അമേരിക്കന്‍ സൈനിക താവള ആക്രമണം: തിരിച്ചടിക്കാന്‍ സജ്ജമായി പെന്റഗണ്‍; പ്രസിഡന്റിന്റെ അനുമതി ലഭിച്ചാലുടന്‍ നടപടി

അമേരിക്കന്‍ സൈനിക താവള ആക്രമണം: തിരിച്ചടിക്കാന്‍ സജ്ജമായി പെന്റഗണ്‍; പ്രസിഡന്റിന്റെ അനുമതി ലഭിച്ചാലുടന്‍ നടപടി

വാഷിങ്ടണ്‍: ജോര്‍ദാനില്‍ സിറിയന്‍ അതിര്‍ത്തിക്ക് സമീപം കഴിഞ്ഞ ദിവസം നടന്ന ഡ്രോണ്‍ ആക്രമണത്തിന് തിരിച്ചടി നല്‍കാന്‍ സൈന്യം ഒരുങ്ങിയിരിക്കുകയാണെന്ന് പെന്റഗണ്‍. പ്രസിഡന്റ് ജോ വൈഡന്റെ അനുമതി ലഭിച്ചാല്‍ ഉടന്‍ ആക്രമണം നടത്തും.

ഇസ്രയേല്‍-ഹമാസ് ബന്ദി മോചനവുമായി ബന്ധപ്പെട്ട ചര്‍ച്ചയെ ആക്രമണം ബാധിക്കില്ലെന്ന് വൈറ്റ് ഹൗസ് വക്താവ് ജോണ്‍ കിര്‍ബി അറിയിച്ചു. ഡ്രോണ്‍ ആക്രമണത്തില്‍ മൂന്ന് അമേരിക്കന്‍ സൈനികര്‍ കൊല്ലപ്പെടുകയും 35 സൈനികര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.

ആരാണ് ആക്രമണത്തിന് പിന്നില്‍ എന്ന കാര്യത്തില്‍ കൂടുതല്‍ തെളിവുകള്‍ ശേഖരിച്ചു വരികയാണെന്നും പെന്റഗണ്‍ അറിയിച്ചു. ഇറാന്‍ പിന്തുണയുള്ള സൈനിക വിഭാഗമാണ് ആക്രമണത്തിന് പിന്നിലെന്ന നിലപാടില്‍ ഉറച്ചു നില്‍ക്കുകയാണ് അമേരിക്ക.

എന്നാല്‍ ആരോപണം തള്ളി ഇറാന്‍ രംഗത്തെത്തി. അമേരിക്കയെ യുദ്ധത്തിലേക്കിറക്കാനുള്ള ഇസ്രയേലിന്റെ ആസൂത്രിത നീക്കം കാണാതെ പോകരുതെന്ന് ഇറാന്‍ വിദേശകാര്യ മന്ത്രാലയം പ്രതികരിച്ചു.

ഗാസയിലെ ബന്ദി മോചനവുമായി ബന്ധപ്പെട്ട് പാരീസില്‍ നടന്ന ചര്‍ച്ചയില്‍ പുരോഗതിയുണ്ട്. വെടിനിര്‍ത്തലിന് പകരമായി ബന്ദികളുടെ മോചനവും പാലസ്തീന്‍ തടവുകാരുടെ കൈമാറ്റവും ഉറപ്പാക്കുന്ന ചര്‍ച്ച വിജയം കാണുമെന്ന് ഖത്തര്‍ പ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിന്‍ അബ്ദുള്‍ റഹ്മാന്‍ ബിന്‍ ജാസിം ആല്‍ഥാനി പ്രത്യാശ പ്രകടിപ്പിച്ചു.

അതേസമയം ഹമാസ് എന്ത് തീരുമാനം കൈക്കൊള്ളുമെന്ന് പ്രവചിക്കാനില്ലെന്നും മധ്യസ്ഥ രാജ്യത്തിന്റെ റോള്‍ മാത്രമാണ് തങ്ങള്‍ക്കുള്ളതെന്നും അദേഹം വ്യക്തമാക്കി.

അതിനിടെ ഗാസയില്‍ പോരാട്ടം കൂടുതല്‍ രൂക്ഷമായി. ഖാന്‍ യൂനുസില്‍ നടത്തിയ ആക്രമണങ്ങളിലൂടെ രണ്ടായിരം ഹമാസ് പോരാളികളെ കൊലപ്പെടുത്തിയെന്ന് ഇസ്രയേല്‍ സൈനിക വക്താവ് പറഞ്ഞു. ഗാസയില്‍ നിന്ന് ടെല്‍ അവീവിന് നേര്‍ക്ക് ഇന്നലെ 15 റോക്കറ്റുകളയച്ചതായി ഹമാസിന്റെ അല്‍ ഖസം ബ്രിഗേഡ് അവകാശപ്പെട്ടു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.