പി.സി ജോര്‍ജ് ബിജെപിയിലേക്ക്; കേന്ദ്ര നേതൃത്വവുമായി ഇന്ന് ഡല്‍ഹിയില്‍ ചര്‍ച്ച

പി.സി ജോര്‍ജ് ബിജെപിയിലേക്ക്; കേന്ദ്ര നേതൃത്വവുമായി ഇന്ന് ഡല്‍ഹിയില്‍ ചര്‍ച്ച

കോട്ടയം: പൂഞ്ഞാര്‍ മുന്‍ എംഎല്‍എയും ജനപക്ഷം സെക്കുലര്‍ നേതാവുമായ പി.സി ജോര്‍ജ്് ബിജെപിയിലേക്ക്. ബിജെപി കേന്ദ്ര നേതൃത്വവുമായി ഇന്ന് ഡല്‍ഹിയില്‍ ചര്‍ച്ച നടത്തും.

ബിജെപിയില്‍ ചേരണമെന്നത് പാര്‍ട്ടിയിലെ പൊതു വികാരമാണെന്ന് പിസി ജോര്‍ജ് പറഞ്ഞു. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നത് സംബന്ധിച്ചും ചര്‍ച്ച നടക്കും. പത്തനംതിട്ട ലോക്സഭാ സീറ്റില്‍ മത്സരിക്കാനാണ് പി.സി ലക്ഷ്യമിടുന്നത്.

കഴിഞ്ഞ കുറച്ചുനാളുകളായി എന്‍ഡിഎ അനുകൂല നിലപാടുകളായിരുന്നു പി.സി ജോര്‍ജും ജനപക്ഷം പാര്‍ട്ടിയും സ്വീകരിച്ച് വന്നിരുന്നത്. ഘടക കക്ഷിയാവുകയല്ല, മെമ്പര്‍ഷിപ്പെടുത്ത് ബിജെപിയുടെ ഭാഗമാകാനുള്ള തീരുമാനമാണ് എടുത്തിട്ടുള്ളതെന്നാണ് അറിയുന്നത്.

ബിജെപിയില്‍ ചേരുന്ന തീരുമാനം ശരിയോ എന്ന് പരിശോധിക്കുന്നതിനായി അഞ്ചംഗ കമ്മിറ്റിയെ നിയോഗിച്ചിരുന്നു. അവരുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് തീരുമാനം.1980, 1982, 1996, 2016 വര്‍ഷങ്ങളില്‍ പൂഞ്ഞാര്‍ മണ്ഡലത്തില്‍ നിന്നുള്ള നിയമസഭാംഗമായിരുന്നു പി.സി ജോര്‍ജ്. കേരളാ കോണ്‍ഗ്രസിന്റെ വിവിധ പാര്‍ട്ടികളില്‍ അംഗമാവുകയും ലയിക്കുകയും ചെയ്തിട്ടുണ്ട്.

കേരളാ കോണ്‍ഗ്രസ് (ജെ), കേരളാ കോണ്‍ഗ്രസ് (എം) തുടങ്ങിയ പാര്‍ട്ടികളില്‍ പ്രവര്‍ത്തിച്ച ജോര്‍ജ്, കേരള കോണ്‍ഗ്രസ് സെക്യുലര്‍ എന്ന പേരില്‍ സ്വന്തം പാര്‍ട്ടിയും രൂപവല്‍കരിച്ചിരുന്നു.

തുടര്‍ന്ന് കേരള കോണ്‍ഗ്രസ് എമ്മില്‍, കേരള കോണ്‍ഗ്രസ് സെക്യുലര്‍ ലയിച്ചു. 2017 ല്‍ വീണ്ടും സ്വന്തമായി ജനപക്ഷം എന്ന പാര്‍ട്ടി രൂപീകരിച്ചു. 2021 ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ സ്ഥിരം തട്ടകമായ പൂഞ്ഞാറില്‍ മത്സരിച്ചെങ്കിലും പരാജയപ്പെട്ടു.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.