അര്‍ജന്റീന പ്രസിഡന്റ് ജാവിയര്‍ മിലെയും ഫ്രാന്‍സിസ് പാപ്പയും ഫെബ്രുവരി 12-ന് വത്തിക്കാനില്‍ കൂടിക്കാഴ്ച്ച നടത്തും

അര്‍ജന്റീന പ്രസിഡന്റ് ജാവിയര്‍ മിലെയും ഫ്രാന്‍സിസ് പാപ്പയും ഫെബ്രുവരി 12-ന് വത്തിക്കാനില്‍ കൂടിക്കാഴ്ച്ച നടത്തും

വത്തിക്കാന്‍ സിറ്റി: അര്‍ജന്റീന പ്രസിഡന്റ് ജാവിയര്‍ മിലെയും ഫ്രാന്‍സിസ് പാപ്പയും ഫെബ്രുവരി 12-ന് വത്തിക്കാനില്‍ കൂടിക്കാഴ്ച്ച നടത്തും. അര്‍ജന്റീനയിലെ ആദ്യത്തെ വനിതാ വിശുദ്ധയായി പ്രഖ്യാപിക്കാനൊരുങ്ങുന്ന, മമ്മാ ആന്റുല എന്നറിയപ്പെടുന്ന വാഴ്ത്തപ്പെട്ട മരിയ അന്റോണിയയുടെ നാമകരണ ചടങ്ങുകളില്‍ പങ്കെടുക്കാനാണ് ജാവിയര്‍ മിലെ വത്തിക്കാനില്‍ എത്തുന്നത്. ജാവിയര്‍ മിലെയുമായി താന്‍ കൂടിക്കാഴ്ച നടത്തുമെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ തന്നെയാണ് സ്ഥിരീകരിച്ചത്. ഇതു സംബന്ധിച്ച സ്ഥിരീകരണം വത്തിക്കാനും പുറപ്പെടുവിച്ചു. ഫെബ്രുവരി 11-നാണ് നാമകരണ ചടങ്ങുകള്‍ നടക്കുക.

ഈ ദിവസത്തില്‍, തന്റെ മാതൃരാജ്യത്തിന്റെ പ്രസിഡന്റുമായി ഒരു സംഭാഷണം ആരംഭിക്കാന്‍ താന്‍ ആഗ്രഹിക്കുന്നതായി പരിശുദ്ധ പിതാവ് വെളിപ്പെടുത്തി. പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെടുന്നതിനുമുമ്പ് ജാവിയര്‍ മിലെ തനിക്കെതിരെ നടത്തിയ ചില അധിക്ഷേപകരമായ പരാമര്‍ശങ്ങളില്‍ താന്‍ അസ്വസ്ഥനല്ലെന്നും പാപ്പാ വ്യക്തമാക്കി.

തിരഞ്ഞെടുപ്പ് പ്രചാരണ വേളയില്‍, മാര്‍പാപ്പയ്ക്കെതിരെ അധിക്ഷേപകരമായ പരാമര്‍ശങ്ങള്‍ മിലെ ഉന്നയിച്ചിരുന്നു. പിന്നീട് അദ്ദേഹം ക്ഷമാപണം നടത്തിയിരുന്നു. അതിനാല്‍ ഇരുവരുടെയും കൂടിക്കാഴ്ച്ച ഏറെ ആകാംക്ഷയോടെയാണ് വിശ്വാസികളും അന്താരാഷ്ട്ര മാധ്യമങ്ങളും ഉറ്റുനോക്കുന്നത്.

തിരഞ്ഞെടുപ്പ് പ്രചാരണ വേളയില്‍ അങ്ങനെയുള്ള വാക്കുകള്‍ വരികയും അതുപോലെ പോകുകയും ചെയ്യും - മാര്‍പ്പാപ്പ ചൂണ്ടിക്കാട്ടി.

'ബ്യൂണസ് അയേഴ്‌സിലെ ഹൗസ് ഓഫ് സ്പിരിച്വല്‍ എക്‌സര്‍സൈസിന്റെ സ്ഥാപകയായ 'മാമാ ആന്റുല'യെ ഫെബ്രുവരി 11-ന് വിശുദ്ധയായി പ്രഖ്യാപിക്കും. തദവസരത്തില്‍ അര്‍ജന്റീനിയന്‍ പ്രസിഡന്റുമായി കൂടിക്കാഴ്ച നടത്തും' - മിലെയുടെ വത്തിക്കാന്‍ സന്ദര്‍ശനത്തെക്കുറിച്ചു പാപ്പാ പറഞ്ഞു.

അദ്ദേഹം ഒരു കൂടിക്കാഴ്ച്ച ആവശ്യപ്പെട്ടതായി ഞാന്‍ മനസിലാക്കുന്നു: ഞാനതു സ്വീകരിച്ചു, അദ്ദേഹവുമായി ഒരു സംഭാഷണം ആരംഭിക്കാനും സംസാരിക്കാനും കേള്‍ക്കാനും ഞാന്‍ തയ്യാറാണ് - പാപ്പ വ്യക്തമാക്കി.

പ്രസിഡന്റും പരിശുദ്ധ പിതാവും തമ്മിലുള്ള സ്വകാര്യകൂടിക്കാഴ്ച റോമില്‍ സ്ഥിരീകരിച്ചതായി അര്‍ജന്റീനിയന്‍ വാര്‍ത്താ പോര്‍ട്ടല്‍ ഇന്‍ഫോബേ റിപ്പോര്‍ട്ട് ചെയ്തു. ഫെബ്രുവരി 12-നായിരിക്കും ഈ സ്വകാര്യകൂടിക്കാഴ്ച നടക്കുക.

ഏതാനും ആഴ്ചകള്‍ക്ക് മുമ്പ്, അര്‍ജന്റീന സന്ദര്‍ശിക്കാന്‍ ക്ഷണിച്ചുകൊണ്ട് ഫ്രാന്‍സിസ് മാര്‍പാപ്പയ്ക്ക് എഴുതിയ കത്ത് മിലെ പരസ്യമാക്കിയിരുന്നു. പരിശുദ്ധ പിതാവിന്റെ സാന്നിധ്യവും സന്ദേശവും നാം ദീര്‍ഘകാലമായി ആഗ്രഹിക്കുന്ന ഐക്യത്തിന് സംഭാവന നല്‍കുമെന്നാണ് പാപ്പയെ ക്ഷണിച്ചതിനെക്കുറിച്ച് ജാവിയര്‍ മിലെ വിശദീകരിച്ചത്.

മാതൃരാജ്യത്തേക്കുള്ള യാത്ര പരിഗണനയിലുണ്ടെന്നും എന്നാല്‍ അതിന്റെ സംഘാടനം ആരംഭിച്ചിട്ടില്ലെന്നും മാര്‍പാപ്പ പറഞ്ഞു.

മാര്‍പാപ്പയുമായുള്ള സ്വകാര്യ കൂടിക്കാഴ്ചയ്ക്ക് ശേഷം, മിലെ ഇറ്റാലിയന്‍ പ്രസിഡന്റ് സെര്‍ജിയോ മാറ്ററെല്ലയുമായി ഉച്ചഭക്ഷണം കഴിക്കാന്‍ പദ്ധതിയിടുന്നതായി ഇന്‍ഫോബേ റിപ്പോര്‍ട്ട് ചെയ്തു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.