയത് എന്തു കാരണം കൊണ്ടാണെന്ന് അന്വേഷിക്കുകയാണ് അമേരിക്ക ഇപ്പോള്‍.

ഇതുവരെ 25000ല്‍ അധികം ആളുകള്‍ക്ക് ഗാസ യുദ്ധത്തില്‍ ജീവന്‍ നഷ്ടപ്പെട്ടിട്ടുണ്ടെന്നാണ് ഹമാസിന്റെ നേതൃത്വത്തിലുള്ള പാലസ്തീന്‍ സര്‍ക്കാര്‍ നല്‍കുന്ന വിവരം.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.